ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശിതരൂരിന്റെ പത്തുവര്‍ഷം മുന്‍പുള്ള ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട് ട്വിറ്ററില്‍ പങ്കുവച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കാര്‍ഷിക നിയമത്തിലും ഇടനിലക്കാരുടെ സമരത്തിലും കേന്ദ്രസര്‍ക്കാരിനെ നിരന്തരം ആക്രമിച്ച് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന വാദങ്ങളുടെ മുനയൊടിക്കുന്നതാണ് 2010-ലെ ശശി തരൂരിന്റെ ട്വീറ്റ്. ‘കാര്‍ഷിക നിയമങ്ങളിലെ കോണ്‍ഗ്രസ് കാപട്യത്തിന്റെ മറ്റൊരു തുറന്നുകാട്ടല്‍’ എന്ന് ആരംഭിക്കുന്ന കുറിപ്പോടെയാണ് പ്രകാശ് ജാവദേക്കര്‍ സ്ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്.
2010-ല്‍ ശശി തരൂര്‍ ചെയ്ത ട്വീറ്റ് ഇവിടുണ്ട്. നേരേ വിപരീതമായിട്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും കോണ്‍ഗ്രസ് എംപി ചെയ്ത ട്വീറ്റിന്റെ ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ അദ്ദേഹം പറയുന്നു. കര്‍ഷകര്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കി കിട്ടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ട്വീറ്റില്‍ തരൂര്‍ ചൂണ്ടിക്കാട്ടുന്നതായി കാണാം.
കൂടാതെ ധാന്യങ്ങളുടെ സംഭരണം സ്വാകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കേണ്ടതിനെപ്പറ്റിയും പറയുന്നു. ‘ഓസ്ട്രേലിയ കൃഷി ചെയ്യുന്നതിനേക്കാള്‍ അധികം ഗോതമ്പ് സംഭരണ, വിതരണ നഷ്ടങ്ങള്‍ക്ക് നാം പാഴാക്കുന്നതായി കാണാം. ധാന്യസംഭരണത്തിലേക്ക് സ്വകാര്യമേഖല പോകേണ്ടത് യഥാര്‍ഥത്തില്‍ ആവശ്യമാണ്’.- തരൂരിന്റെ ട്വീറ്റില്‍ പറയുന്നു.
അതിനിടെ കേന്ദ്ര കൃഷിനിയമങ്ങള്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മാത്രമല്ല, രാജ്യത്തിനും ജനങ്ങള്‍ക്കും ആപത്താണെന്ന് ശനിയാഴ്ച രാഹുല്‍ ഗാന്ധി ആരോപിച്ചു. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: