കുമരകം: വെള്ളപ്പൊക്കത്തില്‍ വീട് തകര്‍ന്നതോടെ വാടക വീടുകള്‍ തേടി അലഞ്ഞ കുഞ്ഞമ്മ ജോണിന്റെ വെള്ളം കയറാത്ത സ്വന്തമായ ഒരു വീട് എന്ന സ്വപ്‌നം പൂവണിയുന്നു.
ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കുമരകം ഗവ. വിഎച്ച്എസ്ഇ സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റും പൊതുപ്രവര്‍ത്തകനായ നോബി എബ്രഹാമും ചേര്‍ന്നാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. വീടിന്റെ ശിലാസ്ഥാപനം ഇന്നലെ ജനമൈത്രി പോലീസ് ജില്ല അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എന്‍.വി. സരസിജന്‍ നിര്‍വഹിച്ചു. കുമരകം പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ അമ്പത്തിയാറില്‍ കുഞ്ഞമ്മ ജോണിന്റെ കൊച്ചുമക്കളില്‍ രണ്ട് പേര്‍ കുമരകം ഗവ.വിഎച്ച്എസ്ഇ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.
വീടില്ലാത്തത് ഇവരുടെ പഠനത്തെ ബാധിച്ചതോടെ പ്രിന്‍സിപ്പാള്‍ ലിയാ തോമസ് പിടിഎ പ്രസിഡന്റായ എന്‍. വി. സരസിജനെ വിവരം അറിയിച്ചതോടെയാണ് വീടു നിര്‍മ്മാണത്തിന് വഴി ഒരുങ്ങിയത്. വെള്ളം കയറുന്ന സ്ഥലമായതിനാല്‍ പുതിയ സാങ്കേതികവിദ്യ പ്രകാരം തൂണുകളില്‍ അഞ്ച് അടി ഉയരത്തിലാണ് തറ നിര്‍മ്മിക്കുന്നത്. 550 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടിന് എട്ടര ലക്ഷം രൂപ വേണ്ടി വരുമെന്നാണ് കോണ്‍ട്രാക്ര്‍ രാജേഷ് കാവാലം അറിയിച്ചത്.
വീട് നിര്‍മ്മാണവുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സഹായം നിര്‍മ്മാണ സാമഗ്രികളായി എത്തിക്കണമെന്ന് ജനമൈത്രി ജാഗ്രതാ സമിതി കണ്‍വീനര്‍ ഷീബാസ് ജയന്‍ ആവശ്യപ്പെട്ടു. രണ്ടു മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തികരിക്കുമെന്ന് കുമരകം സിഐ ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു
ജില്ലയില്‍ ജനമൈത്രി പോലീസ് നിര്‍മ്മിക്കുന്ന പത്താമത്തെ വീടാണിത്. ആറു വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. പാലാ, ഈരാറ്റുപേട്ട, മാങ്ങാനം എന്നിവിടങ്ങളിലെ വീട് നിര്‍മ്മാണം പുരോഗമിക്കുകയാണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിന്ദു, പഞ്ചായത്ത് അംഗം പി.കെ. സേതു, ഫാ. മോഹന്‍ ജോസഫ് താഴത്തങ്ങാടി, എസ്പിസി എസ്‌ഐ ജയകുമാര്‍, ജനമൈത്രി സിആര്‍ഒ സണ്ണിമോന്‍, ബീറ്റ് ഓഫീസര്‍ ജയകുമാര്‍, പിആര്‍ഒ ആനന്ദക്കുട്ടന്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സെക്രട്ടറി എസ്.ഡി. പ്രേംജി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: