വാഷിങ്‌ടൺ: ഇന്ത്യൻ കാർഷികമേഖലയിലെ സാമ്പത്തിക പരിഷ്കാരങ്ങളെ പിന്തുണച്ച് അമേരിക്ക. ഇന്ത്യൻ വിപണിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യുന്ന പരിഷ്കാരങ്ങളെ സ്വാഗതം ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് മാധ്യമ വക്താവ് വ്യക്തമാക്കി. ഇന്ത്യയുടെ കാർഷികമേഖലയെ ആഗോളതലത്തിലെ കമ്പോളവുമായി ശക്തമായി ബന്ധിപ്പിക്കാൻ പുതിയ കാർഷിക നിയമങ്ങൾ ഏറെ സഹായകമാണെന്നും അമേരിക്ക കൂട്ടിച്ചേർത്തു.
കർഷകരുടെ ആശങ്കകളും പരതികളും ചർച്ചകളിലൂടെ പരിഹരിക്കണം. രാഷ്‌ട്രീയപരമായ വ്യത്യാസങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും യുഎസ് പ്രതിനിധി പറഞ്ഞു. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. ഇന്ത്യയുടെ കാർഷിക മേഖല വളരെ വിശാലമാണ്. ലോകത്തിന് ഇന്ത്യൻ ഉൽപ്പന്നങ്ങൾ അത്യന്താപേക്ഷിതവുമാണ്. എന്നാൽ ലോക കമ്പോളത്തിന് പ്രാപ്തമായവിധവും കർഷകർക്ക് മികച്ച മൂല്യം ലഭിക്കുന്നതും ഉറപ്പുവരുത്തണം. സർക്കാർ നയങ്ങൾ ഇതിന് കൂടുതൽ കരുത്തുപകരാനാണ് ശ്രമിക്കുന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വിലയിരുത്തുന്നു.
ഇന്ത്യയിൽ നടക്കുന്ന കർഷക സമരങ്ങൾ വിഷയങ്ങൾ പഠിക്കാതെയാണെന്നാണ് അമേരിക്കയിലെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വിലയിരുത്തുന്നത്. ഒപ്പം കർഷക സമരം ജനാധിപത്യ മര്യാദകൾ ലംഘിക്കുന്നതിനെ ആശങ്കയോടെയാണ് കാണുന്നതെന്നും അമേരിക്ക പറഞ്ഞു. കർഷകരുടെ ആവശ്യങ്ങളെക്കുറിച്ച് നടത്തിയ പഠന ഗവേഷങ്ങൾ ഇന്ത്യൻ പാർലമെന്റ് സുദീർഘമായി ചർച്ച ചെയ്യുന്നതിലെ ജനാധിപത്യ മര്യാദയെ അമേരിക്ക അഭിനന്ദിച്ചു. നിയമങ്ങൾ നടപ്പാക്കുന്നതിലെ കൃത്യത സുപ്രിംകോടതി നിരീക്ഷിക്കുന്നതിലെ ഗൗരവവും അമേരിക്ക അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: