കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതില്‍ വിയോജിപ്പുമായി വിഷയ വിദഗ്ധര്‍. സര്‍വകലാശാല അധ്യാപനപരിചയമോ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത ഉദ്യോഗാര്‍ത്ഥി ലിസ്റ്റില്‍ നിനിത ഒന്നാമതെത്തിയതില്‍ കടുത്ത വിയോജിപ്പറിയിച്ച് ഇവര്‍ നല്കിയ കത്തിന്റെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്.
ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന വിഷയ വിദഗ്ധര്‍ ജനുവരി 31 ന് കാലടി സര്‍വ്വകലാശാല വിസിക്ക് അയച്ച കത്തില്‍ പറയുന്നത് പ്രകാരം ലിസ്റ്റില്‍ രാജേഷിന്റെ ഭാര്യ നിനിതയായിരുന്നില്ല മുന്നിലുണ്ടായിരുന്നത്. നിനിതയ്ക്ക് നിയമനം നല്‍കിയത് നിരവധി പേരെ മറികടന്നാണെന്ന് കത്ത് ചൂണ്ടിക്കാട്ടുന്നത്. നിനിതയ്ക്ക് നിയമനം നല്‍കുന്നതിലൂടെ തങ്ങളുടെ ധാര്‍മ്മികതയ്ക്ക് മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്. ഇന്റര്‍വ്യൂ ബോഡിന്റെ തീരുമാനം നടപ്പാക്കാന്‍ സര്‍വ്വകലാശാല തയ്യാറാകണമെന്നും ഉമര്‍ തറമേല്‍, ടി പവിത്രന്, കെ എം ഭരതന് എന്നിവര്‍ ഒപ്പിട്ട കത്തില്‍ ആവശ്യപ്പെട്ടുന്നു.
സിപിഎം നേതാവിന്റെ ഭാര്യക്ക് നിയമനം നല്‍കിയതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപയിനും ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കോളജ് അധ്യാപകരെ നിയമിക്കാനായി പിഎസ്സി 2017-ല്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ 212-ാം റാങ്കാണ് നിനിതയ്ക്ക് ഉണ്ടായിരുന്നത്. റാങ്ക പട്ടികയില്‍ പക്ഷപാതം കാണിച്ചെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
യുജിസി ചട്ടപ്രകാരം വിഷയവിദഗ്ധരാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് യോഗ്യതയുള്ളവരെ കണ്ടെത്തി മാര്‍ക്കിടേണ്ടത് എന്നിരിക്കെ അവരുടെ പട്ടിക അവഗണിച്ച് വിസിയും മറ്റുള്ളവരും നിനിതയെ നിയമിക്കുകയായിരുന്നുവെന്നാണ് സൂചന. ഇത് നിയമക്കുരുക്കിലേക്ക് നീങ്ങിയാല്‍ സര്‍വ്വകലാശാലയും വിസിയും വെട്ടിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: