തിരുവനന്തപുരം: ഭരിയ്ക്കുന്ന പാര്‍ട്ടിക്ക് തന്നെ പേടിയാണെന്നും ആ പേടി മുതലാക്കിയാണ് അവരെ പിഴിയുന്നതെന്നും പറയുന്ന സരിത എസ് നായരുടേതെന്ന് പറയുന്ന ശബ്ദരേഖ പുറത്ത്.
എന്നാല്‍ ചാനലുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് തന്റെ ശബ്ദമല്ലെന്നും വേണമെങ്കില്‍ ഫോറന്‍സികിന് വിടൂ എന്നുമാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സരിതയുടെ മറുപടി. ഇതിന് പിന്നാലെ, കൂടുതല്‍ തെളിവുകള്‍ എന്ന നിലയില്‍ സരിതയുമായി നടത്തിയ വാട്സാപ് സന്ദേശങ്ങള്‍ ഉദ്യോഗാര്‍ത്ഥിയായ പരാതിക്കാരന് പുറത്തുവിട്ടിരിക്കുകയാണ്. ഈ വാട്സ് ആപ് സന്ദേശത്തില്‍ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്കാണ് ജോലി കിട്ടാനായി സരിതയ്ക്ക് പണം കൈമാറിയതെന്നും ഉദ്യോഗാര്‍ത്ഥിയായ അരുണ്‍ അവകാശപ്പെടുന്നു. ആദ്യഘട്ടത്തില്‍ പണം നല്‍കിയത് പ്രാദേശിക സിപിഎം നേതാക്കള്‍ക്കാണെന്നും പരാതിക്കാരന് പറഞ്ഞു.
ജോലി നല്‍കാനായി താന്‍ വാങ്ങുന്ന പണത്തില്‍ 60 ശതമാനവും പാര്‍ട്ടിക്കാര്‍ക്കാണ് നല്‍കുന്നതെന്നും സരിത ശബ്ദരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാക്കി തുക ഉദ്യോഗസ്ഥന്മാര്ക്കും നല്‍കുമെന്നും സരിത പറയുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡി ഐജി നെയ്യാറ്റിനകര സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വിളിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് ഇതുവരെ സിപിഎമ്മിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: