തൃശൂര്‍ : പാവറട്ടി എക്സൈസ് കസ്റ്റഡി കൊലപാതകത്തില്‍ ഏഴ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.ഇവര്‍ക്കെതിരെ വകുപ്പ്തല നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയതിന് എക്സൈസ് സംഘം കസ്റ്റഡയിലെടുത്ത രഞ്ജിത്തിനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്, പ്രിവന്റീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍, ബെന്നി, ഉമ്മര്‍ സിവില്‍ ഓഫീസര്‍ നിതിന്‍ എന്നിവരാണ് പ്രതികള്‍. 2019 ഒക്ടോബര്‍ ഒന്നിനാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം സ്വദേശി രഞ്ജിത്ത് മരിച്ചത്. 2019 നവംബറില്‍ കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നെങ്കിലും 2020 ജൂലായിലാണ് കേസെടുത്തത്.
സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കേസ് അന്വേഷിച്ചിരുന്നത്. രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയിലെത്തിക്കും മുമ്പേ രഞ്ജിത്ത് മരിച്ചിരുന്നു. അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ജീപ്പില്‍ നിന്നും രക്ഷപെട്ടോടാന്‍ പ്രതി ശ്രമിച്ചിരുന്നെന്നുമായിരുന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ നല്കിയ വിശദീകരണം. എന്നാല്‍ മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
ഇയാളുടെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. രഞ്ജിത്തിന്റെ മരണത്തില്‍ ബന്ധുക്കളും ദൂരുഹത ആരോപിച്ചിരുന്നു. ഗുരുതര കണ്ടെത്തലാണ് കുറ്റപത്രത്തിലുള്ളത്. പ്രതികള്‍ക്കെതിരെ വകുപ്പ്തല നടപടികള്‍ക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: