മുംബൈ: ദല്‍ഹി സമരത്തില്‍ വിദേശ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് രാജ്യത്തിനു വേണ്ടി രംഗത്തു വന്ന സെലിബ്രിറ്റികളെ ലക്ഷ്യമിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍. ലത മങ്കേഷ്‌കര്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൈന നെഹ്വാള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് നീക്കം. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണോ താരങ്ങള്‍ കാര്‍ഷിക നിയമത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ നടത്തിയതെന്ന് അന്വേഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാനമായും മുംബൈയില്‍ താമസിക്കുന്ന സെലിബ്രിറ്റികളെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്യാന്‍ സച്ചിന്‍ ഉള്‍പ്പെടെയുള്ള താരങ്ങളില്‍ ബിജെപി സമ്മര്‍ദം ചെലുത്തിയെന്നും ഇതില്‍ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി സച്ചിന്‍ സാവന്ത് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടല്‍.
താരങ്ങളും ബിജെപി നേതാക്കളും തമ്മില്‍ ആശയ വിനിമയം നടന്നിട്ടുണ്ടെന്നാണ് ഈ ട്വീറ്റുകളുടെ സമാനസ്വഭാവം സൂചിപ്പിക്കുന്നത്. ഇത് അന്വേഷിക്കപ്പെടണം. ട്വീറ്റ് ചെയ്യാന്‍ താരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടായോ എന്ന് പരിശോധിക്കണമെന്ന് കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടിരുന്നു. കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് താരം റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ് തുന്‍ബെര്‍ഗ് എന്നിവര്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയ പ്രതികരണവുമായി രംഗത്തെത്തിയത്. #IndiaAgainstPropaganda , #IndiaTogetherതുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് താരങ്ങള്‍ ട്വീറ്റ് ചെയ്തത്. ഇതിനു വലിയ പിന്തുണയാണ് രാജ്യത്തു നിന്ന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: