ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ 18 മാസത്തിലധികം നിര്‍ത്തിവച്ച ഫോര്‍ ജി സേവനങ്ങള്‍ പുനഃരാരംഭിച്ചത് കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങള്‍ക്ക് നല്‍കുന്നത് വലിയ ആശ്വാസം. പുതിയ നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ച പ്രദേശവാസികളില്‍ പലരും കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിച്ചു. ഫോര്‍ ജി വീണ്ടുമെത്തിയത് ദൈനംദിന ജീവിതം കൂടുതല്‍ ആയാസരഹിതമാക്കുമെന്ന് ആളുകള്‍ അഭിപ്രായപ്പെട്ടു.
’18 മാസങ്ങള്‍ക്കുശേഷം ജമ്മു കാശ്മീരില്‍ ഫോര്‍ ജി സേവനങ്ങള്‍ പുനഃസ്ഥാപിച്ചതില്‍ സര്‍ക്കാരിനോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്. ഇപ്പോള്‍ ഞങ്ങളുടെ കുട്ടികള്‍ വീട്ടിലിരുന്ന് ക്ലാസുകളില്‍ പങ്കെടുക്കുന്നു. മികച്ച ഇന്റര്‍നെറ്റ് സൗകര്യം തീര്‍ച്ചയായും അവര്‍ക്ക് ഗുണംചെയ്യും. ഫോര്‍ജി വീണ്ടുമെത്തിയത് ഞങ്ങളുടെ ജീവിതവും ലഘൂകരിക്കും.’രജൗരിയിലെ പ്രദേശവാസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഇന്നലെയാണ് ജമ്മു കാശ്മീര്‍ ഭരണകൂടം ഫോര്‍ജി സേവനങ്ങള്‍ പുനഃസ്ഥാപിച്ചത്.
കോവിഡ് മൂലം ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ഥികള്‍ക്ക് നടപടി ഏറ്റവുമധികം പ്രയോജനം ചെയ്യും. ‘കഴിഞ്ഞരാത്രി മുതല്‍ എന്നെ തേടി വിളികള്‍ വരുന്നു, ഫോര്‍ ജി സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരിക്കുന്നുവെന്ന് മാത്രമാണ് പറയുന്നത്. ഇപ്പോള്‍ ഇന്റര്‍നെറ്റ് വേഗത കൂടി. ശബ്ദത്തിനും കാലതാമസമില്ല. നേരത്തേ ഞങ്ങളുടെ ക്ലാസുകള്‍ പകുതിയില്‍ മുറിഞ്ഞുപോകുമായിരുന്നു. ഇപ്പോള്‍ അങ്ങനെയില്ല’- രജൗരിയില്‍നിന്നുള്ള പെണ്‍കുട്ടി പറഞ്ഞു.
സേവനങ്ങള്‍ പുനഃസ്ഥാപിച്ചതിന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയും ജമ്മു കാശ്മീര്‍ അപ്‌നി പാര്‍ട്ടി നേതാവ് അല്‍താഫ് ബുഖാരിയും പ്രധാനമന്ത്രിയോട് കൃതജ്ഞത പ്രകടിപ്പിച്ചു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി നീക്കിയതിനു പിന്നാലെയായിരുന്നു ഫോര്‍ ജി നിര്‍ത്തിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: