തിരുവനന്തപുരം: സ്‌കോള്‍ കേരള നിയമന വിവാദത്തില്‍ സര്‍ക്കാറിന്റേയും സി.പി.എമ്മിന്റെയും വാദങ്ങള്‍ തെറ്റെന്ന് തെളിയുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിന്റെ സഹോദരി ഷീജ ഉള്‍പെടെയുള്ളവര്‍ക്ക് തുടര്‍ച്ചയായി 10 വര്‍ഷം സര്‍വീസില്ലെന്ന് വ്യക്തമായി. ഷീജ ഉള്‍പ്പെടെ ഒരാള്‍ പോലും സ്‌കോള്‍ കേരളയില്‍ തുടര്‍ച്ചയായി 10 വര്‍ഷം ജോലി ചെയ്തിട്ടില്ല. നിയമിക്കപ്പെട്ട ആര്‍ക്കും 10 വര്‍ഷം തുടര്‍ച്ചയായി സര്‍വീസില്ല. 2008ല്‍ ജോലിയില്‍ പ്രവേശിച്ചവരെ 2013ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഇവര്‍ 2014ലാണ് വീണ്ടും ജോലിക്ക് കയറിയത്. ഷീജയേക്കാള്‍ എട്ടുവര്‍ഷം സീനിയോറിറ്റിയുള്ളവര്‍ പോലും നിയമനപ്പട്ടികയില്‍ ഇടംനേടിയില്ല. സീനിയേറിറ്റിയുള്ളവരെ മറികടന്നാണ് പാര്‍ട്ടി ബന്ധമുള്ളവരെ നിയമിക്കുന്നത്. 2000, 2001 വര്‍ഷങ്ങളില്‍ നിയമിതരായവരെ തഴഞ്ഞാണ് 2008ല്‍ ജോലിക്ക് കയറിയവരെ നിയമിക്കുന്നത്.
ബന്ധുനിയമനം വിവാദമായ വേളയില്‍ 10 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവരെയും മറ്റ് ജോലികള്‍ക്ക് പോകാന്‍ സാധിക്കാത്തവരെയുമാണ് സ്ഥിരപ്പെടുത്തിയതെന്നായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി റഹീം ന്യായീകരിച്ചത്.
കൂട്ടസ്ഥിരപ്പെടുത്തലിനെയും ബന്ധുനിയമനങ്ങളെയും ന്യായീകരിച്ച് മന്ത്രി ഇ.പി ജയരാജനും രംഗത്തെത്തിയിരുന്നു. സ്ഥിരപ്പെടുത്തല്‍ നടപടി ജീവകാരുണ്യപ്രവര്‍ത്തനമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍, ഇതെല്ലാം ബന്ധുനിയമനത്തെ ന്യായീകരിക്കാനുള്ള നീക്കമാണെന്ന് വ്യക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: