ലഖ്നൗ: അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രത്തിന് 51 ലക്ഷം രൂപ സംഭാവന നല്കി റായ്ബറേലി മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിംഗ്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലത്തിലെ എംഎല്‍എയാണ് അതിഥി. എന്റെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് വിശ്വ ഹിന്ദു പരിഷത്തിന് രാമക്ഷേത്രനിര്‍മ്മാണത്തിനായുള്ള സംഭാവന നല്‍കുന്നത്. എല്ലാവരും രാമക്ഷേത്രത്തിനായി സംഭാവന നല്‍കണമെന്നും അതിഥി സിംഗ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം അയോധ്യ ശ്രീരാമക്ഷേത്ര നിര്‍മാണത്തിന് ബെംഗളൂരുവിലെ ക്രിസ്ത്യന്‍ വിഭാഗവും സംഭാവന കൈമാറിയിരുന്നു. ആദ്യ ഘട്ടത്തില്‍ സമാഹരിച്ച ഒരു കോടി രൂപ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ ക്രിസ്ത്യന്‍ സംഘടന പ്രതിനിധികള്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ.സി.എന്‍. അശ്വത്നാരായണനു കൈമാറി.
ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍, ബിസിനസുകാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ചീഫ് എക്സിക്യൂട്ടീവുകള്‍, മാര്‍ക്കറ്റിങ് വിദഗ്ധര്‍, സാമൂഹ്യസേവന പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനകീയ നിലപാടിലും എല്ലാവര്ക്കും ഒപ്പം എല്ലാവരിലും വികസനം എന്ന നയത്തിലുമാണ് ബിജെപി വിശ്വസിക്കുന്നത്. അതിനാല്‍ എല്ലാ ന്യൂനപക്ഷങ്ങളും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് ബിജെപി. ഈ ഭരണ തത്വശാസ്ത്രമാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് അശ്വത് നാരായണ്‍ പറഞ്ഞു. ക്രിസ്ത്യാനികള്‍ എല്ലായിപ്പോഴും രാജ്യത്തിന്റെ വികസനത്തിനും സാമൂഹ്യ ഐക്യത്തിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ക്രിസ്ത്യന്‍ പ്രതിനിധിയായി പ്രസംഗിച്ച ബിസിനസുകാരനായ റൊണാള്‍ഡ് കൊളാസോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: