ശാസ്താംകോട്ട: തൊഴിലുറപ്പ് തൊഴിലാളികളായ ആശാ വര്‍ക്കര്‍മാരെ തൊഴിലുറപ്പില്‍നിന്നും നീക്കം ചെയ്തുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. വര്‍ഷത്തില്‍ നൂറ് ദിവസം മാത്രമാണ് തൊഴിലുറപ്പ് ജോലി. ആശാ വര്‍ക്കറുടെ ജോലി കൂടി ചെയ്തു നേടുന്ന ചെറിയ വരുമാനം ഈ ഉത്തരവിലൂടെ ഇല്ലാതായതോടെ കോവിഡ് കാലത്തെ വറുതിയില്‍ നട്ടം തിരിയുകയാണ് ജില്ലയിലെ നൂറുകണക്കിന് വീട്ടമ്മമാര്‍.
സംസ്ഥാന ആരോഗ്യ മിഷന് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ജോയിന്റ് ഡവലപ്പ്മെന്റ് കമ്മീഷണറാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ വഴി നിര്‍ദ്ദേശം കൈമാറിയത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നില്ക്കുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും തുടര്‍ന്ന് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടാല്‍ മറ്റ് തൊഴിലാളികളിലേക്കും രോഗം പടരുമെന്ന ആരോഗ്യ വകുപ്പിന്റെ വിലയിരുത്തലാണത്രേ പുതിയ സര്‍ക്കുലറിന് ആധാരം.
ആശാ വര്‍ക്കര്‍മാര്‍ക്ക് അയ്യായിരം രൂപ ഓണറേറിയവും ആയിരം രൂപ കോവിഡ് ഇന്‍സന്റീവും ചേര്‍ത്ത് ആറായിരം രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്. ഈ തുക ഒരു കുടുംബം കഴിയാന്‍ പര്യാപ്തമല്ലാത്തതിനാലാണ് തങ്ങള്‍ തൊഴിലുറപ്പിന് കൂടി പോകുന്നതെന്ന് ആശാ വര്‍ക്കര്‍മാര്‍ പറയുന്നു.
ജില്ലയില്‍ 2456 ആശാവര്‍ക്കര്‍മാരുണ്ട്. ഇതില്‍ രണ്ടായിരം പേരും തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു. പുതിയ സര്‍ക്കുലര്‍ പ്രകാരം ഇവരെല്ലാം തൊഴിലുറപ്പില്‍നിന്നും പുറത്താകുകയാണ്. ആശാ വര്‍ക്കര്‍മാര്‍ക്ക് കുട്ടികളെ പ്രതിരോധ കുത്തിവെയ്പ്പെടുക്കാനും ഗര്‍ഭസ്ഥരായ യുവതികളെ പരിപാലനത്തിനായും ആരോഗ്യ കേന്ദത്തിലെത്തിച്ചാല് പ്രത്യേക ആനുകൂല്യമുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: