ചാത്തന്നൂര്‍: സിപിഎം ഭരിക്കുന്ന ഇത്തിക്കര റൂറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി നാളെ നടത്തുന്ന ഭൂമി വില്പന വിവാദമാകുന്നു. ഫണ്ട് സമാഹരണത്തിനായാണ് ഭൂമികൈമാറ്റമെന്ന് പ്രചാരണം നടത്തുമ്പോഴും കടലാസ് സംഘടനയുടെ മറവില്‍ സ്വകാര്യവ്യക്തികള്‍ക്ക് ഭൂമി അടിയറ വയ്ക്കുകയാണെന്നാണ് ആക്ഷേപം.
ജില്ലയിലെ തന്നെ ആദ്യത്തെ നാളീകേര സര്‍വീസ് സൊസൈറ്റിയാണ് ഇത്തിക്കര ബ്ലോക്ക് റൂറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി. സിപിഎം നേതൃത്വത്തില്‍ എട്ടംഗ ഭരണസമിതിയാണ് നേതൃത്വം. ഇവരാണ് ഭൂമി വില്‍പ്പനയ്ക്ക് നീക്കങ്ങള്‍ നടത്തിയത്. മാര്‍ക്കറ്റ്ഫെഡില്‍ അംഗത്വം ഉള്ള സൊസൈറ്റി നാളീകേരം സംഭരിച്ചുകൊണ്ട് കേരകര്‍ഷകരെ സഹായിക്കാനും കേരകൃഷി പ്രോത്സാഹിപ്പിക്കാനും വേണ്ടി ഒരു സംഘം സഹകാരികള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ്.
ആദ്യനാളില്‍ കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച ഭരണസമിതികള്‍ ഉണ്ടായിരുന്നതിനാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തനം നടത്തി. എന്നാല്‍ സഹകരണ സംഘത്തില്‍ രാഷ്ട്രീയം വന്നതോടെ സംഘം നഷ്ടത്തിലേക്ക് കൂപ്പുകുത്തി തുടങ്ങി. പത്തോളം തൊഴിലാളികള്‍ ഉണ്ടായിരുന്ന സംഘം ഇടതനുകൂലികള്‍ കയ്യടക്കി പതുക്കെ സിപിഎമ്മിന്റെ കൈവശമെത്തിച്ചു. അതോടെ സംഘത്തിന്റെ കഷ്ടകാലവും തുടങ്ങി. സെക്രട്ടറിമാര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം കിട്ടിയതോടെ നഷ്ടക്കണക്കുകള്‍ നിരത്തി ജോലിക്കാര്‍ക്ക് കൂലി കൊടുക്കാനും സെക്രട്ടറിമാര്‍ക്ക് ശമ്പളം കൊടുക്കാനും സര്‍ക്കാര്‍ ലോണുകള്‍ക്കുമായി ഭൂമി വിറ്റുതുടങ്ങി.
ദേശീയപാതയോരത്ത് കോടികള്‍ വിലമതിക്കുന്ന മൂന്ന് ഏക്കറോളം ഭൂമിയുണ്ടായിരുന്ന സൊസൈറ്റിയ്ക്ക് ഇപ്പോള്‍ ഉള്ളത് 99 സെന്റ് വസ്തു മാത്രം. ഇതില്‍ നിന്നാണ് ഇപ്പോള്‍ 53 സെന്റ് വസ്തു പാട്ടത്തിനെന്ന പേരില്‍ നാളെ കൈമാറാന്‍ പോകുന്നത്. ചാത്തന്നൂര്‍ കേന്ദ്രമായി സിപിഎം പ്രവര്‍ത്തകര്‍തന്നെ രൂപീകരിച്ച തട്ടികൂട്ട് സ്പോര്‍ട്സ് ക്ലബ്ബിനാണ് ഭൂമി നല്‍കുന്നത്. രണ്ട് ലക്ഷം രൂപ ഡിപ്പോസിറ്റും 12000 രൂപ മാസ വാടകയും ലഭിക്കുമെന്നാണ് ഭരണസമിതിയുടെ അവകാശവാദം. ബോര്‍ഡ് യോഗത്തില്‍ എതിര്‍പ്പ് ഉണ്ടായിട്ടും തീരുമാനം നടപ്പാക്കുമെന്ന വാശിയിലാണ് ഭാരവാഹികള്‍.
മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ലൈലയും ഇവിടെ സെക്രട്ടറിയായി ജോലി നോക്കിയിട്ടുണ്ട്. സിപിഎം ചിറക്കര ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷകതൊഴിലാളി നേതാവുമായ രവീന്ദ്രന്‍പിള്ളയാണ് ഇപ്പോള്‍ പ്രസിഡന്റ്. സിപിഎമ്മിന്റെ സമുന്നത നേതാക്കള്‍ പലരും ഇവിടെ പ്രസിഡന്റുമാരായി ഇരുന്നിട്ടുണ്ട്. കൊപ്ര സംസ്കരണം നിലച്ചതോടെ ഇപ്പോഴുള്ള വരുമാനം മലബാര്‍ സിമന്റ് കച്ചവടം വഴിയാണ്.
‘സൊസൈറ്റിക്ക് വരുമാനം ഇല്ലാത്തതിനാല്‍ ദൈനംദിന ചിലവുകള്‍ക്ക് പോലും പണമില്ല. ഒരു വരുമാനത്തിന് വേണ്ടിയാണ് ഭൂമി വാടകയ്ക്ക് കൊടുക്കുന്നത്. അതിന്റെ നിയമവശങ്ങള്‍ അന്വേഷിക്കുകയാണ്. ഈ ഭരണസമിതി വന്നതിന് ശേഷം ഭൂമി വിറ്റിട്ടില്ല. ദൈനംദിന ചിലവിന് പോലുമുള്ള ബുദ്ധിമുട്ടിന് ഇടപാടിലൂടെ പരിഹാരമുണ്ടാക്കുകയാണെന്ന് സൊസൈറ്റി പ്രസിഡന്റ് രവീന്ദ്രന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: