നാടാര്‍ സമുദായത്തിലെ പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുകൂടി ഒ.ബി.സി. സംവരണം നല്കുവാന് പിണറായി സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നു. സംവരണത്തിന് അനര്‍ഹരായ ക്രിസ്ത്യന്‍ നാടാര്‍ സമൂഹംകൂടി ഒ.ബി.സിയില്‍ ഉള്‍പ്പെടുന്നതോടെ നാമമാത്രമായ സംവരണം ലഭിച്ചുവരുന്ന എഴുപത്തിമൂന്നോളം വരുന്ന പിന്നാക്ക ഹിന്ദുസമുദായങ്ങള്‍ നോക്കുകുത്തികളായിമാറുമെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് കേരളം എത്തിനില്‍ക്കുന്നത്. നാടാര്‍ സമുദായത്തില്‍പ്പെട്ട മലങ്കര, ലൂഥാറന്, മര്‍ത്തോമ തുടങ്ങിയ സഭയിലെ വിശ്വാസികള്‍ക്കുകൂടി ഇനിമുതല്‍ ഒ.ബി.സി. സംവരണം ലഭ്യമാക്കും എന്നാണ് പ്രഖ്യാപനം. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് ശുപാര്‍ശപ്രകാരമാണ് പ്രസ്തുത നടപടി എന്ന് പറയുന്നുണ്ടെങ്കിലും, തെരഞ്ഞെടുപ്പു മുന്നില്‍കണ്ടുകൊണ്ടുള്ള ഇടതു സര്‍ക്കാറിന്റെ അടവുനയമാണ് ഇതെന്ന് വ്യക്തം. ക്രിസ്ത്യന്‍ മതന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യമിട്ട്, വീണ്ടും ഭരണത്തിലെത്താനുള്ള കുറുക്കുവഴിയാണ് ഭരണഘടനാ വിരുദ്ധമായ ഈ തീരുമാനത്തിലൂടെ ഇടത് ഭരണം തേടുന്നത്.
മതംമാറ്റപ്പെട്ട് ന്യൂനപക്ഷ വിഭാഗങ്ങളില്‍ എത്തിച്ചേരുന്നവര്‍ക്ക് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതോടൊപ്പം ഒ.ബി.സി. സംവരണവുംകൂടി ലഭ്യമാകുന്നതോടെ ഇരട്ട ആനുകൂല്യമാണ് ഇവര്‍ക്ക് ലഭിക്കുക. ഇടതു സര്‍ക്കാരിന്റെ പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയും ഹിന്ദു വിരുദ്ധ സമീപനവും ഒരിക്കല്‍ക്കൂടി ഈ തീരുമാനത്തിലൂടെ വെളിപ്പെടുന്നു.
സാമൂഹ്യ അവശതയ്ക്ക് പരിഹാരമായി ജാതി സമൂഹങ്ങള്‍ക്കാണ് ഭരണഘടനാപ്രകാരം സംവരണം വ്യവസ്ഥ ചെയ്തിരിക്കുന്നത്. ജാതിയില്ലാതെ മതത്തിനെ അടിസ്ഥാനമാക്കി സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണ്. പല ദശാബ്ദങ്ങളായി കേരളത്തില്‍ മതന്യൂനപക്ഷങ്ങള്‍ ഇത്തരത്തിലൂള്ള അനര്‍ഹമായ ആനുകൂല്യങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. മാറിമാറി അധികാരത്തില്‍ എത്തിയ സര്‍ക്കാരുകള്‍ തുടര്‍ന്നുപോരുന്ന ന്യൂനപക്ഷ പ്രീണനത്തിന്റെയും വിവേചനത്തിന്റേയും പിന്നാക്ക വിരുദ്ധ മനോഭാവത്തിന്റേയും ഫലമാണിതെന്ന് കാണാം.
സമൂഹത്തിന്റെ എല്ലാമേഖലകളിലും മുന്നോക്കാവസ്ഥ അനുഭവിച്ചു വരുന്നവരാണ് കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍. ഇവര്‍ക്ക് ഭാരത ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29, 30 പ്രകാരമുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ ലഭിക്കുന്നുമുണ്ട്. ന്യൂനപക്ഷങ്ങളില്‍ ജാതിപരമായ വിവേചനങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ സാമൂഹ്യമായി പിന്നാക്കക്കാര്‍ അല്ല. അതിനാല്‍ ഒരു കാരണവശാലും ഒ.ബി.സി. സംവരണം ലഭിക്കുവാന്‍ ഇവര്‍ അര്‍ഹരുമല്ല.
കേരളത്തിലെ ജാതിമത വിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥയെക്കുറിച്ച് 2016ല്‍ സി.ഡി.എസ്സ് ഒരു പഠനം നടത്തുകയുണ്ടായി. കെ.സി. സക്കറിയ സമര്‍പ്പിച്ച റിപ്പോര്‍ട്ടുപ്രകാരം കേരളത്തിലെ ഹിന്ദുപിന്നാക്ക വിഭാഗങ്ങളെക്കാള്‍ എല്ലാകാര്യത്തിലും ബഹുദൂരം മുന്നിലാണ് ന്യൂനപക്ഷ മതവിഭാഗങ്ങള്‍. ഹിന്ദു പിന്നാക്ക വിഭാഗത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. പിണറായി സര്‍ക്കാരിന്റെ ഈ തീരുമാനം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ആക്കംകൂട്ടുവാന്‍ മാത്രമേ ഉപകരിക്കുകയുള്ളു.
സംവരണം ജാതികള്ക്കുള്ളതാണ്. മതങ്ങള്‍ക്കുള്ളതല്ല. കാലാകാലങ്ങളായി സാമൂഹ്യമായും, വിദ്യാഭ്യാസപരമായും, സാമ്പത്തികമായും പിന്നാക്കം പോയ ഹിന്ദുപിന്നാക്ക ജാതികളെ മുഖ്യധാരയില്‍ കൊണ്ടുവരുവാന്‍ വിഭാവനം ചെയ്യപ്പെട്ടതാണ് സംവരണം. ഒരു ഹിന്ദു മതം മാറിയാല്‍ ജാതിപ്പേര് നഷ്ടപ്പെടും. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ജാതി വ്യവസ്ഥയില്ല. ഹിന്ദു സമൂഹത്തില്‍ നിന്ന് മതം മാറി സംവരണത്തിനായി ഹിന്ദുജാതിപ്പേര് ഉപയോഗിക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്നതിനുശേഷം സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുമ്പാകെ ഉണ്ടായ ആദ്യകേസ് സ്റ്റേറ്റ് ഓഫ് മദ്രാസ് ഢ െചെമ്പകം ദുരൈ രാജന് എന്നതായിരുന്നു. 2015ല്‍ കെ.പി. മനു VS ചെയര്മാന്, സ്ക്രൂട്ടണി കമ്മറ്റി എന്ന കേസാണ് സുപ്രീം കോടതി മുമ്പാകെ അടുത്തകാലത്തായി സംവരണത്തെപ്പറ്റി വന്നത്. ഈ രണ്ടുകേസ്സിലും സംവരണം മതപരമല്ല ജാതിപരമാണെന്നാണ് സുപ്രീംകോടതി വിലയിരുത്തിയിട്ടുള്ളത്.
ഡല്‍ഹിയിലെ യുവ അഭിഭാഷകയായിരുന്ന ഇന്ദിരാ സാഹ്നി നല്കിയ കേസ്സ് സംവരണത്തെപ്പറ്റി ഭാരത ഭരണഘനയുടെയും, പരമോന്നത നീതിന്യായപീഠത്തിന്റെയും വെളിപ്പെടുത്തലിന്റെ സുപ്രധാന സാക്ഷ്യപത്രമാണ്. പ്രസ്തുത കേസില്‍ പരമോന്നത നീതിന്യായപിഠം വിധിപ്രസ്താവം നടത്തിയത് 1992 നവംബര്‍ 16ന് ആണ്. സംവരണത്തിന്റെ പിന്നാക്ക അവസ്ഥ നിശ്ചയിക്കുന്നത് ജാതി അടിസ്ഥാനത്തിലാണെന്നും മത അടിസ്ഥാനത്തില്‍ അല്ലെന്നും പ്രസ്തുത വിധിപ്രസ്താവത്തിലൂടെ ഒന്‍പത് അംഗ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് അടിസ്ഥാനമാക്കിയാലും പിണറായി സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം വോട്ടുതട്ടുന്നതിന് വേണ്ടി മാത്രമുള്ള ചെപ്പടിവിദ്യയാണെന്ന് കാണാവുന്നതാണ്.
വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സംവരണ ആനുകൂല്യങ്ങള്‍ കൂടുതല്‍ നേടിയെടുത്ത് സംവരണത്തിന്റെ യഥാര്‍ത്ഥ സത്തയെ ഇല്ലാതാക്കുന്നതാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ ആസൂത്രിതമായി ചെയ്തു വരുന്ന ഒരു പദ്ധതിയാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ സര്‍ക്കാരുകള്‍ ഇതിനെ വഴിവിട്ട് പിന്തുണയ്ക്കുന്നു. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളെല്ലാം അനര്ഹര്തട്ടിയെടുക്കുന്നു. സാമൂഹ്യ നീതിയും, അവസര സമത്വവും, ഭരണ പങ്കാളിത്തവും ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ക്ക് അന്യം നില്‍ക്കുകയാണ്. ഒരിക്കല്‍ കോണ്‍ഗ്രസ്സ് നേതാവായിരുന്ന എ.കെ. ആന്റണി ഈ സത്യാവസ്ഥ തുറന്നുകാട്ടിയിരുന്നതാണ്. പക്ഷേ അദ്ദേഹത്തിന്റെ പ്രസ്ഥാനവും നാളിതുവരെ തെറ്റുതിരുത്തുവാന്‍ തയ്യാറായിട്ടില്ല.
സംവരണം ഒരു ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിയേയല്ല. സാമൂഹ്യ കാരണങ്ങളാല്‍ ജാതി വ്യവസ്ഥ എന്ന അനീതിമൂലം നൂറ്റാണ്ടുകളായി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ജാതി വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിനുള്ള പ്രക്രിയ ആണിത്.Under represented എന്നത് മാനദണ്ഡമാക്കി Over represented ആയ മതവിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ തകര്‍ക്കുന്നതാണ്.
കേരളത്തില്‍ പിന്നാക്ക അവസ്ഥയിലുള്ള വിശ്വകര്‍മ്മ, ധീവര, കുടുംബി, വീരശൈവ തുടങ്ങിയ എഴുപത്തിരണ്ടോളം വരുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങള്‍ക്ക് നാമമാത്രമായ സംവരണം മാത്രമാണ് നല്‍കിവരുന്നത്. ഇതിന്റെ എത്രയോ മടങ്ങ് സംവരണം ലഭിക്കുന്നവരാണ് മതന്യൂനപക്ഷങ്ങള്‍. ജസ്റ്റിസ് നരേന്ദ്രന് കമ്മീഷന് ചൂണ്ടിക്കാട്ടിയിരുന്ന ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് നാളിതുവരെ പരിഹരിക്കുവാന്‍ കേരളത്തില്‍ ഭരണം നടത്തിയ ഒരു സര്‍ക്കാരും തുനിഞ്ഞിട്ടില്ല. വേട്ടക്കാരനും ഇരയ്ക്കും തുല്യ പരിഗണന എന്നത് ഇരക്ക് നീതി നിഷേധിക്കലും വേട്ടക്കാരനെ രക്ഷിക്കുന്നതിനും തുല്യമാണ്.
ഭരണഘടന വിരുദ്ധമായ ഇരട്ട സംവരണത്തിന് മതന്യൂനപക്ഷങ്ങളെ അര്‍ഹരാക്കുന്നതില്‍ കേരളം ഭരിച്ച സര്‍ക്കാരുകള്‍ പരസ്പരം മത്സരിക്കുകയാണ്. ന്യൂനപക്ഷ സമൂദായങ്ങളെ സംവരണത്തിലെ ഇത്തിള്‍കണ്ണികളായി തുടരുവാന്‍ അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഭാരത ഭരണഘടനാ ശില്പി കണ്ടെത്തിയ സംവരണ തത്വങ്ങള്‍ക്ക് എതിരാണിത്. സംവരണം ജാതി അടിസ്ഥാനത്തില്‍ തന്നെയാണ് നല്‍കേണ്ടത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 (4), 16(4) വ്യക്തമാക്കുന്നതും ഇതുതന്നെയാണ്.
അധികാരത്തിന്റെ ഉന്മത്തതയില് മദിച്ചും, രമിച്ചും ഭരണഘടനാ വിരുദ്ധ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വെമ്പല്കൊള്ളുന്നവര് ഒരുനാള്‍ ഇതു തിരുത്തേണ്ടിവരും. കേരളത്തിലെ ഹൈന്ദവ പിന്നാക്ക സമുദായങ്ങള്‍ സംഘടിത ശക്തിയല്ല എന്ന നിഗമനം അന്ധത ബാധിച്ച ഭരണാധികാരികള്‍ക്ക് തിരുത്തേണ്ടിവരുന്നകാലം അതി വിദൂരമല്ല. അധികാരത്തിന്റെ പിന്‍ബലമില്ലാത്ത സംഘടിതരല്ലാത്ത ഹിന്ദു പിന്നാക്ക സമുദായങ്ങള്‍ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുവാന്‍ പ്രാപ്തരല്ലെന്നുള്ള കേരള മുഖ്യന്റെ നിഗമനം മലര്‍പ്പൊടിക്കാരന്റെ സ്വപ്നത്തിന് തുല്യമാണ്. കേരളത്തിലെ 72 നിയോജക മണ്ഡലങ്ങളില്‍ ഒ.ബി.സി. ഹിന്ദു വിഭാഗങ്ങള്‍ക്ക് സ്വാധീനമുണ്ടെന്ന് മുഖ്യന് മനസ്സിലാക്കേണ്ടിവരും. അത് വിദൂരത്തിലല്ലെന്ന് കേരളത്തില്‍ തെളിയിക്കപ്പെടാന്‍ അധികകാലം വേണ്ടിവരില്ല.
അഡ്വ. സതീഷ് ടി പത്മനാഭന്
ഭാരതീയ ജനതാ പാര്‍ട്ടി ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: