തിരുവനന്തപുരം: ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചതിന്റെ പേരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി ബാബുവിനെ അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്റെ പ്രീണന നയത്തിന് തെളിവാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്ന് കയറ്റമാണ് അറസ്റ്റിലൂടെ ഉണ്ടായിരിക്കുന്നത്. മത നിയമങ്ങള്‍ പിന്തുടരുന്ന രാജ്യങ്ങളിലേതിന് സമാനമായ രീതിയിലാണ് പോലീസ് കേസ്സെടുത്ത് അറസ്റ്റ് ചെയ്തത്.
ഭരണഘടന നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന സമീപനം ജനാധിപത്യ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ആര്‍ക്ക് വേണ്ടിയാണ് കേരളാ പോലീസ് ഇത്തരം പ്രീണന നയം നടപ്പാക്കുന്നതെന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം നീക്കം തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയും. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം പയറ്റുകയാണ് സര്‍ക്കാരും ഇടത് പക്ഷവും. ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ഓര്‍മ്മിപ്പിക്കുന്നുവെന്ന് അദേഹം പറഞ്ഞു.
ബാബുവിനെതിരേ കേസെടുക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ഹലാല്‍ ഭക്ഷണം എന്ന പേരില്‍ മതവിശ്വാസം ഇതര മതസ്ഥരിലും അടിച്ചേല്‍പ്പിക്കുന്നുവെന്നും ഇത് സമൂഹത്തില്‍ മത സ്പര്ധയുണ്ടാക്കുന്നുവെന്നും അത്തരം ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് ഈ പ്രവണത തടയണമെന്നുമായിരുന്നു ബാബുവിന്റെ നിലപാട്.
ഐക്യവേദിയുടെ പ്രതിഷേധ ദിനത്തില്‍ത്തന്നെയുള്ള അറസ്റ്റ് സംഘടനയോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ ശത്രുത പ്രകടിപ്പിക്കലുമായി. അതിന് പോലീസിനെ ദുരുപയോഗപ്പെടുത്തുകയായിരുന്നു. ബാബുവിന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സംസ്ഥാന വ്യാപകമായി ഹിന്ദുഐക്യവേദി ആഹ്വാന പ്രകാരം പ്രതിഷേധ പ്രകടനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: