കര്‍ഷകരുടെ എല്ലാ ആശങ്കകളും നീക്കുന്നതാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ 2021-22 ബജറ്റ്. കാര്‍ഷക ബില്ലിനെക്കുറിച്ച് കര്‍ഷകര്‍ ഭയപ്പെടുന്ന എല്ലാ പ്രശ്നങ്ങളും ഇത്തവണത്തെ കേന്ദ്രബജറ്റില്‍ പരിഹരിക്കുന്നുണ്ട്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കുള്ള താങ്ങുവില, കൂടുതലായുള്ള ഗാമീണ അടിസ്ഥാനസൗകര്യവികസനത്തിനുള്ള ഫണ്ട്, ഉയര്‍ത്തിയ കാര്‍ഷിക വായ്പാ പരിധി, രാസവളങ്ങള്‍ക്കുള്ള സബ്സിഡി എന്നിങ്ങനെ കര്‍ഷകരുടെ എല്ലാ ആശങ്കകളും ഈ ബജറ്റ് അകറ്റുന്നു. ബജറ്റ് വായിച്ചുമനസ്സിലാക്കുന്ന കര്‍ഷകരും കര്‍ഷകനേതാക്കളും ഇനിയും കാര്‍ഷികബില്ലിനെതിരെ സമരം ചെയ്യേണ്ട കാര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇനി വിഷയങ്ങള്‍ വിശദമായി പരിശോധിക്കാം:
കാര്ഷികോല്പന്നങ്ങള്ക്ക് താങ്ങുവില
ആകെ ആറ് ശതമാനം കര്‍ഷകര്‍ക്ക് മാത്രമാണ് ഭാരതത്തില്‍ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ലഭിച്ചിരുന്നത്. ഇപ്പോള്‍ 23 വിളകള്‍ക്ക് താങ്ങുവില ലഭിച്ചുവരുന്നു. ഇതില്‍ ഏഴ് ധാന്യങ്ങളും (അരി, ഗോതമ്പ്, ചോളം, സൊര്‍ഗം, മില്ലെറ്റ്, ബാര്‍ലി, റാഗി), അഞ്ച് പയറുവര്‍ഗ്ഗങ്ങളും (കടല, തൂര്‍ പരിപ്പ്, മൂങ്, ഉറാദ് പരിപ്പി, ലെന്റില്‍) ഏഴ് എണ്ണവിത്തുകളും (നിലക്കടല, കടുക്, സോയബീന്‍, സൂര്യകാന്തി, സീസ്മം, സാഫ്ളവര്‍, നൈഗര്‍സീഡ്) നാല് നാണ്യവിളകളും (കൊപ്ര, കരിമ്പ്, പരുത്തി, ചണം) എന്നിവ ഉള്‍പ്പെടുന്നു.
നേരത്തെ ഭക്ഷ്യസബ്സിഡിക്ക് നല്കുന്ന തുക ബജറ്റിനെ ഭാഗമായിരുന്നില്ല. അത് നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ടിന്റെ (എന്‍എസ്എസ്എഫ്) ഭാഗമായിരുന്നു. അതായത് ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയ്ക്ക് (എഫ്സി ഐ) എന്‍എസ്എസ്എഫില്‍ നിന്ന് വായ്പയായാണ് തുക ലഭിച്ചിരുന്നത്. 2020-21 ബജറ്റില്‍ എഫ്സി ഐയ്ക്ക് നീക്കിവെച്ചത് 77,983 കോടിയായിരുന്നു. എന്നാല്‍ പിന്നീട് ഈ തുക 3,44,077 കോടിയായി വര്‍ധിപ്പിച്ചു. ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ എന്‍എസ്എസ്എഫില്‍ നിന്നും എടുത്ത വായ്പ എഴുതിത്തള്ളാന്‍ വേണ്ടിയായിരുന്നു ഇത്.
ഇതോടെ എഫ്സിഐയ്ക്ക് നല്കുന്ന തുക നേരിട്ട് ബജറ്റില്‍ നിന്നും നല്കാന് തീരുമാനമായി. 2021-22 ബജറ്റില്‍ നിര്‍മ്മല സീതാരാമന് ഭക്ഷ്യസബ്സിഡിയ്ക്കായി എഫ്സി ഐയ്ക്ക് നീക്കിവെച്ചിരിക്കുന്നത് 2,02,616 കോടിയാണ്. ഇതോടെ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവിലയില്ലെന്നും താങ്ങുവില ഉണ്ടെങ്കില്‍ തന്നെ അത് ഏത് നിമിഷവും പിന്‍വലിക്കുമെന്നും ഉള്ള ഭയം ഇല്ലാതായിരിക്കുകയാണ്. ഇതായിരുന്നു കര്‍ഷകസമരത്തിന്റെ ഒരു പ്രധാന ഡിമാന്റ്. എന്തായാലും സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വലിയൊരു ആശ്വാസമാണ് ഈ തീരുമാനം.
