കൊച്ചി : ഹത്രാസ് കലാപ ശ്രമങ്ങള്‍ക്ക് പിന്നില്‍ ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന് പങ്കുള്ളതായി എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഹത്രാസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളേയും മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനേയും സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പറഞ്ഞയച്ചതാണെന്നും ഇതിനായുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് പിന്നിലും റൗഫ് ആണെന്നാണ് എന്‍ഫോഴ്സ്മെന്റ് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയിലാണ് ഇഡി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചലിലെ കള്ളപ്പണ ഇടപാടുകളിലും റൗഫിന് പങ്കാളിത്തമുള്ളതായി ഇഡി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. സിദ്ദിഖ് കാപ്പന് ഉള്‍പ്പടെയുള്ളവര്‍ക്ക് ഹത്രാസില്‍ പോകുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കിയത് ക്യാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയായ കെ.എ. റൗഫാണെന്നും ഇതില്‍ ആരോപിക്കുന്നുണ്ട്. അതികൂര്‍ റഹ്മാന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് റൗഫ് ഇതിനുള്ള പണം അയച്ചു നല്‍കിയത്. സംഭവത്തിന് ശേഷം ഒമാനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് റൗഫ് ഷെരീഫ് പിടിയിലാകുന്നത്.
കള്ളപ്പണം ഇടപാട് കേസില്‍ അതികൂര്‍ റഹ്മാന്, മസൂദ് അഹമ്മദ്, സിദ്ദിഖ് കാപ്പന്, റൗഫ് ഷെരീഫ്, എം.ഡി. ആലം എന്നിവര്‍ കുറ്റക്കാരാണെന്നും ഇതില്‍ ആരോപിക്കുന്നുണ്ട്. ഇവര്‍ക്കെതിരായ കേസ് പരിഗണിക്കുന്നത് ലഖ്നൗ കോടതിയുടെ പരിഗണനയിലേക്ക് മാറ്റണമെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹത്രാസില്‍ കലാപം ഉണ്ടാക്കാന്‍ ആസൂത്രണം നടത്തിയെന്നാരോപിച്ച് ലഖ്നൗ കോടതിയിലാണ് കേസ് ചുമത്തിയിരിക്കുന്നത്. കേസ് വിശദമായ വാദത്തിനായി 12ന് പരിഗണിക്കും. റൗഫിന്റെ ജാമ്യാപേക്ഷയിലും അന്ന് തന്നെ വിധി പറയും.
10 വര്‍ഷം കഠിന തടവിനും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെടേണ്ടുന്ന വകുപ്പാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേമയം ഹത്രാസില്‍ കലാപശ്രമങ്ങള്‍ക്ക് പണം എത്തിച്ചെന്ന കേസില്‍ പ്രൊഡക്ഷന്‍ വാറണ്ടിനെതിരെ റൗഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് ഹാജരാകും. യുപി പോലീസിനു വേണ്ടിയാണ് കോടതിയില്‍ ഹാജരാകുക.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും വാറണ്ട് സ്റ്റേ ചെയ്യണമെന്നുമാണ് റൗഫ് മഥുര കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ നല്കിയ അപേക്ഷ. കേസ് ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും. മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ധീഖ് കാപ്പനടക്കം ഉള്‍പ്പെട്ട കേസിലാണ് റൗഫ് ഷെരീഫിനെതിരെ വാറണ്ട് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: