എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിട്ട് ക്ഷേത്രങ്ങള്‍ വിശ്വാസികളെ ഏല്‍പ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞിരിക്കുന്നത് ഒരു നയ പ്രഖ്യാപനം തന്നെയാണ്. യുവതികളെ ബലം പ്രയോഗിച്ച് പ്രവേശിപ്പിച്ച് ശബരിമലയെ അപകീര്‍ത്തിപ്പെടുത്തിയ ഇടതുമുന്നണി സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കുകയും, പോലീസിന്റെ പീഡനങ്ങളേറ്റു വാങ്ങുകയും ചെയ്ത നേതാവാണ് സുരേന്ദ്രന്. ഇങ്ങനെയൊരു നേതാവ് ക്ഷേത്രങ്ങളെ രാഷ്ട്രീയക്കാരുടെ പിടിയില്‍നിന്ന് മോചിപ്പിക്കുമെന്ന് പറയുമ്പോള്‍ അതില്‍ ആത്മാര്‍ത്ഥതയുടെ മുഴക്കമുണ്ട്. ക്ഷേത്രങ്ങളെ അധീനതയില്‍ കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നതാണ് അവയുടെ ഇപ്പോഴത്തെ ദുഃസ്ഥിതിക്ക് കാരണമെന്ന് സുരേന്ദ്രന് പറയുന്നതിനോട് ഈശ്വരവിശ്വാസികളും നിഷ്പക്ഷമതികളും പൂര്‍ണമായിത്തന്നെ യോജിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ക്ഷേത്ര സംരക്ഷകര്‍ ചമയുന്ന ഇടതു-വലതു മുന്നണികളുടെ കാപട്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് സുരേന്ദ്രന്റെ നിലപാട്. ക്ഷേത്രങ്ങളെ രാഷ്ട്രീയമുക്തമാക്കണമെന്ന ആവശ്യത്തെ കാലങ്ങളായി പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ് ബിജെപി. നൂറുശതമാനവും ഇതിനനുസൃതമാണ് സുരേന്ദ്രന്റെ പ്രഖ്യാപനം. എന്നാല്‍ ഇങ്ങനെയൊരു ആവശ്യം നിലനില്‍ക്കുന്നില്ലെന്ന രീതിയിലാണ് ഇടതു-വലതു മുന്നണികള്‍ പെരുമാറുന്നത്.
ക്ഷേത്രങ്ങള്‍ രാഷ്ട്രീയ മുക്തമാക്കണമെന്നത് രാഷ്ട്രീയ പ്രേരിതമായ ആവശ്യമല്ല. ഹിന്ദുസമൂഹത്തിന്റെ അവകാശമാണത്. ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോ ക്ഷേത്രങ്ങളും അവയുടെ സ്വത്തും ബലമായി പിടിച്ചെടുക്കുകയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം കേരളത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളും ഈ അനീതി തുടര്‍ന്നു. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങള്‍ അവര്‍ തന്നെ ഭരിക്കുകയും, സ്വത്തുവഹകള്‍ സ്വയം കൈകാര്യം ചെയ്യുകയും ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ക്കു മാത്രം അതിനുള്ള അവകാശം നിഷേധിച്ചു. ദേവസ്വം ബോര്‍ഡുകളെ ഉപയോഗിച്ച് ക്ഷേത്രങ്ങളെ കറവപ്പശുക്കളാക്കി മാറ്റിയ വര് ഈശ്വരവിശ്വാസം പോലുമില്ലാത്ത ആജ്ഞാനുവര്‍ത്തികളെ ഉപയോഗിച്ച് അവയില്‍നിന്ന് ലഭിക്കുന്ന വരുമാനം തോന്നിയതുപോലെ ചെലവഴിച്ചു. ഒരു മതേതര സമൂഹത്തില്‍ തങ്ങളുടെ ആരാധനാലയങ്ങളോടു കാണിക്കുന്ന ഈ അനീതി ഹിന്ദുസമൂഹം സഹിച്ചുപോരുകയാണ്. ഇതിനെ ചോദ്യം ചെയ്യുന്നവരെ വര്‍ഗീയവാദികളായി മുദ്ര കുത്തുന്നവര്‍, ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ പതിറ്റാണ്ടുകളായി സ്വയം ഭരിച്ചുപോരുന്നവരെ വാഴ്ത്തിപ്പാടുകയും ചെയ്യുന്നു. ഈ വിരോധാഭാസം തുടരുകയാണ്. അഹിന്ദുക്കളുടെ ആരാധനാലയങ്ങളില്‍നിന്ന് ചില്ലിക്കാശുപോലും എടുക്കാന്‍ മടിക്കുന്ന സര്‍ക്കാരുകള്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കൊള്ളചെയ്യുന്നതില്‍ പരസ്പരം മത്സരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ക്ഷേത്ര സംരക്ഷകര്‍ ചമഞ്ഞ് ഹിന്ദുക്കളെ കബളിപ്പിക്കാനും വഞ്ചിക്കാനും ഇറങ്ങിത്തിരിച്ചിരിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസ്സും. ശബരിമല സംരക്ഷിക്കുമെന്നാണ് വെളിപാടുണ്ടായതുപോലെ ഇവര്‍ ഇപ്പോള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്! സുപ്രീംകോടതി വിധിയുടെ മറവില്‍ കിട്ടിയ അവസരം ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ ശബരിമലയെ അപകീര്‍ത്തിപ്പെടുത്തിയപ്പോള്‍ അതിനെതിരെ ഹൈന്ദവ സംഘടനകളും ബിജെപിയും ജീവന്മരണ പോരാട്ടമാണ് നടത്തിയത്. ഇപ്പോള്‍ ശബരിമലയ്ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കി രംഗത്തു വന്നിട്ടുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ അന്ന് ഗാലറിയിലിരുന്ന് കളി കാണുകയും കയ്യടിക്കുകയുമായിരുന്നു. അവരുടെ നേതാക്കളായ സോണിയയും രാഹുലും തികഞ്ഞ ഹിന്ദുവിരുദ്ധരായാണ് അന്ന് പ്രത്യക്ഷപ്പെട്ടത്. ഇതിനെക്കുറിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ വിശ്വാസികള്‍ക്ക് ആഗ്രഹമുണ്ട്. ശബരിമലയെ ധ്വംസിച്ചതിനുള്ള ശിക്ഷയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും വിശ്വാസികള്‍ നല്‍കിയത്. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുകയാണെന്ന് അറിഞ്ഞ ഇക്കൂട്ടര്‍ ഇപ്പോള്‍ മലക്കം മറിയുകയാണ്. ശബരിമലയുടെ പവിത്രത മാനിക്കുമെന്ന് മുഖ്യമന്ത്രിയടക്കം പറഞ്ഞുകൊണ്ടിരിക്കുന്നു! ശബരിമലയിലേതടക്കം വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നാണെങ്കില്‍ ആദ്യം ക്ഷേത്രഭരണം രാഷ്ട്രീയമുക്തമാക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ ഇടതു-വലതു മുന്നണികള്‍ തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: