ആര്‍പ്പൂക്കര: ശമ്പളപരിഷ്ക്കരണം ആവശ്യപ്പെട്ട് കോട്ടയം ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ 12 മണിക്കൂര്‍ ഉപവാസ സമരം നടത്തി. പതിനാല് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണ അപാകതകള്‍ പരിഹരിക്കുക, 2016 ജനുവരി മുതലുള്ള ശമ്പള കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അദ്ധ്യാപക ഡോക്ടര്‍മാര്‍ കെജിഎം സിടിഎയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ 12 മണിക്കൂര്‍ ഉപവാസസമരത്തിന്റെ ഭാഗമായായിരുന്നു സമരം.
ഇന്നലെ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയായിരുന്നു സമരം. ഉപവാസം ന്യൂറോ സര്‍ജറി മേധാവി ഡോ.പി.കെ. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡോ.പി. പ്രശാന്ത് കുമാര്‍ അദ്ധ്യക്ഷനായി. കോവിഡ് 19 നോഡല്‍ ഓഫീസര്‍ ഡോ.ആര്. സജിത്കുമാര്‍, ഡോ.എം.സി. ടോമിച്ചന്, ഡോ. ല്ക്ഷ്മി ജയകുമാര്‍, ഡോ. ആന്‍ ജോര്‍ജ്ജ്, ഡോ. സാം ക്രിസ്റ്റി മാമ്മന്‍, ഡോ.യു. മുരളി കൃഷ്ണ, ഡോ. ആര് രതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കെജിപിഎംടിഎ ഭാരവാഹികളായ ഡോ. ടിനു രവി എബ്രഹാം, ഡോ. ഇര്‍ഷാദ്, ഡോ.ഗംഗ കൈമള്‍ എന്നിവരും സംസാരിച്ചു.
മൂന്നു തവണ സൂചനാ സമരങ്ങള്‍ നടത്തിയിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും ക്ഷണിക്കാന്‍ തയ്യാറാകുകയോ, പരിഹാര നിര്‍ദ്ദേശമോ ഉണ്ടാകാത്തതിനാല്‍ ഫെബ്രുവരി ഒന്‍പത് മുതല്‍ രണ്ട് അദ്ധ്യാപകസംഘടകളുടേയും നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഇരു സംഘടനകളുടേയും നേതാക്കള്‍ അറിയിച്ചു.
അത്യാഹിത വിഭാഗം, ലേബര്‍ റൂം, തീവ്രപരിചരണ വിഭാഗം, കോവിഡ് 19 ഡ്യൂട്ടി എന്നീ വിഭാഗങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കെജിഎംസിടിഎ ഭാരവാഹികളായ ഡോക്ടര്‍മാര്‍ ഡ്യൂട്ടി രജിസ്റ്ററില്‍ ഹാജര്‍ രേഖപ്പെടുത്താതെയായിരുന്നു ഉപവാസ സമരത്തില്‍ പങ്കെടുത്തത്. ഡോക്ടര്‍മാരുടെ സമരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും രോഗികളെയും ഒരു പോലെ ദുരിതത്തിലാക്കി. സമരം അനിശ്ചിതകാലത്തേയ്ക്ക് കടന്നാല്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം താറുമാറാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: