തൃശൂര്‍: ദേശീയപാതയില്‍ തൃശൂര്‍ – വടക്കുഞ്ചേരി റൂട്ടിലെ കുതിരാനില്‍ വലതുവശത്തെ ടണലിന്റെ നിര്‍മ്മാണം മാര്‍ച്ച് 31 നു പൂര്‍ത്തിയാക്കി ദേശീയ പാത അഥോറിറ്റിക്ക് കൈമാറുമെന്ന് കരാര്‍ കമ്പനിയായ തൃശൂര്‍ എക്സ്പ്രസ് വേ കമ്പനി ഹൈക്കോടതിയില്‍ അറിയിച്ചു. കുതിരാനിലെ യാത്രാദുരിതം പരിഹരിക്കമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ. രാജനും ഷാജി.ജെ. കോടങ്കണ്ടത്തും നല്കിയ ഹര്‍ജികളാണ് സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നത്.
നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് ഐ.ഐ.ടിയിലെ സാങ്കേതിക വിദഗ്ദ്ധനായ ഡോ.ശിവകുമാര്‍ ബാബു കരട് റിപ്പോര്‍ട്ട് നല്‍കിയെന്നും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൂടുതല്‍ പരിശോധന അനിവാര്യമാണെന്ന് അറിയിച്ചതായി ദേശീയപാത അഥോറിറ്റിയും വ്യക്തമാക്കി. വലതുവശത്തെ ടണലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതം ഇതുവഴി തിരിച്ചു വിട്ടാല്‍ മാത്രമേ അടുത്ത ടണലിന്റെ പണി നടത്താന്‍ കഴിയൂവെന്ന് കമ്പനി വിശദീകരിച്ചു. അപ്പോള്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവില്ലേയെന്ന് കോടതി വാക്കാല്‍ ആരാഞ്ഞെങ്കിലും നാലുവരിപ്പാതയായതിനാല്‍ കുഴപ്പമുണ്ടാവില്ലെന്ന് കമ്പനി വ്യക്തമാക്കി.
എന്നാല്‍ മാര്‍ച്ച് 31ന് ഒരു ടണലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയാലും സുരക്ഷാ പരിശോധനകള്‍ നടത്തിയശേഷമേ ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ കഴിയൂവെന്നും ഇതു എന്നു പൂര്‍ത്തിയാകുമെന്ന് ഇപ്പോള്‍ പറയാനാല്ലെന്നും ദേശീയപാത അഥോറിറ്റിയുടെ അഭിഭാഷകന് പറഞ്ഞു.
കഴിഞ്ഞ ദിവസം കുതിരാനില്‍ വിവാഹത്തിനുള്ള കാറ്ററിംഗ് സംഘത്തിന്റെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട വാര്‍ത്ത ഹര്‍ജിക്കാരിലൊരാള്‍ ചൂണ്ടിക്കാട്ടി. അമിതവേഗത്തിലെത്തിയ ഒരു ലോറി മറിഞ്ഞതാണ് ഗതാഗതക്കുരുക്കിന് കാരണമായതെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലമല്ലെന്നും കമ്പനിയുടെ അഭിഭാഷകന് വിശദീകരിച്ചു.കുതിരാനില്‍ പരിശോധന നടത്താന്‍ ദേശീയപാത അഥോറിറ്റി നിയോഗിച്ച ഡോ. ശിവകുമാര്‍ ബാബു ഔദ്യോഗിക തിരക്കുകള്‍ നിമിത്തം പരിശോധന നടത്താന്‍ കഴിയില്ലെന്ന് ഇ – മെയില്‍ മുഖേന അയച്ചതായി ഹര്‍ജിക്കാരിലൊരാളായ ഷാജി. ജെ. കോടങ്കണ്ടത്ത് അറിയിച്ചു.
എന്നാല്‍ ദേശീയപാത അഥോറിറ്റിയും കരാര്‍ കമ്പനിയും ഈ വാദത്തെ എതിര്‍ത്തു. കരട് റിപ്പോര്‍ട്ട് തയ്യാറക്കി നല്‍കിയെന്നും ഇതു കോടതിയില്‍ സമര്‍പ്പിക്കാമെന്നും ദേശീയപാത അഥോറിറ്റി പറഞ്ഞു. കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ പാത അഥോറിറ്റി സമയം തേടിയതിനാല്‍ ഹര്‍ജികള്‍ ഫെബ്രുവരി 26ന്പരിഗണിക്കാന് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: