കണ്ണൂര്‍: ആര്‍സിയും മറ്റ് അനുബന്ധരേഖകളും പ്രിന്റ് ചെയ്യുന്നതിനുള്ള പേപ്പറിന്റെ ലഭ്യതക്കുറവും പ്ലാസ്റ്റിക് പൗച്ചുകളുടെ വിതരണവും നിലച്ചതിനാല്‍ സംസ്ഥാനത്ത് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍. ട്രാന്‍സ്പോര്‍ട്ട് വകുപ്പിന് പ്ലാസ്റ്റിക് പൗച്ചുകള്‍ ലഭ്യമാക്കിയതും ആവശ്യമായ സാങ്കേതിക സഹായം നല്കിയതും സി-ഡിറ്റായിരുന്നു. എന്നാല്‍ ജനുവരി 31 ന് സി-ഡിറ്റുമായുള്ള കരാര്‍ അവസാനിച്ച ശേഷം കരാര്‍ പുതുക്കി നല്‍കത്തതിനാല്‍ പൗച്ചുള്പ്പടെയുള്ള സാധനങ്ങളുടെ വിതരണം പൂര്‍ണ്ണമായും നിലച്ചു.
ആര്‍സിയും ലൈസന്‍സും പ്രിന്റ് ചെയ്യുന്നതിനുള്ള പേപ്പര്‍ മൊത്തം ആവശ്യത്തിന്റെ പകുതി പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. സംസ്ഥാനത്തെ വിവിധ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ പുതിയതും പഴയതുമായ ആയിരക്കണക്കിന് ആര്‍സികളുടെയും ലൈസന്‍സിന്റെയും വിതരണം മൂന്നാഴ്ചയായി പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.
പ്രിന്റിംഗ് പ്രവൃത്തികള്‍ കേന്ദ്രീകൃതമാക്കുന്നതിന് വേണ്ടി കേരള ബുക്സ് ആന്റ് പബ്ലിഷേസ് സൊസൈറ്റിക് നല്കിയട്ടുണ്ടെങ്കിലും ഇത്രയും വിപുലമായ പ്രവൃത്തി കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കില്ല. ജനുവരി ഒന്നുമുതല്‍ പ്രിന്റിംഗ് ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. ഇവര്‍ക്ക് പ്രവൃത്തി നല്കി മെല്ലെപോക്കാണെന്ന് പറഞ്ഞ് മുഴുവന്‍ പ്രവൃത്തിയും സിപിഎം അനുകൂല സൊസൈറ്റിക് നല്‍കാനുള്ള നീക്കമാണ് നടത്തുന്നതെന്ന ആരോപണവുമുണ്ട്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിവലിലുള്ള സംവിധാനത്തെ പൂര്‍ണ്ണമായും അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.
പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ചുമതലയേറ്റ ശേഷം ആര്‍ടിഒ ഉള്‍പ്പടെ മോട്ടോര്‍ വാഹന വകുപ്പിലുള്ള ഉദ്യോഗസ്ഥരെ പൂര്‍ണ്ണമായും തഴഞ്ഞ് സ്വന്തം നിലയ്ക്കാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നതെന്നാണ് ആക്ഷേപം. നേരത്തെ ലൈസന്‍സും ആര്‍സിയും ആവശ്യമായ തിരിച്ചറിയല്‍ രേഖകളുമായി ഓഫീസിലെത്തിയാല്‍ ഉടമസ്ഥനോ ഓതറൈസേഷന്‍ നല്കി ഏജന്റിന്റെ കയ്യിലോ കൊടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ രേഖകള്‍ സ്പീഡ് പോസ്റ്റ് വഴി മാത്രമേ അയക്കാവൂ എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ബന്ധപ്പെട്ട അപേക്ഷാ ഫീസിനോടൊപ്പം 45 രൂപ പോസ്റ്റല്‍ നിരക്ക് കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ലൈസന്‍സിനും ആര്സിക്കുമുള്ള അപേക്ഷ സ്വീകരിക്കുന്നത്. ഏജന്റുമാരുടെ കൈവശം രേഖകള്‍ നല്‍കാമെന്ന് കോടതി തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കാല തമാസമൊഴിവാക്കാന് രേഖകള്‍ കൈവശം കൊടുക്കുന്നതാണ് നല്ലതെന്നിരിക്കെയാണ് പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്. ജനുവരി ഒന്നിനാണ് പുതിയ നിര്‍ദ്ദേശം വന്നതെങ്കിലും അതിന് മുമ്പ് ലഭിച്ച അപേക്ഷകളില്‍ എന്ത് തീരുമാനമെടുക്കുമെന്നതില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ ഗതാഗത വകുപ്പ് മന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ തീരുമാനമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: