ചങ്ങനാശ്ശേരി: നഗരസഭയുടെ പരിധിയിലുള്ള തെരുവുവിളക്കുകളുടെ വാങ്ങലും പരിപാലനവും സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ പുതിയ കരാര്‍ നല്‍കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശന വ്യവസ്ഥകളോടെ വേണമെന്ന് കണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ആവശ്യമുന്നയിച്ചു.
നേരത്തെ നല്കിയ കരാര്‍ 2020 നവംബറില്‍ കൗണ്‍സില്‍ റദാക്കിയിരുന്നു. ഫെബ്രുവരി നാലിനു കൂടിയ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം റദ്ദാക്കുന്നതിനും കരാര്‍ പുതുക്കുന്നതിനും സ്റ്റീയറിങ്ങ് കമ്മറ്റിയെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാത്തില്‍ പൊതുമരാമത്ത് കമ്മറ്റി ചെയര്മാന് കരാറുകാരനെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് കേടായ ലൈറ്റുകള്‍ മുഴുവന്‍ നന്നാക്കി നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
അടിയന്തിരമായി കേടായ മുഴുവന്‍ ലൈറ്റുകളും ഒരാഴ്ചയ്ക്കുള്ളില്‍ നന്നാക്കി തരുമെന്ന കരാറുകാരന് നല്കിയ ഉറപ്പ് നടപ്പാക്കി കൊണ്ട് മാത്രം പുതിയ കരാര്‍ വ്യവസ്ഥകളോടെ നടപ്പിലാക്കാവൂ എന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന് അഡ്വ മധുരാജ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ് പറഞ്ഞു.
മുന്‍പ് കൊടുത്തിരുന്ന കരാര്‍ പ്രകാരം പുതിയ ലൈറ്റുകളുടെ അറ്റകുറ്റപ്പണിക്ക് രണ്ട് വര്‍ഷം ഗ്യാരണ്ടി കരാര്‍ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് പ്രകാരം 1500 ലൈറ്റുകളുടെ പരിപാലനം 2021 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കുന്നതിനും ഇടക്കാലത്ത് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ഏജന്‍സിയുടെ സേവനം ലഭ്യമാവാതിരുന്ന സാഹചര്യം പരിഗണിച്ച് കാലാവധി 2022 മെയ് 31 വരെ കാലാവധി നീട്ടി നല്‍കുന്നതിനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
കേടായ മുഴുവന്‍ ലൈറ്റുകളും നന്നാക്കിയ ശേഷമേ ബില്‍ നല്‍കാവൂ എന്നും വ്യവസ്ഥയിലുണ്ട്. പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന് അഡ്വ മധുരാജ്, മാത്യൂസ് ജോര്‍ജ്, സന്തോഷ് ആന്റണി എന്നിവരടങ്ങുന്ന മൂന്നംഗ കമ്മറ്റിയെ തെരുവുവിളക്കുകളുടെ പരിപാലന മേല്‍ നോട്ടത്തിനായി കൗണ്‍സില്‍ ചുമതലപ്പെടുത്തി.
മാര്‍ക്കറ്റില്‍ ലോഡുമായെത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ടോയിലറ്റ് സൗകര്യം ലഭ്യമല്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മാര്‍ക്കറ്റിലുള്ള കംഫര്‍ട്ട് സ്റ്റേഷനുകള്‍ അടിയന്തിരമായി ലേല നടപടികള്‍ സ്വീകരിച്ച് തുറന്നുകൊടുക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: