കൊച്ചി : തുര്‍ക്കിയിലെ ഹഗിയ സോഫിയ കത്തീഡ്രല്‍ മുസ്ലിം പള്ളിയാക്കിയതിനെ ചാണ്ടി ഉമ്മന്‍ ന്യായീകരിച്ച് നടത്തിയ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി കേരള കത്തോലിക് ബിഷപ്സ് കൗണ്‍സില്‍(കെസിബിസി). തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ ചേരിതിരിവ് വളര്‍ത്താന്‍ ശ്രമിക്കരുത്. സമൂഹ മാധ്യമങ്ങളിലെ എഴുത്തുകളും നിലപാടുകളും അത്തരത്തിലായിരിക്കണമെന്നും കെസിബിസി പ്രസ്താവനയിലൂടെ അറിയിച്ചു.
ഹഗിയ സോഫിയ പോലൊരു ചരിത്ര സ്മാരകത്തെ മുസ്ലിം പള്ളിയാക്കി മാറ്റിയത് ക്രൈസ്തവ സമൂഹത്തിന് വലിയ മുറിവാണ് ഉണ്ടാക്കിയത്. ഇത് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം. ചരിത്രം അറിയേണ്ട വിധം അറിയുന്നതിനായി യുവ രാഷ്ട്രീയ നേതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കെസിബിസി വിമര്‍ശിച്ചു.
നാടിന്റെ വികസനത്തിനും മനുഷ്യ പുരോഗതിക്കുമായി യത്നിക്കുന്നതാണ് നമ്മുടെ സംസ്കാരം. യുവ നേതാക്കളുടെ സാമൂഹ്യ മാധ്യമങ്ങളിലെ എഴുത്തുകളും നിലപാടുകളും അത്തരത്തില്‍ ആയിരിക്കണം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ ചേരിതിരിവ് വളര്‍ത്തുന്നത് സമൂഹത്തില്‍ വലിയ മുറിവ് ഉണ്ടാക്കും.
തുര്‍ക്കി ഭരണാധികാരിയുടെ നടപടിയെ വെള്ളപുശാന്‍ ശ്രമിച്ച ചാണ്ടി ഉമ്മന്‍ ഇതിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കണം. എര്‍ദോഗന്റെ നടപടിയെ പ്രകീര്‍ത്തിച്ച് ചന്ദ്രികയില്‍ ലേഖനം എഴുതിയ മുസ്ലിം ലീഗ് നേതാവിനെ ചാണ്ടി ഉമ്മന്‍ ന്യായീകരിക്കുകയാണ് ചെയ്തതെന്നും കെസിബിസി വിമര്‍ശിച്ചു.
അതേസമയം വിവാദ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് ചാണ്ടി ഉമ്മന്‍ രംഗത്തെത്തി. ഹാഗിയ സോഫിയ പരാമര്‍ശിച്ചത് തെറ്റിദ്ധാരണ പരത്തിയെന്നും ഒരു മതസമൂഹത്തെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. വീഴ്ചയുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പരാമര്‍ശം മനപ്പൂര്‍വ്വമല്ല നടത്തിയതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: