വൈഷ്ണവ ഭക്തിസാരത്തിന്റെ കളഭഗന്ധമാണ് വല്ലഭാചാര്യ. പുഷ്ടിമാര്‍ഗത്തിന്റെ ആദരണീയ യോഗിയുടെ തത്വചിന്തയില്‍ അധിഷ്ഠിതമായ ദര്‍ശനവും പ്രായോഗിക വേദാന്തത്തിന്റെ കര്‍മസരണികളും പൈതൃകപ്പെരുമയുടെ ശംഖൊലിയാണ്.
വല്ലഭസമ്പ്രദായത്തിലൂടെ സംന്യാസ വൃത്തിയുടെ ആത്മീയ- ഭൗതിക ലക്ഷ്യങ്ങളും സാമൂഹ്യ നവോത്ഥാന കര്‍മങ്ങളുമായി മുക്തി പദത്തിലേക്ക് നീങ്ങിയവരുടെ കഥ ചരിത്രമാണ്. ഭക്തിരസാനുഭൂതി പകരുന്ന ആ അനശ്വര കാവ്യകലാ ലോകത്ത് ചിരപ്രതിഷ്ഠ നേടുകയാണ് നന്ദദാസ്.
‘ഭക്തിമാല്‍’ എന്ന പ്രശസ്ത ഗ്രന്ഥത്തില്‍ നിന്ന് ലഭിക്കുന്ന ‘നന്ദലാലിന്റെ’ ജീവിത ചിത്രം അപൂര്‍ണമാണെങ്കിലും സ്വീകാര്യമാണെന്ന് ഗവേഷകര്‍ കണ്ടെത്തുന്നു. വല്ലഭാചാര്യ സ്ഥാപിച്ച ഗോവര്‍ധനിലെ ശ്രീനാഥ്ജി മന്ദിരത്തിലെ സോപാന ഗായകരായ അഷ്ടസഖാക്കളെക്കുറിച്ചുള്ള ഗ്രന്ഥത്തില്‍ നന്ദദാസ് കവിയും മഹാഗായകനുമായി പ്രത്യക്ഷപ്പെടുന്നു.
മഥുരയ്ക്കും ഗോകുലത്തിനും കിഴക്കായി സ്ഥിതി ചെയ്യുന്ന രാംപൂര്‍ ഗ്രാമത്തിലാണ് നന്ദദാസിന്റെ പിറവി. ധനാഢ്യ ബ്രാഹ്മണ കുടുംബത്തിലെ ഭക്തിമയമായ അന്തരീക്ഷത്തിലാണ് അദ്ദേഹം വളര്‍ന്നത്. കവി കുലോത്തമനായ തുളസീദാസും നന്ദദാസും ഏകോദര സഹോദരന്മാരായിരുന്നു എന്ന് വിശ്വസിക്കുന്നവരുണ്ട്.
എന്നാല്‍ തുളസീദാസിന്റെ പിതൃസഹോദര പുത്രനാണ് അദ്ദേഹം എന്ന് വ്യക്തമാക്കുന്ന രേഖകള്‍ക്കാണ് പ്രചാരം. കാശിയില്‍ തുളസീദാസിനൊപ്പം താമസിച്ച കാലത്താണ് ആത്മീയതയുടെ വിശുദ്ധിലാവണ്യത്തിലേക്കും കാവ്യകൗതുകങ്ങളുടെ സരണിയിലേക്കും നന്ദദാസിന്റെ ശ്രദ്ധ തിരിഞ്ഞെന്ന് ഗവേഷകര്‍ കണ്ടെത്തുന്നുണ്ട്. ഗൃഹസ്ഥാശ്രമത്തില്‍ വിരക്തി വന്നാണ് നന്ദദാസ് കാശിയിലെത്തി തുളസീദാസിനൊപ്പം ആത്മീയജീവനം നയിച്ചതെന്ന് പഴങ്കഥ പറയുന്നു. കാവ്യപ്രതിഭയുടെ ഉണര്ച്ചയില് കാശിയില്‍ നിന്ന് തീര്‍ഥാടന വഴികള്‍ താണ്ടി അദ്ദേഹം ഗോകുലത്തിലെത്തി. വ്യത്യസ്തമായ ആത്മീയാന്തരീക്ഷത്തിലും ഭക്തിമാധുര്യത്തിന്റെ നൂതനപദ്ധതികളിലും ആ മനസ്സ് സമര്‍പ്പിതമായി. വല്ലഭാചാര്യയില്‍ നിന്ന് സംന്യാസദീക്ഷ സ്വീകരിച്ച നന്ദദാസ് പുഷ്ടിമാര്‍ഗത്തിന്റെ പുഷ്കലമായ കര്‍മമാര്‍ഗങ്ങളില്‍ ചരിക്കാന്‍ തുടങ്ങി. അവിടെ മഹാനായ സൂര്‍ദാസിനൊപ്പമുള്ള സഹവാസം കൂടിയായപ്പോള്‍ നന്ദദാസിന്റെ ഉള്ളിലുറങ്ങിയ ആത്മാന്വേഷണ കൗതുകം നൂതനമായ ലക്ഷ്യങ്ങളിലേക്ക് പ്രയാണം തുടങ്ങി. സൂര്‍ദാസ് ‘സാഹിത്യലഹരി’ യെന്ന കൃതിയെഴുതിയത് നന്ദദാസിന്റെ ആത്മീയ സാഹിത്യപ്രഭയെ പ്രചോദിപ്പിക്കാനായിരുന്നു എന്ന് കരുതുന്നവരുണ്ട്. ഗോകുലവാസം യഥാര്‍ഥത്തില്‍ നന്ദദാസിന്റെ ഉപരിപഠനകാലമായിരുന്നു. ലഹരിസാധനയും കാവ്യോപാസനയുമായി മുന്നേറിയ നന്ദാദാസ് ആത്മീയലക്ഷ്യങ്ങളിലേക്ക് നടന്നടുക്കുകയായിരുന്നു.
വല്ലഭാചാര്യയുടെ പുത്രന് വിഠല്‍നാഥ്ജിയുടെ ശിക്ഷണത്തിലാണ് നന്ദദാസ് സംസ്കൃതവും ഹിന്ദിയും സ്വായത്തമാക്കിയത്. സംസ്കൃത ഭാഷ അപ്രാപ്യമായിരുന്ന സാമാന്യജനത്തിനു വേണ്ടിയാണ് അദ്ദേഹം ഭാഗവതം മൊഴിമാറ്റിയത്. ഇതിന്റെ പേരില്‍ യാഥാസ്ഥിതികരായ ഒരുപറ്റം ബ്രാഹ്മണരുടെ നീരസത്തിന് പാത്രമായെങ്കിലും തന്റെ ദൗത്യം ഭഗവദ്കല്‍പ്പിതമാണെന്ന ചിന്തയിലായിരുന്നു അദ്ദേഹം. പുഷ്ടിസമ്പ്രദായത്തിന്റെ കൃഷ്ണമയമായ ജീവനത്തില്‍ സ്വയം സമര്‍പ്പിക്കപ്പെടുകയായിരുന്നു നന്ദദാസ്. ഗോകുലത്തിനും ഗോവര്‍ധന പരിസരങ്ങളിലുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം ഉപാസനാനുഷ്ഠാനവുമായി ഭാഗവത ഹംസം സഞ്ചരിച്ചു. കൃഷ്ണാനുഭൂതി വിടര്‍ത്തുന്ന അനേകം കാവ്യസൃഷ്ടികള്‍ ആ ഋഷിപ്രതിഭയില്‍ നിന്ന് പ്രകാശിതമായി. ഈയവസരത്തിലാണ് തുളസീദാസ് വൃന്ദാവനത്തിലെത്തി തന്റെ ഭക്തസംഘത്തില്‍ ചേര്‍ന്ന് ശ്രീരാമാരാധന നടത്താന്‍ നന്ദദാസിനെ ഉപദേശിച്ചത്. അദ്ദേഹം ആദരപൂര്‍വം നിഷേധിച്ചുകൊണ്ട് പറഞ്ഞത്, ശ്രീനാഥ്ജിയെ വിട്ട് തനിക്കിനി മറ്റു പഥങ്ങളില്‍ സഞ്ചരിക്കാന്‍ ആഗ്രഹമില്ലെന്നായിരുന്നു.
1639 ലാണ് നന്ദദാസ് വിഷ്ണുലോകം പൂകുന്നത്. ‘രസമഞ്ജരി’, ‘മാന്‍ മഞ്ജരി’,’വിരഹ്മഞ്ജരി’, ‘രൂപ് മഞ്ജരി’, ‘ദശമസ്കന്ധ്’, ‘ശ്യാം സഹായി’, ‘ഗോവര്ധന് ലീല’, ‘സുദാമാചരിത്’, ‘രുക്മിണീ മംഗള്‍’, ‘നന്ദദാസ് പദാവലി’ തുടങ്ങിത വിഖ്യാത രചനകള്‍ കൃഷ്ണവിഭൂതിയുടെ ചിത്രപതംഗങ്ങളായി ഇന്നും ആത്മീയാകാശങ്ങളില്‍ ചിറകടിക്കുന്നു. ഉള്‍ക്കനലിനെ ഉജ്ജ്വലിപ്പിച്ച മുനിമാനസമാണ് നന്ദദാസ് ഭക്തിയോഗത്തിന് സമര്‍പ്പിച്ചത്. കൃഷ്ണാവബോധത്തിന്റെ പ്രണയശീലുകളായി ആ ജീവനസംഗീതം ഇന്നും ഗോവര്ധനഗിരി തടങ്ങളില്‍ മാറ്റൊലി കൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: