ന്യൂദല്‍ഹി: ദല്‍ഹി അതിര്‍ത്തിയില്‍ ഇരുന്ന് പ്രതിഷേധിക്കുന്നവരോട് സമരം അവസാനിപ്പിക്കണമെന്നും മൂന്നു കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാരിനൊപ്പം ചേരണമെന്നും അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താങ്ങുവില സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് അദ്ദേഹം രാജ്യസഭയില്‍ ആവര്‍ത്തിച്ചു. ‘താങ്ങുവിലയുണ്ടായിരുന്നു, താങ്ങുവില ഇപ്പോഴുമുണ്ട്, താങ്ങുവില തുടരും’ എന്ന് പ്രധാനമന്ത്രി അറിയിച്ചു.
ചന്തകള്‍ ആധുനികവത്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഷിക രംഗത്തെ പരിഷ്കാരങ്ങളില്‍ പ്രതിപക്ഷം ‘യു ടേണ്‍’ എടുത്തതിനെ മോദി ചോദ്യം ചെയ്തു. കാര്‍ഷികമേഖലയില്‍ പരിഷ്കാരങ്ങള്‍ വേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ വാക്കുകള്‍ പരാമര്‍ശിച്ചായിരുന്നു അദ്ദേഹം പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.
‘മന്മോഹന് ജി ഇവിടുണ്ട്. അദ്ദേഹം പറഞ്ഞിട്ടുള്ളത് ഞാന്‍ വായിക്കാം. യു ടേണ്‍ എടുക്കുന്നവര്‍(കാര്‍ഷിക നിയമങ്ങളില്‍) ഒരു പക്ഷേ അദ്ദേഹത്തോട് യോജിച്ചേക്കാം. ‘കൂടുതല്‍ വില കിട്ടുന്നയിടത്ത് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ഷകരെ വിലക്കുന്ന 1930-കളില്‍ നടപ്പാക്കിയ വിപണന സംവിധാനം മൂലം മാറ്റാനാവാത്ത മറ്റുകാര്യങ്ങളുണ്ട്. വലിയ പൊതുവിപണയില്‍ രാജ്യത്തിന്റെ വിശാലമായ സാധ്യത തിരിച്ചറിഞ്ഞ് ഇന്ത്യയുടെ വഴിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതെല്ലാം നീക്കുകയെന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം’- മോദി പറഞ്ഞു. മന്മോഹന് സിംഗിന്റെ സ്വപ്നം മോദി നടപ്പാക്കുന്നുവെന്നതില്‍ നിങ്ങള്‍ നിങ്ങള്‍ അഭിമാനിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: