തെന്മല: പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ രസീത് ആവശ്യപ്പെട്ട പട്ടികജാതിവിഭാഗം യുവാവിന് ഇന്‍സ്പെക്ടറുടെ മര്‍ദനം. മര്‍ദന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അടികൊണ്ടയാളെ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കേസിലും പ്രതിയാക്കി. ബോധപൂര്‍വം പ്രകോപിപ്പിച്ച് യുവാവ് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു എന്നാണ് പോലീസിന്റെ വിശദീകരണം. ബുധനാഴ്ച രാത്രി തെന്മല പോലീസ് സ്റ്റേഷനിലായതായിരുന്നു സംഭവം
ഇന്‍സ്പെക്ടര്‍ വിശ്വംഭരന്റെ മര്‍ദനമേറ്റത് ഉറുകുന്ന് സ്വദേശി രാജീവിന്. അയല്ക്കാരന് ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതി രാജീവ് പോലീസിന് നല്‍കിയിരുന്നു. പരാതിയുടെ രസീത് ആവശ്യപ്പെട്ടതിനാണ് തന്നെ ഇന്‍സ്പെക്ടര്‍ മര്‍ദിച്ചതെന്നാണ് രാജീവ് പറയുന്നത്. രാത്രി ഒരു മണിക്കൂറോളം കസ്റ്റഡിയില്‍ വച്ച രാജീവിനെ കുടുംബാംഗങ്ങള്‍ക്കൊപ്പം പോലീസ് മടക്കി അയയ്ക്കുകയും ചെയ്തു. എന്നാല്‍ സ്റ്റേഷനില്‍ ഉണ്ടായ സംഭവങ്ങളുടെ ദൃശ്യങ്ങളുമായി വ്യാഴാഴ്ച രാവിലെ രാജീവ് ഡിവൈഎസ്പിക്ക് പരാതി നല്കാന് പോകുന്നുണ്ടെന്നറിഞ്ഞ പൊലീസ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് രാജീവിനെ പിടികൂടി. ചികിത്സ തേടി എത്തുന്നതിനിടെയായിരുന്നു കസ്റ്റഡിയില്‍ എടുത്തത്.
ഈ സമയത്ത് പോലീസുമായുണ്ടായ വാഗ്വാദങ്ങളും രാജീവ് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ആത്മഹത്യാ ഭീഷണി മുഴക്കിയതിനും,ആളുകളെ ഭീഷണിപ്പെടുത്തിയതിനും ഉള്‍പ്പെടെയുളള കേസുകള്‍ ചുമത്തിയാണ് രാജീവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: