തിരുവാര്‍പ്പ്: പണവും സ്വര്‍ണ്ണവുമടങ്ങിയ ബാഗ് യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി ഏല്പിച്ച ജന്മഭൂമി പത്രവിതരണക്കാരന് തിരുവാര്‍പ്പ് നെടുംതറ മനോജിന് ബിജെപി യുടെ ആദരം. ഏറ്റുമാനൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രാജ്മോഹന്‍ വെട്ടിത്തറയുടെ നേതൃത്വത്തില്‍ മനോജിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ പത്രവിതരണം നടത്തുന്നതിനിടെ കാഞ്ഞിരം പാലത്തിനു സമീപത്തു നിന്ന് മനോജിന് പണവും സ്വര്‍ണ്ണവുമടങ്ങിയ ബാഗ് ലഭിക്കുകയായിരുന്നു. ബാഗ് തുറന്നു പരിശോധിച്ചപ്പോള്‍ രണ്ടു ലക്ഷം രൂപയും മൂന്നു സ്വര്‍ണ്ണവളകളും കണ്ടെത്തി.
പത്രവിതരണം നിര്‍ത്തിവെച്ച് ബാഗിന്റെ ഉടമയെ സ്ഥലത്തും പരിസരത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കുറെ സമയം കൂടി സമീപത്തെ കടത്തിണ്ണയില്‍ മനോജ് ചിലവഴിച്ചു. ഈ സമയം നഷ്ടപ്പെട്ട ബാഗ് തിരഞ്ഞ് പരിഭ്രമത്തോടെ കിളിരൂര്‍ സ്വദേശികളായ ദമ്പതികള്‍ വരുന്നത് മനോജ് കണ്ടു. കാര്യം തിരക്കിയപ്പോള്‍ നഷ്ടപ്പെട്ട ബാഗ് അവരുടേതാണെന്ന് ബോധ്യപ്പെടുകയും അടയാളം ഉള്‍പ്പെടെ പറഞ്ഞപ്പോള്‍ യഥാര്‍ത്ഥ ഉടമ തന്നെയാണ് ബോധ്യപ്പെട്ട് ബാഗ് തിരികെ ഏല്പിക്കുകയുമായിരുന്നു.
കാഞ്ഞിരത്തു നിന്നുള്ള ആദ്യ ബസ്സില്‍ കയറി കോട്ടയത്തേയ്ക്ക് യാത്ര ചെയ്യാനെത്തിയപ്പോഴാണ് ദമ്പതികളുടെ ബാഗ് വഴിയില്‍ നഷ്ടപ്പെട്ടത്.
ജന്മഭൂമി പത്രവിതരണക്കാരനായ ഇദ്ദേഹം തിരുവാര്‍പ്പ് 15-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ബിജെപി തിരുവാര്‍പ്പ് പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് ആണ് മനോജ്. അനുമോദന ചടങ്ങില്‍ ബിജെപി നേതാക്കളായ വിനോദ് പുല്ലുവാക്കല്‍ചിറ, കെ.വി. വിജിത്, ഉണ്ണികൃഷ്ണന്, സുമേഷ് പഴയമഠം, ഗോപാലകൃഷ്ണന്, മഞ്ജു ഷിബു,സതീഷ് ലാല്‍, സൂരജ് കുമാര്‍, രാജേഷ് കുമാര്‍ പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: