ഏതാനും ദിവസങ്ങള്‍ക്കു ശേഷം ശിവാജി ബന്ധനസ്ഥനാണെന്ന വിവരം ജയസിംഹനറിഞ്ഞു. ഒരു ഞെട്ടലോടെയാണ് ജയസിംഹനത് കേട്ടത്. ശിവാജിയുടെ ജീവന് രക്ഷിക്കുന്നതിനെക്കുറിച്ച് ചിന്താകുലനായി ജയസിംഹന്. പെട്ടെന്ന് ബാദശാഹയ്ക്ക് ഒരു നിവേദന പത്രം എഴുതിയയച്ചു. ശിവാജിയെ ജയിലിലടച്ചതുകൊണ്ടൊ കൊന്നതുകൊണ്ടോ നമുക്ക് നേട്ടമൊന്നുമില്ല. ശിവാജിയുടെ അനുപസ്ഥിതിയിലും അദ്ദേഹത്തിന്റെ രാജ്യത്തില്‍ ഭരണവ്യവസ്ഥ യോഗ്യമായ രീതിയില്‍ നടക്കുന്നുണ്ട്.
ശിവാജിയോട് സ്നേഹമായി പെരുമാറി ദക്ഷിണത്തിലേക്കയക്കുകയാണെങ്കില്‍ ദില്ലി സാമ്രാജ്യത്തിന്റെ സംരക്ഷണത്തിന് സഹായിയായിത്തീരും. എന്നു മാത്രമല്ല ദില്ലി ഭരണകൂടം കൊടുത്ത വാക്ക് പാലിക്കുന്നവരാണ് എന്ന് ജനങ്ങളില്‍ വിശ്വാസവും ഉണ്ടാകും.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ദക്ഷിണത്തില്‍ മുഗളന്മാരുടെ ഭരണം ദുര്‍ബലമായി. പരിസ്ഥിതി നിയന്ത്രണം വിട്ടു. ഈ അവസ്ഥയില്‍ ശിവാജിയെ ദക്ഷിണത്തിലേക്കയക്കുന്നത് ഹാനികരമായിരിക്കും. ആഗ്രയില്ത്തന്നെയായിരിക്കുന്നതാണ് നല്ലതെന്നു സൂചിപ്പിച്ച് ഒരു പത്രം ജയസിംഹന് ബാദശാഹയ്ക്കയച്ചു. രാമസിംഹനും രജപുത്രന്റെ വാക്കിന്റെ വില സംരക്ഷിക്കണം എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് വീണ്ടും വീണ്ടും പത്രം എഴുതുന്നുണ്ടായിരുന്നു. അവിടെ രാജഗഢില്‍ ഭയവിഹ്വലയായ ജീജാബായി ഭവാനീദേവിയെ നിരന്തരം
പ്രാര്ത്ഥിച്ചുകൊണ്ടിരിക്കയായിരുന്നു. മകന്റെ രക്ഷക്കായി. എന്നാല്‍ സ്വരാജ്യത്തിന്റെ ഭരണ നിര്‍വഹണത്തില്‍ ലവലേശം പോലും ശിഥിലത ഉണ്ടായിരുന്നില്ല. ദക്ഷിണദേശത്തെ ശിവാജിയുടെ മുഴുവന്‍ ശത്രുക്കളും
പൂര്‍ണസമാധാനത്തോടെ ശ്വാസോഛ്വാസം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇനിയങ്ങോട്ട് ഒരിക്കലും ശിവാജിയുടെ ശല്യം ഉണ്ടാവില്ല എന്നവര്‍ വിശ്വസിച്ചു. അക്കാലത്തെ നിഷ്പക്ഷമതികളായ നിരീക്ഷകന്മാരുടെ എഴുത്തുകളില്‍ ഇത് വ്യക്തമാകുന്നുണ്ട്.
ശിവാജിയും അനുചരന്മാരും ചിന്താമഗ്നരായിരിക്കുകയാണ്. വിചാരാഗ്നിയില്‍ അവരുടെ ഹൃദയം വെന്തുനീറിക്കൊണ്ടിരിക്കുകയായിരുന്നു. പ്രത്യക്ഷ കാലസര്പ്പത്തെപ്പോലെ ഏതവസരത്തിലും ആക്രമിക്കാന്‍ തയ്യാറായി ആയുധധാരികളായ പഠാന് സൈനികര്‍ ശിവാജിക്ക് ചുറ്റും രാവും പകലും കാവല്‍ നില്‍പ്പുണ്ടായിരുന്നു.
ഈ കരിനിഴലില്‍ ശിവാജിയുടെ ബഹുമുഖ പ്രതിഭ പ്രഭാഹീനമായില്ല. മറിച്ച് അന്ധകാരത്തെ ഭേദിച്ച് പ്രകാശമാനമായി. മനസ്സില്‍ ചില ആശയങ്ങള്‍ ഉദിച്ചു അതനുസരിച്ച് പദ്ധതികളും ചിന്തിച്ചു. അപൂര്‍വവും അത്ഭുതകരവും അപകടം പിടിച്ചതുമായ ആ പദ്ധതി പിഴച്ചാല്‍ പ്രാണനപഹരിക്കപ്പെടും. അല്പം തെറ്റിയാല്‍ പോലും സര്‍വ്വനാശം സംഭവിക്കും. അത്യന്തം ജാഗരൂകതയോടെ തയ്യാറാക്കിയതാണെങ്കിലും ഈശ്വരാനുഗ്രഹമില്ലാതെ അത് വിജയിക്കാന്‍ സാധ്യമല്ല.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: