രാജ്യത്തെ അസ്ഥിരപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ചില വിദേശ ശക്തികളുടെ പിന്തുണയോടെ ചിലര്‍ നടത്തുന്ന ഗൂഢശ്രമങ്ങളാണ് നിയമവാഴ്ചയെ വെല്ലുവിളിച്ച് കര്‍ഷക സമരമെന്ന പേരില്‍ അരങ്ങേറുന്നതെന്ന് ഓരോ ദിവസം കഴിയുന്തോറും പകല്‍പോലെ വ്യക്തമാവുകയാണ്. റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയുടെ മറവില്‍ ചെങ്കോട്ടയിലും മറ്റും സംഘടിതവും ആസൂത്രിതവുമായി നടത്തിയ അക്രമപരമ്പരകള്‍ക്കു പിന്നില്‍ ദേശവിരുദ്ധ ശക്തികളാണെന്ന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചകള്‍ അട്ടിമറിച്ചും, സുപ്രീംകോടതി നിര്ദ്ദേശത്തെപ്പോലും അംഗീകരിക്കാതെയും ദല്‍ഹിയുടെ അതിര്‍ത്തികളില്‍ രണ്ട് മാസത്തിലേറെയായി നടക്കുന്ന സമരം കര്ഷകര്ക്കുവേണ്ടിയല്ലെന്നും, കൊറോണ പ്രതിരോധം ഉള്‍പ്പെടെ രാഷ്ട്രം കൈവരിക്കുന്ന നേട്ടങ്ങളില്‍ അസൂയ പുലര്‍ത്തുന്ന ശക്തികളാണ് ഇതിനെ നയിക്കുന്നതെന്നും തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ ഓരോന്നായി പുറത്തുവരുന്നത്. ഭാരതത്തെ തുണ്ടംതുണ്ടമാക്കാന്‍ ആഗ്രഹിക്കുന്ന മത-രാഷ്ട്രീയ ശക്തികള്‍ ഒന്നിച്ചിരിക്കുന്നതിന്റെ നേര്‍ചിത്രങ്ങള്‍ ആര്‍ക്കും മൂടിവയ്ക്കാനാവാത്തവിധം ഇപ്പോള്‍ തെളിഞ്ഞുവരികയാണ്.
കര്‍ഷക നേതാക്കളായി ചിലര്‍ വിലസി നടക്കുന്നുണ്ടെങ്കിലും സമരത്തിന്റെ ചുക്കാന്‍ പിടിക്കുന്നതും, അതിനുവേണ്ടി പണമൊഴുക്കുന്നതും വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിഘടനവാദികളാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിരുന്നു. എസ്എഫ്ജെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സിഖ് ഫോര്‍ ജസ്റ്റിസ് എന്ന ഖാലിസ്ഥാന്‍ സംഘടനയാണ് മുഖ്യമായും ഇതിനു പിന്നിലുള്ളത്. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാകയെ അവഹേളിച്ച് കൊടിയുയര്ത്തുന്നവര്ക്ക് ഈ സംഘടന വന്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഈ സംഘടനയുടെ നേതാക്കള്‍ വളരെക്കാലമായി അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുണ്ട്. പാക് ചാരസംഘടനയായ ഐഎസ്ഐയുമായുള്ള ഇവരുടെ ബന്ധവും, ആഗോളതലത്തില്‍ ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പാക്കിസ്ഥാന് ഇവര്‍ക്ക് പണം നല്‍കുന്നതും അന്വേഷണ ഏജന്‍സികള്‍ക്ക് അറിയാം. ചില കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ഒരുവിധത്തിലും ഒത്തുതീര്‍പ്പാക്കാതെ നീട്ടിക്കൊണ്ടു പോകുന്നത് ഇക്കൂട്ടരുടെ സ്വാധീനഫലമായാണെന്ന് കരുതപ്പെടുന്നു. നേതാക്കളിലൊരാളായ രാകേഷ് ടിക്കായത്ത് ഈ ഖാലിസ്ഥാന്‍ വാദികളുടെ വലയത്തിലാണെന്ന സൂചനകളുണ്ട്. റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളെ തുടര്‍ന്ന് ചില സംഘടനകള്‍ സമരത്തില്‍നിന്ന് പിന്മാറിയിരുന്നുവല്ലോ. ഒത്തുതീര്‍പ്പിന് തയ്യാറായ മറ്റു ചിലരെ ഭീഷണിപ്പെടുത്തി പിന്മാറ്റുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തെ അനുകൂലിച്ച് പോപ്പ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ് എന്നിവരെ രംഗത്തിറക്കിയതും എസ്എഫ്ജെ ആണെന്ന വിവരവും ഒടുവില്‍ പുറത്തുവന്നിരിക്കുകയാണ്. സമരത്തെ എങ്ങനെയൊക്കെയാണ് പിന്തുണയ്ക്കേണ്ടതെന്ന് കാണിച്ച് ഗ്രേറ്റ ഒരു ടൂള്‍ കിറ്റ് പുറത്തിറക്കിയിരുന്നു. പിടിക്കപ്പെടുമെന്നായപ്പോള്‍ ഇത് പിന്‍വലിച്ചു. ദല്‍ഹി പോലീസ് ഇക്കാര്യം അന്വേഷിക്കുകയാണ്. ഈ ടൂള്‍കിറ്റ് തയ്യാറാക്കിയത് ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വെബ്സൈറ്റാണെന്നും, ഇതിന്റെ ഉടമസ്ഥതയുള്ള പോയെറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന് എസ്എഫ്ജെയുമായി ബന്ധമുണ്ടെന്നും വെളിപ്പെട്ടിരിക്കുന്നു. ഭാരതത്തിനെതിരായ പ്രചാരണത്തിന് കോടിക്കണക്കിന് രൂപ റിഹാനയ്ക്കും ഗ്രേറ്റയ്ക്കും ഈ സംഘടന നല്കിയത്രേ. എന്തായിരുന്നാലും ഇക്കൂട്ടരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയിരിക്കുന്നു. ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ അതിശക്തമായ ജനവികാരം രാജ്യമെമ്പാടും ഉയര്‍ന്നുവരികയാണ്. ലതാ മങ്കേഷ്കറെയും സച്ചിന് ടെന്‍ഡുല്‍ക്കറെയും അജയ് ദേവഗണിനെയും പോലെയുള്ള ജനങ്ങളുടെ ആരാധനാ പാത്രങ്ങള്‍ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്ന നിലപാടുമായി രംഗത്തുവന്നുകഴിഞ്ഞു. വിവിധരംഗങ്ങളിലെ പ്രമുഖര്‍ ഇവര്‍ക്കൊപ്പം അണിചേരുകയാണ്. വിദേശശക്തികളുമായി കൈകോര്‍ക്കുന്ന രാജ്യവിരുദ്ധരെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങുകയാണ്. ഇക്കൂട്ടരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: