പാലാ : നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ തന്നെ മത്സരിക്കുമെന്ന് നിലപാട് ആവര്‍ത്തിച്ച് മാണി സി. കാപ്പന്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നതിന് പിന്നാലെ പാലാ സീറ്റ് സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തതാണ്. സിറ്റിങ് എംഎല്‍എആയ മാണി സി. കാപ്പന് സീറ്റ് വിട്ട് തരില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.
നിയമസഭാ സഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ തീരുമാനം എന്താണോ അതിനൊപ്പം നില്ക്കും. സീറ്റ് സംബന്ധിച്ച് വിരുദ്ധമായ ഒരു തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് പതിറ്റാണ്ട് കാലത്തെ ബന്ധമാണ് തനിക്ക് അദ്ദേഹവുമായി ഉള്ളത്. കോണ്‍ഗ്രസ് എസിനെ എന്‍സിപിയില്‍ ലയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയത് താനാണ്. അതുകൊണ്ടുതന്നെ പാലാ സീറ്റ് വിട്ടു കൊടുത്തുള്ള തീരുമാനം പവാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ കേരളത്തില്‍ വന്ന് ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും മാണി സി കാപ്പന് അറിയിച്ചു.
അതേസമയം എല്‍ഡിഎഫ് വിട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് കാപ്പന് കൃത്യമായ മറുപടി നല്‍കിയില്ല. അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയം ജില്ലയില്‍ പ്രവേശിക്കുന്നതിന് മുമ്പ് പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് തീരുമാനം എടുക്കണമെന്ന് യുഡിഎഫ് നേതൃത്വം മാണി സി കാപ്പനെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വറുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും കാപ്പന് അറിയിച്ചു.
എന്‍സിപിയുമായി ബന്ധപ്പെടുത്തി പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് എ.കെ. ശശീന്ദ്രനും പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ എന്‍സിപി മത്സരിക്കും. എല്‍ഡിഎഫില്‍ പ്രശ്നങ്ങളുണ്ടെന്ന് ബോധപൂര്‍വ്വം വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായുള്ള കുപ്രചാരണങ്ങളാണ് ഇപ്പോള്‍ ഉള്ളതെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: