തിരുവനന്തപുരം: ദല്‍ഹി സമരത്തില്‍ വിദേശികള്‍ ഇടപെടുവന്നതിനെ എതിര്‍ത്ത് രംഗത്തെത്തി പി ടി ഉഷയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരാഭാസത്തിനെതിരേ സംവാദകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. ഇന്ത്യ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മാതൃകയാണ്. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ഇന്ത്യ ഒറ്റക്കെട്ടാണെന്നുമായിരുന്നു പി ടി ഉഷ കുറിച്ചത്. എന്നാല്‍, ഇതില്‍ പ്രകോപിതരായി യൂത്ത് കോണ്‍ഗ്രസ് പി ടി ഉഷയ്‌ക്ക് കാക്കി നിക്കര്‍ തപാലില്‍ അയച്ച് കൊടുത്തിരുന്നു. ഇതിനെതിരേയാണ് ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തിയത്.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ റിഹാന, ഗ്രെറ്റ, മിയ ഖലീഫ എന്നിവര്‍ക്ക് അഭിപ്രായം പറയാമെന്നും ഉഷയ്‌ക്കും സച്ചിനുമൊന്നും അത് പാടില്ലെന്നുമാണ് നിങ്ങള്‍ സൂചിപ്പിക്കുന്നത്. അതെന്താ അങ്ങനെ? എങ്കില്‍ നിങ്ങളെ പിന്തുണച്ച മൂവര്‍ക്കും കോണ്‍ഗ്രസിന്റെ സേവാ ദളിലേക്ക് സ്വാഗതം പറഞ്ഞ് പണ്ട് നെഹ്രു ഉപയോഗിച്ചിരുന്നതരം ”സേവാ ദള്‍ നിക്കര്‍” നിങ്ങള്‍ അയച്ചു കൊടുക്കുമോ എന്നു ശ്രീജിത് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
നടുറോഡിൽ പശുക്കുട്ടിയെ കൊല്ലുക, സച്ചിൻ ടെണ്ടുൽക്കറുടെ ചിത്രത്തിൽ കരി ഓയിൽ ഒഴിക്കുക തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം യൂത്ത് കോൺഗ്രസ് ഇതാ രാജ്യത്തിന്റെ അഭിമാനമായ പി ടി ഉഷയ്‌ക്ക് “കാവി നിക്കർ” അയച്ചു കൊടുത്തിരിക്കുന്നു.
ഇതിൽ അഞ്ച് മണ്ടത്തരങ്ങൾ ഉണ്ട്.
ഒന്ന്
രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ മറ്റുള്ളവർ വരേണ്ടെന്നും, നാനാത്വത്തിൽ ഏകത്വമുള്ള ഇന്ത്യക്ക് അതിനുള്ള കഴിവുണ്ടെന്നുമാണ് ഉഷ പറഞ്ഞത്. യൂത്തന്മാരുടെ ആരാധ്യനേതാവ് ജവഹർലാൽ നെഹ്രു തന്നെയാണ് “ഇന്ത്യയെ കണ്ടെത്തൽ” എന്ന പുസ്തകത്തിൽ ഇപ്പറഞ്ഞ നാനാത്വത്തിലെ ഏകത്വത്തെ കുറിച്ച് വാചാലനായത്. ഉഷ പറഞ്ഞതും അതുതന്നെ. അതെങ്ങനെ, പുസ്തകം വായിച്ചാൽ മാത്രമേ അതൊക്കെ അറിയാൻ കഴിയുകയുള്ളല്ലോ.
രണ്ട്
ബിജെപിയെയോ കേന്ദ്രസർക്കാരിനെയോ ഉഷ പിന്തുണച്ചില്ല. രാജ്യം ഒന്നായി നിലനിൽക്കണമെന്ന് മാത്രമാണ് അവർ പറഞ്ഞത്. അതുമൂലം ഒരാളെ “കാവി നിക്കർ” ഗണത്തിൽ പെടുത്തിയാൽ നിങ്ങൾ പറയുന്നതിന്റെ അർത്ഥം രാജ്യം ഒന്നായി നിൽക്കണമെന്ന് ആഗ്രഹിക്കുന്നത് “കാവി നിക്കർ” കൂട്ടരും അങ്ങനെയല്ലാതെ നിൽക്കണമെന്ന് ആഗ്രഹിക്കുന്നത് നിങ്ങളും ആണെന്നാണ്.
മൂന്ന്
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ റിഹാന, ഗ്രെറ്റ, മിയ ഖലീഫ എന്നിവർക്ക് അഭിപ്രായം പറയാമെന്നും ഉഷയ്‌ക്കും സച്ചിനുമൊന്നും അത് പാടില്ലെന്നുമാണ് നിങ്ങൾ സൂചിപ്പിക്കുന്നത്. അതെന്താ അങ്ങനെ? എങ്കിൽ നിങ്ങളെ പിന്തുണച്ച മൂവർക്കും കോൺഗ്രസിന്റെ സേവാ ദളിലേക്ക് സ്വാഗതം പറഞ്ഞ് പണ്ട് നെഹ്രു ഉപയോഗിച്ചിരുന്നതരം “സേവാ ദൾ നിക്കർ” നിങ്ങൾ അയച്ചു കൊടുക്കുമോ?
നാല്
ഒരു അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ നിങ്ങൾ തന്നെ തരപ്പെടുത്തി വച്ചിരുന്ന “കാവി നിക്കർ” ആണോ ഉഷയ്‌ക്ക് അയച്ചുകൊടുത്തത്?
അഞ്ച്
നിങ്ങൾ പുറത്തുവിട്ട ചിത്രത്തിൽ കാണുന്ന നിക്കറിന്റെ നിറം കാക്കിയാണ്, കാവിയല്ല.
നിങ്ങളിൽ പലരും ജനിക്കുന്നതിനു മുൻപ് ലൊസാഞ്ചലസ് ഒളിമ്പിക്സിൽ, മാറിൽ ത്രിവർണ്ണമണിഞ്ഞ് രാജ്യത്തിനുവേണ്ടി ഓടിയവളാണ് ഉഷ. കണ്ടംവഴി മാത്രം ഓടി ശീലിച്ചവർക്ക് അത് മനസ്സിലാകണമെന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: