കൊട്ടാരക്കര: മൈലം താമരക്കുടി സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവം ദേശീയതല ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ ആവശ്യപ്പെട്ടു. മൈലം, താമരക്കുടി സര്‍വീസ് സഹകരണബാങ്കില്‍ നിന്നും അയിഷാപോറ്റി എംഎല്‍എയുടെ വീട്ടിലേക്ക് നടത്തിയ ലോങ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രമക്കേടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഉള്‍പ്പടെയുള്ള ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്താനായി പരാതി നല്‍കിയെന്നും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് സംബന്ധിച്ച് കത്ത് അയച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ 10.30ന് താമരക്കുടി സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ ബിജെപി സംസ്ഥാനസമിതി അംഗം ജി. ഗോപിനാഥ് ലോങ് മാര്‍ച്ചിനുള്ള പതാക ജാഥാ ക്യാപ്റ്റന്മാരായ കോട്ടാത്തല സന്തോഷ്, ഇഞ്ചക്കാട് അജയകുമാര്‍ എന്നിവര്‍ക്ക് കൈമാറി. പുലമണ്‍ ജംഗ്ഷനില്‍ ബിജെപി കൊട്ടാരക്കര നഗരസഭ അധ്യക്ഷന്‍ അനീഷ് കിഴക്കേക്കര, സെക്രട്ടറി രാജീവ് കേളമത്ത്, മഹിളാമോര്‍ച്ച അധ്യക്ഷ പ്രസന്ന ശ്രീഭദ്ര, മനോജ് രാമചന്ദ്രന്, കൗണ്‍സിലര്‍മാരായ അരുണ്‍ കാടാംകുളം, ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ ജാഥയെ സ്വീകരിച്ചു. ലോങ്മാര്‍ച്ച് കൊട്ടാരക്കര മണികണ്ഠന് ആല്‍ത്തറയില്‍ പോലീസ് തടഞ്ഞു.
ചടങ്ങില്‍ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ. ആര്. രാധാകൃഷ്ണന് അധ്യക്ഷനായി. ബിജെപി മണ്ഡലം പ്രസിഡന്റ് വയയ്ക്കല്‍ സോമന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: