കെ.സി. സുധീര്‍ ബാബു
(ജനറല്‍ സെക്രട്ടറി, ഭാരതീയവിചാരകേന്ദ്രം)
1980 കളുടെ തുടക്കത്തില്‍ കേരളത്തിന്റെ ബൗദ്ധിക വൈചാരിക മണ്ഡലത്തെ കമ്മ്യുണിസ്റ്റുകള്‍ ധൃതരാഷ്‌ട്രാലിംഗനത്താല്‍ ശ്വാസംമുട്ടിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് പി.പരമേശ്വര്‍ജി ഡല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്റ്റര്‍ സ്ഥാനത്തുനിന്ന് കേരളത്തിലേയ്‌ക്ക് എത്തുന്നത്. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും മറ്റും കേരളത്തെ ഭാരതത്തിന്റെ സാംസ്‌ക്കാരിക ധാരയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ നടത്തിയ പരിശ്രമങ്ങളെ അട്ടിമറിച്ചുകൊണ്ട്, പടിഞ്ഞാറന്‍ യുക്തികളും പാഴ് വാഗ്ദാനങ്ങളും നല്‍കി കമ്മ്യൂണിസ്റ്റുകള്‍ മലയാളികളെ വിഭ്രമിപ്പിച്ച കാലമായിരുന്നു അത്. പരമേശ്വര്‍ജിയുടെ വരവോടെ കേരളം ഭാരതീയ വിചാരത്തിന്റെ സ്വത്വബോധം വീണ്ടെടുക്കാനാരംഭിച്ചു.
കേരളത്തിന്റെ ഭാവി ജീവിതത്തെ ആകെ മാറ്റിമറിക്കാന്‍ തക്ക സര്‍ഗ്ഗശേഷിയുള്ള രണ്ട് സംഭവങ്ങള്‍ 1982 ല്‍ നടന്നു. ആ വര്‍ഷം ഏപ്രില്‍ മാസം എറണാകുളത്തു നടന്ന വിശാല ഹിന്ദു സമ്മേളനമായിരുന്നു അതിലൊന്ന്. പരമേശ്വര്‍ജിയും മാധവ്ജിയുമായിരുന്നു വിശാല ഹിന്ദു സമ്മേളനത്തിന്റെ ഉള്ളടക്കത്തിന് രൂപം നല്‍കിയത്. ഇതിലൂടെ കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിനാണ് തുടക്കം കുറിച്ചത്. അസ്തപ്രജ്ഞമായിപ്പോയിരുന്ന ഹിന്ദു ബോധമനസ്സിനെ തട്ടിയുണര്‍ത്തി അതിന്റെ വിരാട് സ്വരൂപത്തിലേയ്‌ക്ക് നയിക്കാന്‍ ആ സമ്മേളനത്തിന് കഴിഞ്ഞു. അദ്ധ്യാത്മ രാമായണത്തിന്റെ രചനയിലൂടെ എഴുത്തച്ഛന്‍ കേരളത്തിന്റെ സാംസ്‌കാരികത്തനിമ വീണ്ടെടുത്തതുപോലെ രാമായണമാസാചരണത്തിന് ആഹ്വാനം നല്‍കിക്കൊണ്ട് സ്വര്‍ഗ്ഗീയ പരമേശ്വര്‍ജി, കമ്മ്യൂണിസ്റ്റുകള്‍ നശിപ്പിച്ച ഹിന്ദു സാംസ്‌കാരിക ജീവിതത്തെ തിരികെ കൊണ്ടുവരാനുള്ള ആദ്യ ചുവട് ഉറപ്പിച്ചു. ഭാരതത്തിന്റെ ദേശീയ ബിംബമായ ശ്രീരാമന്‍ കേരളത്തിലെ ഹിന്ദുജാഗരണത്തിന് കരുത്തുറ്റ പ്രേരണയായി മാറി.
അതേ വര്‍ഷം ഒക്ടോബറിലെ വിജയദശമി ദിനത്തില്‍ തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രത്തിന് തുടക്കം കുറിച്ച് കൊണ്ട് മറ്റൊരു മാറ്റത്തിന് വഴിതുറന്നു. ഇടതു വിചാരത്തിന്റെ പിടിയിലമര്‍ന്ന കേരളത്തിന്റെ ധൈഷണിക രംഗത്തെ പരിവര്‍ത്തിപ്പിക്കുകയായിരുന്നു അതിലൂടെ അദ്ദേഹം ആഗ്രഹിച്ചത്. രാമായണ മാസാചരണം കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ അതിനകം തരംഗങ്ങള്‍ സൃഷ്ട്ടിച്ചു കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റുകള്‍ക്ക് അപകടം മണത്തു. ഇ.എം.എസ്സിന്റെയും പുരോഗമന കലാസാഹിത്യസംഘത്തിന്റെയും മറ്റും നേതൃത്വത്തില്‍ രാമായണമാസാചരണത്തേയും ശ്രീരാമനെയും എതിര്‍ത്തുകൊണ്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം പൊതു സമ്മേളനങ്ങള്‍ നടന്നു.
പരമേശ്വര്‍ജിയുടെ ആഹ്വാനമനുസരിച്ച് ഭാരതീയ വിചാരകേന്ദ്രം ജില്ലകള്‍ തോറും രാമായണ വിചാര സത്രങ്ങള്‍ നടത്തി. രാമായണത്തിന്റെ രാഷ്ടീയ മാനങ്ങളും, സാംസ്‌ക്കാരിക മാനങ്ങളും, ധാര്‍മിക മൂല്യങ്ങളും, സമകാലിക പ്രസക്തിയും വിപുലമായി ചര്‍ച്ച ചെയ്യപ്പെട്ടു. എതിര്‍ക്കുന്തോറും വളര്‍ന്നുവന്നു രാമായണ പ്രസ്ഥാനം. ഇപ്പോള്‍ രാമായണമാസം ആചരിക്കാതെ കമ്മ്യൂണിസ്റ്റുകള്‍ക്ക് നിലനില്‍ക്കാനാവില്ലെന്ന് വന്നിരിക്കുന്നു.
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് പിന്നിലെ ആശയ സ്രോതസ്സും പരമേശ്വര്‍ജി ആയിരുന്നു. കേരളത്തെയും മലയാളികളെയും കൃഷ്ണബോധത്തില്‍ ആറാടിക്കാനും ഹിന്ദു സംസ്‌കൃതിയുടെ അസ്തമിക്കാത്ത ശോഭ അവരില്‍ നിറയ്‌ക്കാനും ശ്രീകൃഷ്ണ ജയന്തി പരിപാടികള്‍ക്ക് കഴിയുന്നുണ്ട്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും സാംസ്‌കാരിക പാരമ്പര്യം സ്വന്തം സിരകളില്‍ വഹിക്കുന്ന കരുത്തുറ്റ തലമുറകളെ വാര്‍ത്തെടുക്കാന്‍ പരമേശ്വര്‍ജി നടത്തിയ പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞു.
കമ്മ്യൂണിസം ഒരു പരാജയപ്പെട്ട മതമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ധൈഷണിക പ്രതിഭകള്‍ക്ക് കഴിഞ്ഞിരുന്നു. 1980 കളുടെ അവസാനത്തോടെ സോവിയറ്റു യൂണിയന്‍ തകര്‍ന്നപ്പോള്‍ ഒരു രാഷ്‌ട്രീയ ആയുധം എന്ന നിലയിലും അതിന്റെ അസ്തിത്വം അവസാനിച്ചു. സോവിയറ്റു യൂനിയന്റെ തകര്‍ച്ചയും കമ്മ്യൂണിസത്തിന്റെ പരാജയവും വിശകലനം ചെയ്തുകൊണ്ട് വിചാരകേന്ദ്രം വിപുലമായ ആശയപ്രചരണം നടത്തി. കമ്മ്യൂണിസം ഒരു തത്വശാസ്ത്രം എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണെന്ന് അതിന്റെ ആന്തരിക വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ചിന്തിക്കുന്നവരെ ബോദ്ധ്യപ്പെടുത്താന്‍ വിചാരകേന്ദ്രത്തിനു കഴിഞ്ഞു. മാര്‍ക്‌സില്‍ നിന്നും മഹര്‍ഷിയിലേയ്‌ക്ക് എന്ന പരമേശ്വര്‍ജിയുടെ പുസ്തകം മാര്‍ക്‌സിയന്‍ ചിന്തകളുടെ അപര്യാപ്തതകളും ഭാരതീയ ചിന്തകളുടെ സര്‍വകാല പ്രസക്തിയും വിശകലനം ചെയ്തു ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ വച്ച് ഇ.എം.എസ്സും. പരമേശ്വര്‍ജിയുമായി നടന്ന ദര്‍ശന സംവാദം ഇതിന്റെ ഗൗരവം വെളിപ്പെടുത്തിയ ബൗദ്ധിക വേദിയായി. പിന്നീട് പുസ്തക രൂപത്തില്‍ ഈ സംവാദം പുറത്തുവന്നപ്പോള്‍ കേരളത്തിലെ വൈചാരികലോകം അത് ഏറ്റെടുത്തു.
പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തിരുവനന്തപുരത്തു പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്‌ട്ര ഭഗവത് ഗീതാ സെമിനാര്‍ കേരളത്തിന് പുതിയൊരു ഗീതാ പാരമ്പര്യത്തെ നിര്‍മിച്ചു നല്‍കി. ദലായ് ലാമ ഉള്‍പ്പെടെ അന്താരാഷ്‌ട്ര പ്രശസ്തരായ പണ്ഡിതന്മാര്‍ പങ്കെടുത്ത ഗീതാ സെമിനാര്‍ ആധുനിക സമസ്യകളെ ഭഗവത് ഗീതയുടെ പ്രകാശംകൊണ്ട് പരിഹരിക്കുന്നത് എങ്ങിനെയെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. പിന്നീട് കേരളത്തില്‍ അങ്ങോളമിങ്ങോളം നിരന്തരം ഗീതാ സെമിനാറുകള്‍ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു. കമ്മ്യൂണിസ്റ്റുകള്‍ തകര്‍ത്തെറിഞ്ഞ കേരളത്തെ വീണ്ടെടുക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചത് പരമേശ്വര്‍ജിയുടെ ഇത്തരം ബൗദ്ധികമായ ഇടപെടലുകളായിരുന്നു.
കേരള കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ പട്ടണം പ്രദേശത്ത് ഉത്ഖനനങ്ങള്‍ നടത്തി കേരള ചരിത്രത്തെ തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നപ്പോള്‍ പരമേശ്വര്‍ജിയും വിചാരകേന്ദ്രവും അതിശക്തിയായി അതില്‍ ഇടപെടുകയുണ്ടായി. എറണാകുളത്തും തിരുവനന്തപുരത്തും ദേശീയ സെമിനാറുകള്‍ സംഘടിപ്പിച്ചുകൊണ്ട് പട്ടണം ഉത്ഖനനത്തിന് പിന്നിലെ രഹസ്യ അജണ്ടകളും ഗവേഷണത്തിലെ അശാസ്ത്രീയതകളും വെളിച്ചത്തുകൊണ്ടുവന്നു. കേരള ചരിത്രത്തെ മാറ്റിമറിക്കുന്നതിലൂടെ നമ്മുടെ ഹിന്ദു സാംസ്‌കാരിക പാരമ്പര്യത്തെ ചോദ്യം ചെയ്യാനുള്ള ഒരു അന്താരാഷ്‌ട്ര രഹസ്യ പദ്ധതിയാണ് വിചാരകേന്ദ്രം അന്ന് തുറന്ന് കാട്ടിയത്. വിചാരകേന്ദ്രം ഉയര്‍ത്തിയ ചോദ്യങ്ങളില്‍ തട്ടി പട്ടണം പദ്ധതി ഇപ്പോള്‍ മന്ദഗതിയിലാണ്.
ആശയപരമായി വിയോജിക്കുമ്പോഴും തന്റെ എതിര്‍പക്ഷത്തുള്ളവരെ ആകര്‍ഷിക്കാന്‍ പരമേശ്വര്‍ജിക്ക് കഴിഞ്ഞിരുന്നു. കേരളത്തിലെ പ്രശസ്തരായ എല്ലാ എഴുത്തുകാരും ചിന്തകന്മാരും പരമേശ്വര്‍ജിയോടൊപ്പം വിചാരകേന്ദ്രത്തിന്റെ വേദികളില്‍ ആശയങ്ങള്‍ പങ്കുവയ്‌ക്കാന്‍ എത്തി. എതിര്‍ ആശയക്കാരോട് ആരോഗ്യകരമായി സംവദിക്കാനുള്ള മനസ്സ് കാത്തു സൂക്ഷിച്ച പരമേശ്വര്‍ജി ആരെയും ശത്രുവായി മാറ്റിനിര്‍ത്തിയില്ല. എതിരാളികള്‍ പോലും പരമേശ്വര്‍ജിയെ ആദരവോടെ പരിഗണിച്ചു. അജാതശത്രു എന്ന പ്രയോഗം പരമേശ്വര്‍ജിയെ സംബന്ധിച്ചിടത്തോളം പൂര്‍ണമായും ശരിയാണ്. ആശയപരമായ അഭിപ്രായവ്യത്യാസം നിലനിര്‍ത്തിക്കൊണ്ടു തന്നെ സൗഹൃദം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇടതു നുകത്തിന് കീഴിലമര്‍ന്ന കേരളത്തെ വീണ്ടെടുക്കുന്നതില്‍ പരമേശ്വര്‍ജി നടത്തിയ ആശയപരമായ പോരാട്ടങ്ങള്‍ വിജയം കണ്ടു. കേരളത്തെ ഭാരതീയ വിചാരധാരയുടെ അടിത്തറയിലുറപ്പിച്ചുകൊണ്ട് പരിവര്‍ത്തനവിധേയമാക്കാനുള്ള പരമേശ്വര്‍ജിയുടെ സ്വപ്‌നം പൂര്‍ത്തിയാക്കുകയാണ് നമുക്ക് ചെയ്യാനുള്ള ദൗത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: