ബംബോലിം: തുടക്കത്തില്‍ ഗോള്‍ നേടി മുന്നിട്ടുനിന്നശേഷം ഗോള്‍ വഴങ്ങി തോല്‍വിയിലേക്ക് കൂപ്പുകുത്തുന്ന പതിവ് പല്ലവി ആവര്‍ത്തിച്ച് ബ്ലാസ്റ്റേഴ്സ് . ഐഎസ്എല്‍ ഏഴാം പതിപ്പിന്റെ രണ്ടാം പാദത്തില്‍ കരുത്തരായ മുംബൈ സിറ്റിക്കെതിരെ ലീഡ് നേടിയശേഷം ബ്ലാസ്റ്റേഴ്സ് തോല്‍വിയിലേക്ക് വഴുതിവീണു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോറ്റത്. ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു.
പതിനാറ് മത്സരങ്ങളില്‍ പതിനഞ്ച് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്. അതേസമയം മുംബൈ സിറ്റി ഈ വിജയത്തോടെ പതിനഞ്ച് മത്സരങ്ങളില്‍ മുപ്പത്തിമൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇരുപത്തിയേഴാം മിനിറ്റില്‍ വിസെന്റ് ഗോമസിന്റെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ വഴങ്ങി തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. ബിപിന്‍ സിങ്ങും ലെ ഫോണ്ഡ്രെയുമാണ് മുംബൈക്കായി ഗോളുകള്‍ നേടിയത്.
തുടക്കം മുതല്‍ ഇരു ടീമുകളും പൊരുതിക്കളിച്ചതോടെ ഇരു ഗോള്‍ മുഖത്തും പന്ത് കയറിയിറങ്ങി. തുടക്കത്തില്‍ ഗോള്‍ അടിക്കാന്‍ ലഭിച്ച അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സും മുംബൈയും പാഴാക്കി. ഒടുവില്‍ ഇരുപത്തിയേഴാം മിനിറ്റില്‍ ബ്ലാ്സ്റ്റേഴ്സ് ലക്ഷ്യം കണ്ടു. വിെസന്റ് ഗോമസാണ് ഗോള്‍ അടിച്ചത്. ഗോളിന് വഴിയൊരുക്കിത് മലയാളി താരം സഹല്‍ അബ്ദുള്‍ സമദും. ഒരു കോര്‍ണര്‍ കിക്കാണ് ഗോളിന് വഴി തുറന്നത്. പന്ത് കാലില്‍ കിട്ടിയ സമദ് മുംബൈ സിറ്റിയുടെ ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തിവിട്ടു. ചാടിയുയര്‍ന്ന വിസെന്റ് ഗോമസ് തലകൊണ്ട് പന്ത് ഗോള്‍ വലയിലേക്ക്് കടത്തിവിട്ടു.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സന്റെ കോസ്റ്റും ജോര്‍ദാന്‍ മറെയും അവസരം നഷ്ടമാക്കി. സഹല്‍ നീ്ട്ടിക്കൊടുത്ത പന്തില്‍ കോസ്റ്റ ഹെഡ്ചെയ്തെങ്കിലും പന്ത് ബാറിന് മുകളിലൂടെ പറന്നുപോയി. അതേസമയം ജോര്‍ദാന്‍ മറെയുടെ ഷോട്ട് മുംബൈ സിറ്റി പ്രതിരോധം രക്ഷപ്പെടുത്തി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മുംബൈ സിറ്റി ഗോള്‍ മടക്കി. വിപിന്‍ സിങാണ് സ്കോര്‍ ചെയ്തത്. ബോക്സിനടുത്ത് നിന്നുള്ള വിപിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സിന്റെ വലയില്‍ കയറി. അറുപത്തിയേഴാം മിനിറ്റില്‍ മുംബൈ സിറ്റിയുടെ വിജയഗോളും പിറന്നു. പെനാല്‍റ്റി മുതലാക്കി ആദം ലെ ഫോഡ്രിയാണ് ഗോള്‍ നേടിയത്. ഗോള്‍ മുഖത്ത് ലെ ഫോണ്‍ഡ്രെയെ ബ്ലാസ്റ്റേഴ്സ് താരം കോസ്റ്റ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: