ന്യൂഡൽഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്വിറ്റര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയില്‍. റിപ്പബ്ലിക്ദിനത്തിലെ അക്രമത്തെ തുടര്‍ന്നുള്ള ട്വിറ്ററിന്റെ ചില നിലപാടുകളാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇതിനിടെ ട്വിറ്റർ ഇന്ത്യാ പബ്ലിക് പോളിസി മേധാവി മഹിമാ കൗൾ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ട്വിറ്റർ വൃത്തങ്ങൾ വ്യക്തമാക്കുന്നതെങ്കിലും രാജിക്ക് പിന്നില്‍ സര്‍ക്കാരുമായുള്ള ബന്ധത്തിലെ വിള്ളലുകള്‍ കാരണമാണെന്നും പറയപ്പെടുന്നു.
രാജി വെച്ചെങ്കിലും മാർച്ച് മാസം വരെ മഹിമാ കൗൾ പദവിയിൽ തുടരും. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും പബ്ലിക് പോളിസി ഡയറക്ടറാണ് മഹിമ.
250 അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിന്റെ അപ്രീതിക്ക് പാത്രമായിരിക്കുകയാണ്. ഇതോടെ ട്വിറ്റര്‍ അതിന്റെ പ്രധാനവിപണികളിലൊന്നായ ഇന്ത്യയില്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. നേരത്തെ ചൈനയിലും ട്വിറ്റര്‍ ഇത്തരമൊരു സാഹചര്യം നേരിട്ടിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിനസുകാരും സാധാരണ സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ആവിഷ്‌കാരസ്വാതന്ത്ര്യം നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ രണ്ടു തട്ടിലാണ്. ഇതിനിടെയാണ് മഹിമാ കൗളിന്റെ രാജി.
മോദി സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള ബന്ധം റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങളെത്തുടര്‍ന്നാണ് വഷളായത്. 250ഓളം അക്കൗണ്ടുകളും വിവാദ പോസ്റ്റുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും ട്വിറ്റര്‍ അതിന് തയ്യാറായിട്ടില്ല. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകളാണ് റദ്ദാക്കാന്‍ മോദി സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുപോലെ ഫേസ്ബുക്ക്, വാട്ട്‌സാപ്പ് എന്നീ യുഎസ് കേന്ദ്രമായുള്ള സോഷ്യല്‍മീഡിയ കമ്പനികളുമായും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 130 കോടി ജനങ്ങളുള്ള ഇന്ത്യയുടെ വിപണി ട്വിറ്ററിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.
കര്‍ഷകസമരത്തിന്റെ ഭാഗമായി ഇന്ത്യയില്‍ അക്രമം നടത്താന്‍ അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ഗൂഡാലോചനയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തല്‍. സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്, പോപ്പ് ഗായിക റിഹാന എന്നിവരുള്‍പ്പെടെയുള്ളവരുടെ ട്വീറ്റുകള്‍ ഈ അന്താരാഷ്‌ട്ര ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഗ്രെറ്റ തുന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവെച്ച കര്‍ഷകസമരം സംബന്ധിച്ച ടൂള്‍ കിറ്റ് തന്നെ ഒരു അന്താരാഷ്‌ട്ര ഗൂഡാലോചയുടെ സ്വരം വെളിവാക്കുന്നുണ്ട്. ഖാലിസ്ഥാനികളും ഇസ്ലാമിക തീവ്രവാദികളും ഇടതുപക്ഷ ലിബറലുകളും പ്രതിപക്ഷപ്പാര്‍ട്ടികളും പങ്കാളികളാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
അക്രമത്തിന് ആക്കം കൂട്ടാന്‍ സമരക്കാരും പ്രതിപക്ഷപാര്‍ട്ടികളും പ്രകോപനപരമായ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ പ്രചരിപ്പിക്കുകയാണ്. ഇതിലൊരു ടാഗാണ് മോദിപ്ലാനിംഗ്ഫാര്‍മര്‍ജെനോസൈഡ് (കര്‍ഷകരുടെ കൂട്ടക്കൊല മോദി ആസൂത്രണം ചെയ്യുന്നു എന്ന അര്‍ത്ഥം വരുന്ന ഹാഷ് ടാഗ്). ഈ ഹാഷ് ടാഗ് അടിയന്തരമായി ബ്ലോക്ക് ചെയ്യണമെന്ന് സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോടൊപ്പം കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന, മോദി സര്‍ക്കാരിനെ നുണകളാല്‍ മൂടുന്ന മറ്റ് 250 ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്വിറ്റര്‍ ആദ്യം വഴങ്ങിയെങ്കിലും ഒരു മുന്നറിയിപ്പുമില്ലാതെ മരവിപ്പിച്ച അക്കൗണ്ടുകള്‍ എല്ലാം തന്നെ വീണ്ടും തുറന്നുകൊടുക്കുകയായിരുന്നു. ഇതോടെയാണ് ട്വിറ്ററും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായത്. ശക്തമായ നിയമനടപടികള്‍ ട്വിറ്റര്‍ നേരിടേണ്ടി വരുമെന്ന് സര്‍ക്കാരിന്റെ ടെക്‌നോളജി മന്ത്രാലയം താക്കീത് നല്‍കിയിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡേറ്റ പ്രൈവസി സംബന്ധിച്ച പാര്‍ലമെന്‍ററി പാനല്‍ അധ്യക്ഷയും ബിജെപി എംപിയുമായ മീനാക്ഷി ലേഖി ട്വിറ്ററിനെതിരെ സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നു എന്നരോപിച്ച് ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ‘ട്വിറ്റര്‍ നിയമപാലകരല്ലെന്ന കാര്യം ഓര്‍മ്മിക്കുന്നത് നല്ലതാണെന്ന്’ മീനാക്ഷി ലേഖി പറയുന്നു.
ഈ വർഷം ആദ്യം തന്നെ പബ്ലിക് പോളിസി ഡയറക്ടർ പദവിയിൽ നിന്നും വിരമിക്കാൻ മഹിമ തീരുമാനിച്ചിരുന്നുവെന്ന് ട്വിറ്റർ പബ്ലിക് പോളിസി വൈസ് പ്രസിഡന്‍റ് മോണിക് മേച്ചെ പറഞ്ഞു. മഹിമയുടെ രാജി ട്വിറ്ററിന് വലിയ നഷ്ടമാണെന്നും എന്നാൽ അവരുടെ വ്യക്തിപരമായ ജീവിതത്തിലെ ആഗ്രഹങ്ങളെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് മഹിമയുടെ രാജിയെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുന്ന വിശദീകരണങ്ങളാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. മഹിമാ കൗളിന് പകരം സര്‍ക്കാരുമായി ബന്ധം പുലര്‍ത്തുന്ന പദവിയില്‍ പുതിയ വ്യക്തിയെ തേടുന്നതായി ട്വിറ്റര്‍ ലിങ്ക്ഡ് ഇന്നില്‍ പരസ്യം നല്‍കിയിട്ടുണ്ട്. മഹിമാ കൗള്‍ മാര്‍ച്ച് വരെ തുടരുമെന്നും അതിനിടെ പദവി ഒഴിയുന്ന പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും ട്വിറ്റര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: