ഹിമവാന്റെ മടിത്തട്ടിലുറങ്ങുന്ന ഉത്തരാഖണ്ഡ് സംസ്ഥാനത്തുനിന്ന് ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ദുരന്ത വാര്‍ത്ത എത്തിയിരിക്കുന്നു. നന്ദാദേവി പര്‍വതത്തിലെ മഞ്ഞുമലയുടെ വലിയൊരു ഭാഗം ഇടിഞ്ഞുവീണ് അളകനന്ദയുടെ പോഷകനദിയായ ധൗളി ഗംഗയില്‍ വെള്ളപ്പൊക്കമുണ്ടാവുകയും, മലവെള്ളപ്പാച്ചിലില്‍ ചമോലി ജില്ലയിലെ റെനി ഗ്രാമത്തില്പ്പെടുന്ന ജോഷിമഠില്‍ ഒരു പ്രദേശമാകെ ഒലിച്ചുപോവുകയുമായിരുന്നു. നിരവധി പേരെ കാണാതാവുകയും ചിലരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഇരുനൂറോളം പേര് ദുരന്തത്തിനിരയായതായാണ് കരുതപ്പെടുന്നത്. നദിയിലെ ജലം കരകവിഞ്ഞുള്ള കുത്തൊഴുക്കില്‍ ഋഷി ഗംഗാ വൈദ്യുതി പദ്ധതി പൂര്‍ണമായും തകര്‍ന്നു. രണ്ട് ഗ്രാമങ്ങള്‍ ഒലിച്ചുപോയി എന്നറിയുമ്പോള്‍ ദുരന്തത്തിന്റെ ആഘാതം ഊഹിക്കാവുന്നതേയുള്ളൂ. പശുക്കളെ മേച്ചിരുന്ന നിരവധിപേരെ കാണാതായിട്ടുണ്ട്. വീടുകളും കടകളുമൊക്കെ വ്യാപകമായി തകര്ന്നുപോയിട്ടുള്ളതിനാല് മരണ സംഖ്യ വലിയ തോതില്‍ ഉയരാനാണ് സാധ്യത. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേന ഉള്‍പ്പെടെയുള്ളവര്‍ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് കുതിച്ചെത്തുകയും, അണക്കെട്ടിന്റെ ടണലില്‍ കുടുങ്ങിക്കിടന്നവരടക്കം നിരവധി പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്നതും ആശ്വാസ വാര്‍ത്തയാണ്.
രാജ്യമൊന്നടങ്കം ഉത്തരാഖണ്ഡിനൊപ്പമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ശരിവയ്ക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളാണ് ദുരന്തമേഖലയില്‍ നടക്കുന്നത്. സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നിരീക്ഷിച്ചുവരികയാണെന്നും, സംസ്ഥാനത്തിന് എല്ലാ സഹായവും നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. ദുരന്തസ്ഥലത്തേക്ക് കൂടുതല്‍ സൈന്യത്തെയും ഡോക്ടര്‍മാരടക്കമുള്ള മെഡിക്കല്‍ സംഘങ്ങളെയും എത്തിച്ചുകഴിഞ്ഞു. ദുരന്തമുണ്ടായ ഉടന്‍ തന്നെ ഭാഗീരഥി നദിയുടെ ഒഴുക്കു തടയാന്‍ കഴിഞ്ഞത് സമയോചിത പ്രവര്‍ത്തനമായി. ഋഷികേശ് ഉള്‍പ്പെടെ ചില അണക്കെട്ടുകള്‍ തുറന്നുവിട്ടും, ചിലത് അടച്ചും മുന്‍കരുതലെടുത്തിട്ടുണ്ട്. ഋഷികേശിലെയും ഹരിദ്വാറിലെയും നദീതീരങ്ങളിലുള്ളവരെ ഒഴിപ്പിക്കുകയും ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തുകയുമാണ്. ഉത്തരാഖണ്ഡ് താരതമ്യേന ചെറിയ സംസ്ഥാനമാണ്. വന്‍ ദുരന്തങ്ങള്‍ താങ്ങാനുള്ള ശേഷി അതിനില്ല. ഇത് കണക്കിലെടുത്ത് അയല്‍സംസ്ഥാനമായ ഉത്തര്‍പ്രദേശും കനത്ത ജാഗ്രതയിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരന്തസഹായ നിധിയില്‍നിന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്കും, പരിക്കേറ്റവര്‍ക്കും ഇതിനകം അടിയന്തര സഹായം എത്തിച്ചുകഴിഞ്ഞു. സമയം പാഴാക്കാതെ തന്നെ നടപടികളെടുക്കാന്‍ കഴിയുന്നുവെന്നാണ് ഇതു കാണിക്കുന്നത്.
ഉത്തരഭാരതത്തിലെ പല നദികളിലും വേനല്‍ക്കാലത്തുപോലും ഹിമാലയത്തിലെ മഞ്ഞുരുകി വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്. അത് അവിടങ്ങളിലെ ജനജീവിതത്തെ കാര്യമായി ബാധിക്കാറില്ല. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉണ്ടാകുന്ന മിന്നല്‍ പ്രളയം ഇതുപോലെയല്ല. അപ്രതീക്ഷിതമായി കുതിച്ചെത്തുന്ന പ്രളയം സര്‍വനാശം വിതച്ചാണ് കടന്നുപോകുന്നത്. സമീപ വര്‍ഷങ്ങളില്‍ ഉത്തരാഖണ്ഡില്‍ ഇത്തരം പ്രളയങ്ങളും ദുരന്തങ്ങളും ആവര്‍ത്തിക്കുകയുണ്ടായി. എല്ലാത്തരത്തിലുള്ള മുന്‍ കരുതലുകള്‍ എടുക്കുകയും, പരമാവധി ജാഗ്രത പാലിക്കുകയും എന്നതാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ക്കും ഭരണസംവിധാനങ്ങള്‍ക്കും ചെയ്യാനുള്ളൂ. കാലാവസ്ഥാ വ്യതിയാനമാണ് വന്‍തോതില്‍ മഞ്ഞുരുക്കമുണ്ടാക്കി മിന്നല്‍ പ്രളയത്തിന് കാരണമാകുന്നതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമെന്നത് അക്കാദമിക് താല്‍പ്പര്യമുള്ള ഒരു വിഷയം മാത്രമല്ല, മനുഷ്യരുടെ ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന ഒരു പ്രശ്നമാണെന്ന ബോധം ഇനിയും പലര്ക്കുമുണ്ടായിട്ടില്ല. ഉത്തരാഖണ്ഡിനെപ്പോലുള്ള സംസ്ഥാനങ്ങള്‍ ആവര്‍ത്തിച്ച് അനുഭവിച്ചുകൊണ്ടിരിക്കുന്ന മിന്നല്‍ പ്രളയങ്ങളും, അതുണ്ടാക്കുന്ന കൊടിയ ദുരന്തങ്ങളും ഉത്തരാഖണ്ഡിനു മാത്രമല്ല മറ്റ് സംസ്ഥാനങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയ പാഠങ്ങളാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: