കണ്ണൂര്‍: മുഖ്യമന്ത്രി പിണറായിയെകുറിച്ചുളള പരാമര്‍ശവുമായി ബന്ധപ്പെട്ട് കെ. സുധാകരനെതിരെ രംഗത്ത് വന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം കെ. സുധാകരന് വഴങ്ങി. സുധാകരന്റെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതും പിന്നീട് പിന്മാറിയതുമെല്ലാം കോണ്‍ഗ്രസില്‍ ഏതാനും നാളുകളായി നടന്നു കൊണ്ടിരിക്കുന്ന ഗ്രൂപ്പ് പോരിന്റെ തുടര്‍ച്ച.
തലശേരിയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ ”ചെത്തുകാരന്റെ മകന്” എന്ന് സുധാകരന് വിശേഷിപ്പിച്ചതിനെതിരേ കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, രമേശ് ചെന്നിത്തല, ഷാനിമോള്‍ ഉസ്മാന് തുടങ്ങിയ നേതാക്കളാണ് സുധാകരന്റെ അഭിപ്രായത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനത്തിനെതിരെ സുധാകരന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെയാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും നേതാക്കളുടെ ഗൂഢാലോചന താന്‍ പുറത്ത് കൊണ്ടു വരുമെന്നും വ്യക്തമാക്കിയിരുന്നു.
സുധാകരന് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇന്നലെ രംഗത്തെത്തി. നാടന്‍ ശൈലിയിലുള്ള പ്രയോഗമാണ് സുധാകരന് നടത്തിയത്. പിണറായിക്കെതിരായ പരാമര്‍ശം ജാതീയമല്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരന് പറഞ്ഞത് മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെക്കുറിച്ചാണെന്നും സുധാകരന് ആരെയും ആക്ഷേപിക്കുന്ന ആളാണെന്ന് കരുതുന്നില്ലെന്നും പറഞ്ഞ് പ്രതിപക്ഷ നേതാവ് ചെന്നിത്തല വിഷയത്തില്‍ മലക്കം മറിഞ്ഞു.
ഷാനിമോള്‍ ഉസ്മാന് എംഎല്‍എ ആവട്ടെ ഫേസ്ബുക്കിലൂടെ പരസ്യമായി സുധാകരനോട് ക്ഷമാപണവും നടത്തി. മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ ചെത്തുകാരന്റെ മകന് പരാമര്‍ശത്തില്‍ സുധാകരന് മാപ്പ് പറയണമെന്ന് ഷാനിമോള്‍ ഉസ്മാന് ആവശ്യപ്പെട്ടിരുന്നു. ഷാനിമോള്‍ക്കെതിരേ ശക്തമായ ഭാഷയില്‍ സുധാകരനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്ക് എതിരായ വിവാദപരാമര്‍ശത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു കെ. സുധാകരന്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ അടക്കം മണ്ഡലങ്ങളിലും ജില്ലകളിലും യുഡിഎഫ് പൂര്‍ണ്ണമായും പരാജയപ്പെട്ടപ്പോള്‍ സുധാകരന് നേതൃത്വം നല്കുന്ന കണ്ണൂരില്‍ മാത്രമായിരുന്നു അല്‍പ്പമെങ്കിലും കോണ്‍ഗ്രസ് പിടിച്ചു നിന്നത്. മറ്റെല്ലാ കോര്‍പ്പറേഷനുകളും കൈവിട്ടപ്പോള്‍ കണ്ണൂര്‍ മാത്രമാണ് യുഡിഎഫിന് ലഭിച്ചിരുന്നത്. അതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ സുധാകരന് അപ്രമാദിത്വം സ്ഥാപിച്ചു തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കുന്നുവെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു.
താന്‍ കെപിസിസി പ്രസിഡണ്ട് പദം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സുധാകരന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സുധാകരന്റെ അധ്യക്ഷ സ്ഥാനത്തേക്കുളള കടന്നു വരവിനെ ഒരു വിഭാഗം നേതാക്കള്‍ തടയിടുകയുണ്ടായി. ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സുധാകരന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റിരുന്നു.
മുഖ്യമന്ത്രിയെ കുറിച്ചുളള പരാമര്‍ശവുമായി ബന്ധപ്പെട്ട് നേതാക്കള്‍ വഴങ്ങിയതോടെ വീണ്ടും സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ സുധാകരന് തന്റെ മേല്‍ക്കൈ ഉറപ്പിച്ചിരിക്കുകയാണ്. സുധാകര വിരുദ്ധരായ നേതാക്കളാണ് വിവാദത്തിന് പിന്നിലെന്നും തന്റെ അധ്യക്ഷ പദവിയിലേക്കുളള നീക്കത്തിന് തടയിടാനുളള ശ്രമത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വിവാദമെന്നും സുധാകരന് പറയുമ്പോഴും പാര്‍ട്ടിക്കുളളില്‍ ശ്രദ്ധിക്കപ്പെടാന്‍ സുധാകരന് തന്നെയുണ്ടാക്കിയതാണോ വിവാദമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
സുധാകരന് പിന്തുണയേറിയെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ അയഞ്ഞതെന്നാണ് വിവരം. വിവാദത്തിന് പിന്നില്‍ പാര്‍ട്ടിയിലുള്ള ചിലര്‍ തന്നെയെന്ന് സുധാകരന് സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഹൈക്കമാന്‍ഡ് പ്രതിനിധിക്കും പ്രതിപക്ഷ നേതാവിനും ഷാനിമോള്‍ ഉസ്മാനും എതിരായ വിമര്‍ശനങ്ങളിലും ഉറച്ചു നില്‍ക്കുകയും ചെയ്തിരുന്നു. എന്നിട്ടും നേതാക്കള്‍ സുധാകരന് വഴങ്ങുകയായിരുന്നു. ഇതോടെ വിവാദത്തിന് താല്‍ക്കാലിക ശമനം ഉണ്ടായെങ്കിലും സുധാകരനും സുധാകര വിരുദ്ധരും തമ്മിലുളള കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് വരും ദിവസങ്ങളിലും കനക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: