ആലപ്പുഴ: കാന്‍സര്‍ രോഗബാധിതര്‍ക്കുള്ള അവശ്യമരുന്നുകള്‍ക്കും ക്ഷാമം. രോഗികള്‍ നെട്ടോട്ടത്തില്‍. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടുന്ന കാന്‍സര്‍ രോഗികള്‍ക്കാണ് ഈ ദുരവസ്ഥ. കാന്‍സര്‍ ബാധിതര്‍ക്കുള്ള ലെവി പില് എന്ന മരുന്നിനായി രോഗികള്‍ കഴിഞ്ഞ നാലുമാസമായി നെട്ടോട്ടമോടുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാരുണ്യയിലും ഫാര്മസിയിലുമൊന്നും ഈ അവശ്യമരുന്നു കിട്ടാനില്ല.
സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നൂറുരൂപയ്ക്ക് മുകളിലാണ് ഇതിന്റെവില. അതുകൊണ്ടു തന്നെ സാധാരണക്കാരായ രോഗികള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയാണ് വില കൂടിയ മരുന്നിനായി ആശ്രയിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ ഇതുള്‍പ്പെടെയുള്ള പല അവശ്യമരുന്നുകളും ലഭ്യമല്ല. മരുന്നിന്റെ ലഭ്യത ഉറപ്പാക്കാന്‍ ആശുപത്രി അധികൃതരും തയാറായിട്ടില്ലെന്നാണ് ആക്ഷേപം. അടിയന്തരമായി ജീവന് രക്ഷാ മരുന്നുകള്‍ ഫാര്‍മസിയിലും കാരുണ്യയിലും ലഭ്യമാക്കാന്‍ ആശുപത്രി അധികൃതര്‍ തയാറാകണമെന്നാണ് രോഗികള്‍ പറയുന്നത്.
മറ്റു മാരക രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ അവസ്ഥയും ഇതു തന്നെയാണ്. പാവപ്പെട്ട രോഗികളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയേയും, കാരുണ്യ ഫാര്‍മസിയേയും ആശ്രയിക്കുന്നത്. ഇവിടങ്ങളില്‍ മരുന്ന് ലഭ്യമല്ലാത്തതിനാല്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വലിയ വില നല്കി മരുന്ന് വാങ്ങേണ്ട അവസ്ഥയാണുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: