ദേശീയ തലത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു അയോദ്ധ്യാ തര്‍ക്കവിഷയത്തില്‍ ഉണ്ടായ സുപ്രീം കോടതിവിധി. നൂറ്റാണ്ടുകളായി, സാമുദായിക അസ്വസ്ഥതകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമായി പരിണമിച്ച സങ്കീര്‍ണ്ണവും വൈകാരികവുമായ ഒരു സമസ്യ ഇതോടെ പരിഹരിക്കപ്പെട്ടു. സ്വതന്ത്രാനന്തരഭാരതത്തിന്റെ നോവായി അവശേഷിച്ച രണ്ട് ദേശീയ പ്രശ്നങ്ങളില്‍ തികച്ചും സമാധാനപരമായ തീര്‍പ്പുണ്ടാകുന്നത് കാണാനുള്ള ഭാഗ്യവും ഈ കാലഘട്ടത്തില്‍ നമുക്കുണ്ടായി. അതില്‍ ശ്രീരാമജന്മഭൂമി -ബാബറിമസ്ജിദ് തര്‍ക്ക വിഷയം സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പരിഹരിക്കപ്പെട്ടപ്പോള്‍ കാശ്മീരിന് പ്രത്യേക പരിഗണന നല്കുന്ന 370-ാം വകുപ്പ് റദ്ദ് ചെയ്യാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ കേന്ദ്രസര്‍ക്കാറിന്റേയും അവസരോചിതവും ബുദ്ധിപൂര്‍വ്വവുമായ ഇടപെടലുള്കൊണ്ട് സാധ്യമായി. പുരോഗതിയുടെയും വികസനത്തിന്റെയും പാതയിലൂടെ മുന്നേറാനുള്ള ഇന്ത്യന്‍ ജനതയുടെ അഭിവാഞ്ചയെ തടസ്സപ്പെടുത്തുന്ന രണ്ട് പ്രശ്നങ്ങള്‍ക്കും ഭരണഘടനാ സംവിധാനങ്ങളിലൂടെ പരിഹാരം കാണാന്‍ സാധിച്ചത് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ വിജയമായി തന്നെ കണക്കാക്കേണ്ടതാണ്. എന്നാല്‍ സുപ്രീം കോടതി വിധിയെ സംബന്ധിച്ച് പുകമറസൃഷ്ടിക്കാനും ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു. തര്‍ക്കവിഷയത്തില്‍ ഉണ്ടായ കോടതിയുടെ അന്തിമ വിധി ഇന്ന് ആര്‍ക്കും ലഭ്യമാണ്.
അലഹബാദ് ഹൈക്കോടതി ഫുള്‍ ബെഞ്ച് വിചാരണ നടത്തി വിധി പ്രഖ്യാപിച്ച അയോദ്ധ്യ വിഷയവുമായി ബന്ധപ്പെട്ട അഞ്ച് സിവില്‍ കേസുകളില്‍ ഫയലാക്കിയ 14 അപ്പീലുകളാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ഉള്‍പ്പെടെയുള്ള അഞ്ചംഗ ബഞ്ചാണ് ഈ അപ്പീലുകളില്‍ വാദം കേട്ട് ഐകകണ്ഠമായി വിധി പ്രസ്താവിച്ചത്. 2019 ആഗസ്റ്റ് മാസം ആറിന് പുറപ്പെടുവിച്ച വിധി ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ കുറിക്കപ്പെട്ട ഒന്നായി തീര്‍ന്നു. ഏതെങ്കിലും വിഭാഗത്തിന്റെ വിജയമോ പരാജയമോ അല്ല ഈ വിധി. മുഴുവന്‍ ഭാരതീയരും ഈ വിധിയിലൂടെ വിജയം വരിച്ചവരായി തീര്‍ന്നിരിക്കുന്നു.
തര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട സിവില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചത് ഫൈസാബാദ് സിവില്‍ കോടതിയിലായിരുന്നു. പിന്നീട് ഫൈസാബാദ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന എല്ലാ കേസുകളും വിചാരണ നടത്തുന്നതിനായി അലഹബാദ് ഹൈക്കോടതിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 1950 മുതല്‍ 1989 വരെയുള്ള കാലഘട്ടങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട അഞ്ചു കേസുകളില്‍ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി സുന്നി വഖഫ് ബോര്‍ഡും ഹിന്ദു വിഭാഗവും ബോധിപ്പിച്ച രണ്ടു കേസുകളാണ് മുഖ്യമായവ. കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയപ്പോള്‍ ഇരു ഭാഗങ്ങളില്‍ നിന്നുമായി ഹാജരാക്കിയതുള്‍പ്പെടെ 533 തെളിവുകളും 13990 പേജുകളിലായി പരന്നു കിടക്കുന്നു 87 സാക്ഷികളുടെ മൊഴികളും കൂടാതെ അഭിഭാഷകരുടെ ഭാഗത്തുനിന്നും ഹാജരാക്കിയവിവിധ ഭാഷകളില്‍പെട്ട ആയിരക്കണക്കിന് റഫറന്‍സ് ഗ്രന്ഥങ്ങളും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നുമായി സമര്‍പ്പിക്കപ്പെട്ട വിശദമായ റിപ്പോര്‍ട്ടും തെളിവുകളും അലഹബാദ് ഹൈക്കോടതിയില്‍ കുമിഞ്ഞു കൂടി. തര്‍ക്ക പ്രദേശം ശ്രീരാമചന്ദ്രപ്രഭുവിന്റെ ജന്മസ്ഥാനമാണെന്നും അവിടെ പൂര്‍വ്വികമായ രാമക്ഷേത്രം നിലവിലുണ്ടായിരുന്നുവെന്നും അത് തകര്‍ത്താണ് ബാബറിമസ്ജിദ് എന്ന കെട്ടിടം പണിതതെന്നും ഹിന്ദു വിഭാഗം വാദിച്ചു. അതേ സമയം 1528 ല്‍ ബാബറുടെ നിര്‍ദ്ദേശപ്രകാരം തരിശുഭൂമിയിലാണ് ബാബറി മസ്ജിദ് പണിതതെന്നും ആ സ്ഥലത്ത് ക്ഷേത്രമോ മറ്റോ ഉണ്ടായിരുന്നില്ലെന്നും മുസ്ലിം വിഭാഗവും വാദിച്ചു. തര്‍ക്ക സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ആര്‍ക്ക് അവകാശപ്പെട്ടതാണെന്നതായിരുന്നു കോടതികള്‍ക്കു തീരുമാനിക്കാനുള്ള ഏറ്റവും മുഖ്യമായ വിഷയം.
അലഹബാദ് ഹൈക്കോടതിയില്‍ കേസുകളുടെ വിചാരണ നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ വിഷയത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്ഐ) യുടെ ഇടപെടല്‍ ഉണ്ടാകുന്നത്. അലഹബാദ് ഹൈക്കോടതി ഉത്തരവ് പ്രകാരം എഎസ്ഐ സര്‍വ്വെ നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബാബറി മസ്ജിദ് കെട്ടിടം നിലനില്ക്കുന്നതിന്റെ അടിയിലായി മറ്റൊരു കെട്ടിടം ഉണ്ടായിരുന്നതിന്റെ സൂചനകളുണ്ടെന്ന് വ്യക്തമാക്കി. എഎസ്ഐയിലെ 14 വിദഗ്ദര്‍ അടങ്ങുന്ന സംഘത്തെ വിശദപരിശോധനയ്ക്കായി ഹൈക്കോടതി നിയമിച്ചു. 2003 ആഗസ്റ്റ് 22 ന് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടിലെ ശാസ്ത്രീയ തെളിവുകളെല്ലാം വിശദമായി പരിഗണിച്ച ശേഷം തര്‍ക്കസ്ഥലം മൂന്ന് ഭാഗമായി വിഭജിച്ച് മൂന്ന് കക്ഷികള്‍ക്കായി നല്‍കാനാണ് ഹൈക്കോടതി വിധിച്ചത്.
ഈ വിധി അസാധുവും നിയമപ്രകാരം നിലനില്പ്പില്ലാത്തതുമാണെന്ന സുപ്രധാന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. 2.77 ഏക്ര വിസ്തീര്‍ണ്ണം വരുന്ന തര്‍ക്കപ്രദേശം മുഴുവനായും ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് നല്‍കാനാണ് സുപ്രീംകോടതി തീരുമാനിച്ചത്. ക്ഷേത്രനിര്‍മ്മാണത്തിനും അതിന്റെ പരിപാലനത്തിനുമായി ഒരു ട്രസ്റ്റ് രൂപീകരിക്കാനും 2.77 ഏക്ര സ്ഥലം അപ്രകാരം രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറാനും സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിനെ ചുമതലപ്പെടുത്തി. കൂടാതെ മുസ്ലിം വിഭാഗത്തിന് ആരാധനാലയം പണിയുന്നതിനും മറ്റുമായി 5 ഏക്ര സ്ഥലം അയോദ്ധ്യാനഗരത്തില്‍ തന്നെ കണ്ടെത്തി വിട്ടുനല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
സുപ്രീംകോടതിയെ തര്‍ക്കവിഷയത്തില്‍ തീരുമാനമെടുക്കുവാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്ഐ) യുടെ റിപ്പോര്‍ട്ടും അവര്‍ ഖനനത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും ആണ്. എഎസ്ഐ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഉയര്‍ന്നു വന്ന വാദമുഖങ്ങളും വിശദമായി പരിഗണിച്ചശേഷം അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍ വ്യക്തമായ ചില നിഗമനങ്ങളില്‍ എത്തിച്ചേരുകയും ഉണ്ടായി. സുപ്രീംകോടതി അതേപടി അംഗീകരിച്ച ജസ്റ്റിസ് അഗര്‍വാളിന്റെ കണ്ടെത്തലുകള്‍ ഇവയാണ്.
ബാബറി മസ്ജിദ് തരിശുഭൂമിയിലല്ല പണികഴിപ്പിച്ചിട്ടുള്ളതെന്നും, ബാബറി മസ്ജിദ് കെട്ടിടത്തിന് കീഴില്‍ പുരാതനമായ മറ്റൊരു കെട്ടിടം ഉണ്ടായിരുന്നതായി എഎസ്ഐ ഖനനത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി. പുതുതായി കണ്ടെത്തിയ കെട്ടിടം തര്‍ക്ക മന്ദിരത്തിനു തുല്യമായോ അതിനേക്കാള്‍ കൂടുതലായോ വിസ്തീര്‍ണ്ണമുള്ളതാണ്. ഈ പുരാതന കെട്ടിടം ഇസ്ലാമിക പാരമ്പര്യത്തില്‍ പെട്ടതല്ല. തര്‍ക്കമന്ദിരം പണിതിരുന്നത് മുമ്പുണ്ടായിരുന്ന കെട്ടിടത്തിന്റെ ചുമരുകള്‍ക്ക് മുകളിലാണ്. ഖനനത്തില്‍ കണ്ടെത്തിയ കരകൗശലവസ്തുക്കള്‍ ഇസ്ലാമിക സമ്പ്രദായത്തില്‍ പെട്ടവയല്ല. ഖനനത്തിലൂടെ കണ്ടെത്തിയ വസ്തുക്കളുടെ വെളിച്ചത്തില്‍ തര്‍ക്കമന്ദിരത്തിന് കീഴിലുണ്ടായിരുന്ന കെട്ടിടം 12-ാം നൂറ്റാണ്ടില്‍ പണിത ഒരു ക്ഷേത്രത്തിന്റേതായി കണക്കാക്കാം എന്ന എഎസ്ഐ നിഗമനം സ്വീകാര്യമാണെന്നും വിധി വ്യക്തമാക്കി.
സുപ്രീംകോടതി എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. ഹിന്ദുക്കള്‍ അയോദ്ധ്യയെ ഭഗവാന് ശ്രീരാമന്റെ ജന്മസ്ഥലമായി കരുതുന്നുവെന്ന കാര്യം വിധി ഗൗരവമായി പരിഗണിച്ചു. ഹിന്ദു ജനതയുടെ ശ്രദ്ധയും വിശ്വാസവും ഭഗവാന് ശ്രീരാമന് പിറന്നു വീണത് തര്‍ക്കസ്ഥലത്ത് പണിത മൂന്ന് മിനാരങ്ങളോട് കൂടിയ കെട്ടിടത്തിന്റെ നടുവിലെ മിനാരത്തിന്റെ അകത്തളത്തിലാണെന്നാണ്. മുസ്ലിം ജനവിഭാഗം ബാബറിമസ്ജിദായി കരുതുന്ന അതേ സ്ഥലം ഹിന്ദുജനത ശ്രീരാമജന്മസ്ഥാനമായി കരുതിപ്പോരുന്നു. ഭഗവാന് ശ്രീരാമന് അയോദ്ധ്യയിലാണ് ജന്മം കൊണ്ടതെന്ന കാര്യത്തില്‍ ഹിന്ദുക്കളുടെ ശ്രദ്ധയും വിശ്വാസവും അവിതര്‍ക്കമാണ്. മുസ്ലം പക്ഷത്ത് നിന്ന് വിസ്തരിച്ച സാക്ഷികളും ഇക്കാര്യങ്ങള്‍ സമ്മതിക്കുന്നുണ്ട്. ഹിന്ദു -മുസ്ലിം വിഭാഗങ്ങളുടെ സാക്ഷിമൊഴി പരിശോധിച്ചാല്‍ തര്‍ക്കമന്ദിരം ഇരുവിഭാഗവും ആരാധനകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഉപയോഗിച്ചതായി മനസ്സിലാക്കാം.തര്‍ക്ക സ്ഥലത്തിന്റെ കിടപ്പിനെ സംബന്ധിച്ച് ഇരു വിഭാഗം നല്കുന്ന വിവരങ്ങള്‍ സമാനമാണെന്ന് വിധിചൂണ്ടിക്കാട്ടി. സുന്നിവഖഫ് ബോര്‍ഡിന്റെ ഭാഗത്തു നിന്നും ഫയല്‍ ചെയ്ത കെ.ഡി നമ്പര്‍ 4-ല്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച ശേഷം സുപ്രീംകോടതി എത്തിച്ചേര്‍ന്ന നിഗമനങ്ങളും പ്രത്യേകം സ്മരണീയമാണ്.
1850-57 കാലഘട്ടത്തിന് മുമ്പ് തര്‍ക്കമന്ദിരത്തിന് അകത്ത് പ്രവേശിച്ച് ആരാധന നടത്താനുള്ള അവകാശം ഹിന്ദുക്കള്‍ക്ക് ഉണ്ടായിരുന്നു. തര്‍ക്കമന്ദിരത്തിനകത്ത് ഹിന്ദു ആരാധന വിലക്കിയത് ക്രമസമാധാന പാലനത്തിനു വേണ്ടി നടപ്പാക്കിയ താല്‍ക്കാലിക സംവിധാനം മാത്രമായിരുന്നുവെന്നും വിധി വിശദീകരിക്കുന്നു.
ഈ പ്രദേശത്തിന്റെ ഉടമസ്ഥാവകാശം നിയമപ്രകാരം ഹിന്ദുക്കള്‍ക്ക് മാത്രമായി സിദ്ധിക്കുമെന്നും സുപ്രീംകോടതി കണ്ടെത്തി. 1950 ല്‍ ഗോപാല്‍ സിംഗ് വിശാരദ എന്നുപേരുള്ള ഒരു ഹിന്ദു ഭക്തന് ഫൈസാബാദ് കോടതിയില്‍ ബോധിപ്പിച്ച സിവില്‍ അന്യായമാണ് സുപ്രീം കോടതി വിധിയിലേക്ക് നയിച്ച വ്യവഹാരങ്ങളില്‍ ആദ്യത്തേത്.
തര്‍ക്കസ്ഥലത്തിന് ഉടമസ്ഥാവകാശം അനിഷേധ്യമായി തെളിയിക്കുന്ന ആധികാരിക രേഖകളൊന്നും കോടതി മുമ്പാകെ ഹാജരാക്കപ്പെട്ടിട്ടില്ല. കൈവശാവകാശത്തെ ഉടമസ്ഥാവകാശമായി കണ്ടുനടക്കുന്ന ഇന്ത്യന്‍ തെളിവു നിയമത്തിലെ 110-ാം വകുപ്പിന്റെ സഹായത്തോടെയാണ് സുപ്രീം കോടതി സങ്കീര്‍ണ്ണമായ അവകാശത്തര്‍ക്കങ്ങള്‍ക്ക് സമാധാനം ഉണ്ടാക്കിയത്. അതേസമയം വ്യത്യസ്ത നിയമ വ്യവസ്ഥകളോടു കൂടിയ നാല് കാലഘട്ടങ്ങളുമായി ബന്ധപ്പെട്ടുനില്ക്കുന്ന സങ്കീര്‍ണ്ണവുമായ ഒരു വിഷയത്തിന് നിലവിലുള്ള നിയമ വ്യവസ്ഥകളെ മാത്രം ആധാരമാക്കി ‘പൂര്‍ണ്ണ നീതി’ ഉറപ്പാക്കുന്ന പരിഹാരം ഉണ്ടാക്കാന്‍ സാധിക്കുകയില്ലെന്നതും സുപ്രീം കോടതി വ്യക്തമാക്കുന്നുണ്ട്.
അയോദ്ധ്യാ തര്‍ക്ക വിഷയത്തില്‍ കോടതിയുടെ പരിഗണനയില്‍ വന്ന തെളിവുകളും അഭിഭാഷകര്‍ ഉയര്‍ത്തിയ വാദമുഖങ്ങളും ചരിത്രം, പുരാവസ്തുപഠനം, മതം, നിയമം, തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ വ്യാപിച്ച് നില്‍ക്കുന്നവയായിരുന്നു. ഇത്തരമൊരു അസാധാരണ സാഹചര്യത്തില്‍ ‘പൂര്‍ണ്ണനീതി’ നടപ്പാക്കാന്‍ സുപ്രീംകോടതിയുടെ രക്ഷക്കെത്തിയത് ഇന്ത്യന്‍ ഭരണഘടനയുടെ 142-ാം വകുപ്പായിരുന്നു. സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീംകോടതിക്ക് മാത്രമായി നല്‍കിയിട്ടുള്ള പ്രത്യേകാധികാരമാണ് ആര്‍ട്ടിക്കിള്‍ 142. സാധാരണ സിവില്‍ തര്‍ക്കങ്ങളില്‍ ഒരു അപ്പീല്‍ കോടതിക്ക് ചെയ്യാവുന്ന കാര്യം വളരെ പരിമിതമാണ്. സിവില്‍ നടപടിക്രമത്തിന്റെ നൂലാമാലകളുടെ അകത്തുനിന്ന് വിധിന്യായം പുറപ്പെടുവിക്കാനേ അപ്പീല്‍ കോടതികള്‍ക്ക് കഴിയൂ. അയോദ്ധ്യാ വിഷയം അപ്രകാരമുള്ള ഒരു നടപടിക്രമത്തിലൂടെ തീര്‍ക്കാവുന്ന ഒന്നായിരുന്നില്ല. ഇത്തരം അസാധാരണ സന്ദര്‍ഭങ്ങളില്‍ പൂര്‍ണ്ണ നീതി നടപ്പാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് ഭരണഘടന സുപ്രീംകോടതിക്ക് വിശേഷാധികാരം നല്‍കിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചത് വഖഫ് ബോര്‍ഡ് അഭിഭാഷകനുമാണ്. ഈ പിന്‍ബലത്തോടെയാണ് ‘ചരിത്രംകുറിച്ച’ അയോദ്ധ്യാവിധി സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി പുറപ്പെടുവിച്ചത്. വിധി ഏകകണ്ഠമായിരുന്നു എന്ന് പ്രത്യേകം പ്രസ്താവ്യമാണ്.
റിവ്യൂ ഹരജികളെല്ലാം പ്രാധമിക ഘട്ടത്തില്‍ തന്നെ നിരസിക്കപ്പെട്ടു. എത്രമാത്രം ഉറപ്പോടും വ്യക്തതയോടും കൂടിയാണ് സുപ്രീം കോടതി ഇക്കാര്യത്തില്‍ വിധിന്യായം പുറപ്പെടുവിച്ചതെന്ന് ഇത് വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഭരണഘടന സുപ്രീംകോടതിയില്‍ നിക്ഷിപ്തമാക്കിയ ‘മഹത്തായ ഉത്തരവാദിത്വം’ ശാസ്ത്രീയമായ നിലയില്‍ നിറവേറ്റപ്പെട്ടു. ഭരണഘടനാ സംവിധാനത്തിന്റെ അകത്തു നിന്നുകൊണ്ടുതന്നെ അത്യന്തം സങ്കീര്‍ണ്ണവും വൈകാരികവുമായ വിഷയത്തില്‍ ‘സമ്പൂര്‍ണ്ണ നീതി’ സാധ്യമാക്കുന്ന വിധിന്യായം ഉണ്ടായത് ഏറ്റവും ഉചിതമായി. ഇത് നമ്മുടെ രാജ്യത്തിന്റെ വിധിയെഴുത്താണ്. ജനകോടികള്‍ പ്രതീക്ഷയോടെ കാത്തുനിന്ന് വിധി പ്രഖ്യാപനമാണ് രാജ്യത്തിന്റെ അസ്മിതയെ വീണ്ടെടുക്കുന്ന ഭവ്യ ക്ഷേത്ര നിര്‍മ്മാണത്തിന് സുഗമമായ പാതയൊരുക്കിയത്.
അഡ്വ. ഇ.കെ. സന്തോഷ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: