അങ്ങനെയൊരു ദിവസം അവിചാരിതമായി ശിവാജി അസ്വസ്ഥനായി. ചുമയായിരുന്നു തുടക്കത്തില്‍. പിന്നീട് വയറു വേദന ആരംഭിച്ചു. നഗരത്തിലെ വൈദ്യന്മാര്‍ വന്നു പരിശോധിച്ചു. അവര്‍ മരുന്നുകള്‍ നല്‍കി. ശിവാജിയുടെ അനാരോഗ്യ വിഷയം രാമസിംഹനും പോളാദഖാനും വജീരും മറ്റ് സൈനിക പ്രമുഖന്മാരും ബാദശാഹ വരെ അറിഞ്ഞു.
ദിവസങ്ങള്‍ കഴിയുന്തോറും രോഗം മൂര്‍ച്ഛിച്ചു. ശിവാജിയുടെ അദ്ഭുത നാടക കൗശലം കണ്ട് അദ്ദേഹത്തിന്റെ അടുത്ത സഹപ്രവര്‍ത്തകര്‍ വരെ ആശ്ചര്യപ്പെട്ടു. ഇടയ്‌ക്കിടയ്‌ക്ക് പോളാദഖാന്‍ വന്നു നോക്കുന്നുണ്ടായിരുന്നു. രാജേയെ ശുശ്രൂഷിക്കാന്‍ 16 വയസ്സുള്ള ഒരു ബാലനുണ്ടായിരുന്നു. മദാരിമേഹത്തര്‍ എന്നു പേരായ മുസ്ലിം ബാലനായിരുന്നു അത്. ശിവാജിയോട് അപാര ഭക്തിയായിരുന്നു ആ ബാലന്, അവന്‍ വളരെ സമര്‍ത്ഥനായിരുന്നു. രാജഗഡില്‍ നിന്നും ശിവാജിക്കൊപ്പം കൊണ്ടുവന്നതായിരുന്നു ആ ബാലനെ.
മുസ്ലിം ഹക്കീമുകളും ഹിന്ദു പണ്ഡിതന്മാരും വന്നു പരിശോധിച്ചു, ഔഷധങ്ങള്‍ നിര്‍ദ്ദേശിച്ചു. എന്നാലിതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ശിവാജിയുടെ മേല്‍ ഔഷധങ്ങള്‍ ഫലിച്ചില്ല. അവസാനം ഒരു മാര്‍ഗം മാത്രമാണവശേഷിച്ചിരിക്കുന്നത്, ഈശ്വര കടാക്ഷത്തിനായി പ്രാര്‍ത്ഥിക്കുക. അതിന്റെ ഭാഗമായി ഫക്കീര്‍മാര്‍ക്കും നിര്‍ധനര്‍ക്കും ബ്രാഹ്മണര്‍ക്കും നഗരപ്രമുഖന്മാര്‍ക്കും മറ്റ് സ്‌നേഹിതര്‍ക്കും ഈശ്വരന്റെ പേരില്‍ മധുര പ്രസാദ വിതരണം ചെയ്യാന്‍ നിശ്ചയിച്ചു. അവരുടെ ആശീര്‍വാദംകൊണ്ടുള്ള പുണ്യഫലത്തിന്റെ ബലത്തില്‍ ആരോഗ്യം തിരിച്ചുകിട്ടുമെന്നായിരുന്നു പ്രതീക്ഷ.
രാമസിംഹനും സശ്രദ്ധം സഹകരിച്ചു. രണ്ടുപേര്‍ ചേര്‍ന്ന് ദണ്ഡയില്‍ കൊണ്ടുപോകാവുന്ന വിധം വലിയ കൊട്ടകള്‍ കൊണ്ടുവന്നു. ആ കൊട്ടകള്‍ കണ്ടു പോളാദഖാന്‍ ചോദിച്ചു ഇതെന്തിനാണ്? കൊട്ടകള്‍ ചുമന്നു വന്നവര്‍ പറഞ്ഞു ശിവാജിയുടെ ആരോഗ്യം വീണ്ടുകിട്ടുന്നതിന് വേണ്ടി ഗ്രാമപ്രമുഖര്‍ക്കും ഫക്കീര്‍മാര്‍ക്കും കൊടുക്കാനുള്ള മധുര പലഹാരങ്ങള്‍ കൊണ്ടുപോകാനുള്ളതാണെന്ന് പറഞ്ഞു. പോളാദഖാന്‍ സമ്മതിച്ചു. ഔറംഗസേബും വിവരം അറിഞ്ഞു. കൂടതന്ത്രജ്ഞനായ അയാള്‍ക്കും സംശയം തോന്നിയില്ല. അവസാന നിമിഷങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ് ഇയാള്‍, അതുകൊണ്ട് ദാനകര്‍മങ്ങള്‍ നടക്കട്ടെ എന്ന് പോളാദഖാനും ചിന്തിച്ചു.
ശിവാജിയുടെ പുണ്യാര്‍ജനത്തിനുള്ള ദാനകര്‍മങ്ങള്‍ ഇടതടവില്ലാതെ നടന്നുകൊണ്ടിരുന്നു. ആ ചൂരല്‍ കൊട്ടകളുടെ ആകാരം വലുപ്പം കൂടിയതായിരുന്നു. അതിന്റെ വലുപ്പമനുസരിച്ചിരിക്കും പുണ്യ ഫലപ്രാപ്തിയെന്നു തോന്നും. അതിലെന്തെങ്കിലും കുറവുകള്‍ വന്നാല്‍ അത് പുണ്യപ്രാപ്തിയെ ബാധിക്കും. പോളാദഖാന്‍ കൊട്ടകള്‍ പരിശോധിച്ച് മാത്രമേ അയച്ചിരുന്നുള്ളൂ. പരീക്ഷിച്ചതിനുശേഷമേ പുറത്തുവിട്ടിരുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: