കൊല്ലം: കുന്നത്തൂര്‍ നിയമസഭാ സീറ്റ് ആര്എസ്പിയില് നിന്നും ഏറ്റെടുക്കാനുള്ള നീക്കം കോണ്‍ഗ്രസ് ശക്തമാക്കുന്നു. കുന്നത്തൂര്‍ സീറ്റ് ഏറ്റെടുത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ദിനകര്‍ കോട്ടക്കുഴിയെ മത്സരിപ്പിക്കാനാണ് എ ഗ്രൂപ്പ് പദ്ധതി. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തേവലക്കര ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് ശക്തമായ മത്സരം കാഴ്ച വച്ചതാണ് ഗ്രൂപ്പിന് പിന്ബലമാകുന്നത്.
അതേസമയം സീറ്റ് വച്ചുമാറ്റം ആര്‍എസ്പിയിലെ വലിയൊരുവിഭാഗം എതിര്‍ക്കുകയാണ്. ഒരുതവണ വിട്ടുകൊടുത്താല്‍ പിന്നീട് സീറ്റ് വീണ്ടെടുക്കാനുള്ള പ്രയാസമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മൂന്നര പതിറ്റാണ്ടിലേറെയായി ആര്‍എസ്പി കൈവശം വയ്ക്കുന്നതാണ് ഈ പട്ടികജാതി സംവരണ സീറ്റ്. സീറ്റ് ഏറ്റെടുക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസിലും ഒരുവിഭാഗത്തിന്റെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റിലേതെങ്കിലും പകരം ആര്‍എസ്പി നേടിയെടുക്കുമെന്ന വാദമാണ് ഇവര്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തുന്നത്.
ജില്ലയില്‍ കുന്നത്തൂര്‍, ഇരവിപുരം, ചവറ സീറ്റുകളിലാണ് ആര്‍എസ്പി മത്സരിച്ചുവരുന്നത്. ആര്‍എസ്പി ജില്ലാ സെക്രട്ടറിയായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന മുന്‍മന്ത്രി ബാബു ദിവാകരന് ജില്ലയില്‍ മത്സരിക്കാനുള്ള സീറ്റ് ഉറപ്പാക്കാനാണ് കുന്നത്തൂര്‍ കോണ്‍ഗ്രസിന് കൈമാറണമെന്ന ആവശ്യം ആര്എസ്പിയില് ഒരുവിഭാഗം ഉയര്‍ത്തുന്നത്. ആര്‍എസ്പി കഴിഞ്ഞ തവണ പരാജയപ്പെട്ട സീറ്റാണ് കുന്നത്തൂര്‍. കോണ്‍ഗ്രസിന്റെ കൈവശമുള്ള ചാത്തന്നൂര്‍, കൊല്ലം, പുനലൂര്‍ സീറ്റുകളിലാണ് ആര്‍എസ്പി നോട്ടമിടുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ബാബുദിവാകരന് മത്സരിക്കാന്‍ അവസരമൊരുക്കാന്‍ ആര്‍എസ്പി സംസ്ഥാന നേതൃത്വം കച്ചകെട്ടിയിട്ടുണ്ട്. എന്നാല്‍ ഇതിനോട് വലിയ വിഭാഗത്തിനും യോജിപ്പില്ലെന്നാണ് വിവരം.
കുന്നത്തൂരില്‍ ആര്‍എസ്പി തന്നെ മത്സരിക്കുകയാണെങ്കില്‍ കഴിഞ്ഞ തവണ തോറ്റ ഉല്ലാസ് കോവൂര്‍, ആര്‍വൈഎഫ് സംസ്ഥാനസമിതി അംഗം സുഭാഷ് കല്ലട എന്നിവരാണ് കുന്നത്തൂരിലേക്ക് ലിസ്റ്റിലുള്ളത്. ഉല്ലാസിന് വേണ്ടി എന്‍.കെ.പ്രേമചന്ദ്രന് എംപിയും ചില മണ്ഡലം കമ്മിറ്റി നേതാക്കളും പിടിമുറുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: