കാസര്‍കോട്: അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട്, പുതിയ കേരളത്തിനായ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ ഒരുക്കങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു. 20ന് രാവിലെ 10ന് കാസര്‍കോട് നിന്നാണ് യാത്ര ആരംഭിക്കുന്നത്. ബിജെപി ദേശീയ സംസ്ഥാന ജില്ലാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. മാര്‍ച്ച് 6ന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുന്നത്.
യാത്രയുടെ ഭാഗമായി ജില്ലയില്‍ വിപുലമായ ഒരുക്കങ്ങളാണ് ആരംഭിച്ചത്. യാത്രയോടനുബന്ധിച്ച ഫ്ലക്‌സ് ബോര്‍ഡുകള്‍ നഗരത്തില്‍ സ്ഥാപിച്ചു തുടങ്ങി. ചുവരെഴുത്തുകളും കഴിഞ്ഞ ദിവസം ആരംഭിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള സംഘാടക സമിതി യോഗം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് കാസര്‍കോട് ബിജെപി ജില്ലാ ഓഫീസിലും നാളെ ഉച്ചയ്‌ക്ക് മൂന്നിന് പുതിയകോട്ട മാരാര്‍ജി സ്മാരക മന്ദിരത്തിലും നടക്കും.
കഴിഞ്ഞ ദിവസം ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ത്യശ്ശൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതോടെ സംസ്ഥാനത്തെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി. ഇടത് വലത് മുന്നണികളുടെ അഡ്ജസ്റ്റ്‌മെന്റ് രാഷ്‌ട്രീയത്തിനെതിരെയുള്ള ശക്തമായ മത്സരമായിരിക്കും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കാഴ്ചവയ്‌ക്കുക.
മഞ്ചേശ്വരം, കാസര്‍കോട് ഉള്‍പ്പെടെയുള്ള നിയമസഭാ മണ്ഡലങ്ങളില്‍ വിജയം മാത്രം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് ഗോദയിലേയ്‌ക്ക് ഇറങ്ങുന്ന ബിജെപി ജില്ലാ ഘടകം കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയും ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക