കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഒത്തുകൂടലുകള്‍ക്ക് വേദിയാകുന്ന അവസാനത്തെ ഇടങ്ങളും മണ്ണിട്ട് നികത്താനുള്ള നീക്കം കായിക സ്‌നേഹികളെ ആശങ്കയിലാക്കുന്നു. കളക്‌ട്രേറ്റ് മൈതാനത്തിന്റെ ഒരുഭാഗവും തൊട്ടടുത്ത് വര്‍ഷങ്ങളായി ഫ്രണ്ടസ് ഫുട്‌ബോള്‍ കോച്ചിംഗ് സെന്ററിന്റെ ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുന്നിലുമാണ് മണ്ണ് കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്.
1978 ലാണ് ഫ്രണ്ട്സ് കോച്ചിംഗ് സെന്ററിന്റെ പ്രവര്‍ത്തനം ഇവിടെ ആരംഭിച്ചത്. നൂറുകണക്കിന് കായിക താരങ്ങളെ വളര്‍ത്തിയെടുത്ത കോച്ചിംഗ് സെന്റര്‍ കൊറോണക്കാലമായതിനാല്‍ തുറന്ന് പ്രവര്‍ത്തിക്കാറില്ല. തൊട്ടടുത്ത് നിര്‍മ്മിക്കുന്ന പാര്‍ക്കിംഗ് ഏരിയയ്‌ക്കുവേണ്ടിയാണ് മണ്ണിട്ട് നികത്തുന്നതെന്നാണ് സൂചന. കോച്ചിംഗ് സെന്ററിന് ഇവിടെ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
കെട്ടിടത്തിനോട് ചേര്‍ന്ന് മണ്ണിട്ടതിനാല്‍ ഇതിന്റെ വാതിൽ തുറക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. സെന്റര്‍ സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ മേയറെ കാണുമെന്ന് ഫുട്‌ബോള്‍ ഫ്രണ്ട് ഓള്‍ഡ് ട്രെയ്‌നീസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
നഗരഹൃദയത്തിലുള്ള കളക്‌ട്രേറ്റ് മൈതാനം വര്‍ഷങ്ങളായി വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതിനോട് ചെര്‍ന്ന പൊതു സ്ഥലങ്ങളിലെല്ലാം മണ്ണിട്ട് നികത്തി കെട്ടിടങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ കളക്‌ട്രേറ്റ് മൈതാനത്ത് താല്‍ക്കാലികമാണെങ്കിലും മണ്ണ് നിറയ്‌ക്കുമ്പോള്‍ കായിക പ്രേമികള്‍ക്കുണ്ടാകുന്ന ആശങ്ക കുറച്ച് കാണാനാവില്ല. ദേശീയതലത്തില്‍ അറിയപ്പെട്ട ഫുട്‌ബോള്‍ ടീമുകളായ ലക്കിസ്റ്റാര്‍, സ്പിരിറ്റഡ് യൂത്ത്‌സ്, ജിംഖാന, ബ്രദേഴ്‌സ് ക്ലബ് എന്നിവയുടെ പരിശീലനം പോലും കളക്‌ട്രേറ്റ് മൈതാനിയില്‍ നടന്നിരുന്നു.
വൈകുന്നേരങ്ങളില്‍ വയോധികരും യുവാക്കളും ഒത്തുകൂടിയതും കളക്ടറേറ്റ് മൈതാനിയിലാണ്. നേരത്തെയുണ്ടായിരുന്ന കോട്ട മൈതാനം മിലിട്ടറിയുടെ ഭാഗമായതോടെ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതായി. ജവഹര്‍ സ്റ്റേഡിയം കാടുപിടിച്ച് ഉപയോഗ ശൂന്യമായിട്ട് വര്‍ഷങ്ങളായി.
ഒരു കാലത്ത് മൈതാനങ്ങളുടെ കേന്ദ്രമായിരുന്ന കണ്ണൂര്‍ നഗരം ഇപ്പോള്‍ മൈതാനങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നുവെന്നതാണ് വസ്തുത. സംസ്ഥാന കായിക മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സ്വന്തം ജില്ലയിലാണ് ഇത്തരത്തില്‍ തത്വദീക്ഷയില്ലാതെ പൊതുസ്ഥലങ്ങള്‍ നശിപ്പിക്കപ്പെടുന്നത്.
മൈതാനിയില്‍ കൂട്ടിയിട്ട മണ്ണ് അടുത്ത ദിവസം തന്നെ എടുത്തു മാറ്റുമെന്നാണ് എഡിഎം ഇ.പി. മേഴ്‌സി നല്‍കുന്ന വിശദീകരണം. തെരഞ്ഞെടുപ്പ് ഓഫീസ് നിര്‍മിക്കുന്നതിനായി കെട്ടിടം പണിയുന്ന സ്ഥലത്തെ മണ്ണാണ് കളക്‌ട്രേറ്റ് മൈതാനിയില്‍ കൂട്ടിയിട്ടിരിക്കുന്നത്. നഗരത്തില്‍ മണ്ണ് തള്ളുന്നത് പ്രായോഗികമല്ലാത്തതിനാല്‍ താത്കാലികമായി മൈതാനിയില്‍ കൂട്ടിയിട്ടതാണ്. പൊതുമരാമത്ത് വകുപ്പുമായി ആലോചിച്ച് അടുത്തദിവസം തന്നെ മൈതാനിയില്‍ നിന്നും ഇത് നീക്കുമെന്ന് എഡിഎം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: