Categories: New Release

പ്രണയ ദിനത്തില്‍ ആദ്യ ലിറിക്കല്‍ വീഡിയോയുമായി സാല്‍മണ്‍ ത്രി ഡി

Published by

സസ്‌പെന്‍സ് ത്രില്ലര്‍ സാല്‍മണ്‍ ത്രി ഡിയുടെ ആദ്യ ലിറിക്കല്‍ വീഡിയോ പ്രണയ ദിനത്തില്‍ പുറത്തിറങ്ങും. ഫെബ്രുവരി 14ന് പ്രണയ ദിനത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് ടി സീരിസ് ലഹരിയുടെ വെബ്സൈറ്റ് വഴിയാണ് ചിത്രത്തിന്റെ വീഡിയോ പുറത്തുവിടുന്നത്.  

പ്രണയത്തിന്റെ കുളിരനുഭവം നല്‍കുന്ന ദൃശ്യങ്ങളും വരികളും സംഗീതവുമായി എത്തുന്ന ഗാനത്തില്‍ വിജയ് യേശുദാസും ജോനിറ്റയുമാണ് വേഷമിടുന്നത്. നവീന്‍ കണ്ണന്റെ രചനയില്‍ ശ്രീജിത്ത് എടവന സംഗീതം നല്‍കിയ ഗാനത്തിന് അയ്യപ്പദാസാണ് കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്.  

ലണ്ടനില്‍ റെക്കോര്‍ഡ് ചെയ്ത ഗാനത്തിന് കൊച്ചിയില്‍ മിക്സിങ് നിര്‍വഹിച്ച് കാനഡയിലാണ് മാസ്റ്ററിങ് ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. രാഹുലും സെല്‍വനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് സാല്‍മണ്‍.

എംജെഎസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് (യുഎസ്എ), ജോസ്ഡി പെക്കാട്ടില്‍, ജോയ്സ്ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സാല്‍മണ്‍ ത്രി ഡി ഏഴു ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും. ചിത്രത്തിന് 15 കോടി രൂപയാണ് ബജറ്റ്.

ജനിച്ചു വീഴുമ്പോള്‍ തന്നെ അനാഥരാകുകയും പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് കടല്‍ മാര്‍ഗ്ഗം ഭൂഖണ്ഡങ്ങള്‍ മാറിമാറി സഞ്ചരിക്കുകയും ചെയ്യുന്ന അപൂര്‍വ്വ സവിശേഷതകളുള്ള സാല്‍മണ്‍ മത്സ്യത്തിന്റെ പേരാണ് സിനിമയ്‌ക്ക് നല്കിയിരിക്കുന്നത്. ഇതേ രീതിയില്‍ പ്രതികൂല അന്തരീക്ഷം തരണം ചെയ്യുന്നതും ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലുള്ള സംഭവ ഗതികളുമാണ് ചിത്രത്തിന്റെ പ്രമേയം.  

കുടുംബത്തോടൊപ്പം ദുബായില്‍ ജീവിക്കുന്ന സര്‍ഫറോഷിന്റ ഭാര്യയും മകളും അവധിക്ക് നാട്ടില്‍ പോയപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കിയ സര്‍പ്രൈസിലൂടെയാണ് സിനിമ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ദുര്‍മരണവും അതുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലെ നിര്‍ണായക രഹസ്യം ലോകത്തോടു തുറന്നുപറയാന്‍ ആഗ്രഹിക്കുന്ന ആത്മാവിന്റെ സാന്നിധ്യവുമായി സസ്്‌പെന്‍സ് ത്രില്ലറായാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്.  

തമിഴിന് പുറമേ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. വിജയ് യേശുദാസാണ് സര്‍ഫറോഷിനെ അവതരിപ്പിക്കുന്നത്. വിവിധ ഇന്ത്യന്‍ ഭാഷാ അഭിനേതാക്കളായ ചരിത് ബലാപ്പ, രാജീവ് പിള്ള, ഷിയാസ് കരീം, ജാബിര്‍ മുഹമ്മദ്, സജിമോന്‍ പാറയില്‍, ഇബ്രാഹിംകുട്ടി, സമീര്‍, ധ്രുവന്ത്, ബഷീര്‍ ബഷി, പട്ടാളം സണ്ണി, നവീന്‍ ഇല്ലത്ത്, സി കെ റഷീദ്, ജെര്‍മി ജേക്കബ്, വിനു അബ്രഹാം, സുമേഷ് മുഖത്തല, അലിം സിയാന്‍, സിനാജ്, റസാക്്, ഫ്രാന്‍സിസ്, മീനാക്ഷി ജയ്സ്വാള്‍, ജോനിത ഡോഡ, പ്രേമി വിശ്വനാഥ്, തന്‍വി കിഷോര്‍, ആഞ്ജോ നയാര്‍, ഷിനി അമ്പലത്തൊടി, ബിസ്മി നവാസ്, നസ്റീന്‍ നസീര്‍, ദര്‍ശിനി, സംഗീത വിപുല്‍, ജ്യോതി ചന്ദ്രന്‍, സീതു, അഫ്റീന്‍ സൈറ, ബേബി ദേവാനന്ദ, ബേബി ഹെന തുടങ്ങിയവരോടൊപ്പം സംവിധായകന്‍ ഷലീല്‍ കല്ലൂരും അഭിനയിക്കുന്നു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by