ഗ്രാമീണ അടിസ്ഥാന സൗകര്യം
2020-21ലെ ബജറ്റില്‍ ഗ്രാമീണ അടിസ്ഥാനസൗകര്യവികസന ഫണ്ട് 30,000 കോടിയില്‍ നിന്നും 40,000 കോടിയായി വര്‍ധിപ്പിച്ചിരുന്നു. 10 വര്‍ഷത്തേക്ക് ഗ്രാമീണ അടിസ്ഥാനസൗകര്യവികസന ഫണ്ടായി അനുവദിച്ച ഒരു ലക്ഷം കോടി രൂപയുടെ ഭാഗമായിരുന്നു ഈ തുക.
ഈ പദ്ദതിയുടെ ഭാഗമായി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഏഴ് വര്‍ഷത്തേക്ക് വായ്പാ ഗ്യാരണ്ടിയോടെ രണ്ട് കോടി വരെ വായ്പ നല്‍കും. വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ മാനേജ്മെന്റിനും സമൂഹ കൃഷിയുടെ ഭാഗമായുള്ള സ്വത്തുക്കളുടെ മാനേജ്മെന്റിനും പറ്റുന്ന പദ്ധതികള്‍ക്ക് പണം നല്‍കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. 2021-22 ബജറ്റ് പ്രകാരം ഇതില്‍ 1.68 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തതായി പറയുന്നു. ഇവര്‍ക്ക് 1.14 ലക്ഷം കോടിയുടെ വ്യാപാര മൂല്യം ഇ-നാമുകള്(ഇലക്ട്രോണിക് വഴിയുള്ള നാഷണല്‍ അഗ്രി മാര്‍ക്ക്) വഴി നിര്‍വ്വഹിക്കുമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, 1000 പുതിയ മാണ്ഡികള്‍ കൂടി ഇ-നാമില്‍ പുതുതായി ചേര്‍ക്കുമെന്നും ബജറ്റില്‍ നിര്‍മ്മല സീതാരാമന് പറയുന്നു.
ഇതിന് തുക കണ്ടെത്താന്‍ പുതുതായി കാര്‍ഷിക സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില പ്രത്യേക ചരക്കുകളുടെ ഇറക്കുമതി (സ്വര്‍ണ്ണം, വെള്ളി മുതലായവ) ഇറക്കുമതിക്ക് 2.5 ശതമാനം കാര്‍ഷിക സെസ് ഉണ്ടായിരിക്കും. പെട്രോളിനും ഡീസലിനും അധികമായി കാര്‍ഷികസെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതോടെ ഗ്രാമീണ കാര്‍ഷിക അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രത്യേകിച്ച് വിളവെടുപ്പിന് ശേഷമുള്ള മാനേജ്മെന്റിനും കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് കാണാം.
ഗ്രാമീണ കാര്‍ഷിക വായ്പ
2020-21ല്‍ 15ലക്ഷം കോടിയായിരുന്നു കാര്‍ഷിക വായ്പയ്ക്കായി നീക്കിവെച്ചിരുന്നതെങ്കില്‍ പുതിയ 2021-22 ബജറ്റില്‍ ഇത് 16.5 ലക്ഷം കോടിയായി ഈ തുക വര്‍ധിപ്പിച്ചിട്ടുണ്ട്. മൃഗസംരക്ഷണം, ക്ഷീരമേഖല, മത്സ്യമേഖല എന്നീ രംഗങ്ങളില്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുകയെന്ന് ധനമന്ത്രി പ്രത്യേകം അടിവരയിട്ട് പറയുന്നു.
നബാര്‍ഡിന്റെ കീഴിലുള്ള മൈക്രോ ഇറിഗേഷന്‍ ഫണ്ടിന് ഈ ബജറ്റില്‍ 5,000 കോടി നീക്കിവെച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള ജലസേചനം പ്രോത്സാഹിപ്പിക്കാനാണ് ഈ ഫണ്ട്. സ്പ്രിങ്ക്ളേഴ്സ്, ഡ്രിപ്പ്, ഫോഗേഴ്സ് എന്നിവയെല്ലാം വഴിയുള്ള ജലസേചനമാണ് ഈ ഫണ്ട് മൂലം വികസിക്കാന്‍ പോകുന്നത്. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധന ഉറപ്പുവരുത്താന്‍ ഓപ്പറേഷന് ഗ്രീന്‍ സ്കീം കൊണ്ടുവരുന്നു. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് ഉള്‍പ്പെടെ 22 വിളകള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. കര്‍ഷകരുടെ വരുമാനം 2022ല്‍ ഇരട്ടിയാക്കുമെന്ന ലക്ഷ്യം മുന്നി്ര#ത്തി ഈ ബജറ്റ് തീര്‍ച്ചയായും കര്‍ഷകരുടെ വാങ്ങല്‍ശേഷിയും വരുമാനപരിധിയും ഉയര്‍ത്തുമെന്ന് നിര്‍മ്മല സീതാരാമന് നിസ്സംശയം പറയുന്നു.
വളം സബ്സിഡി
2020-21ല്‍ വളം സബ്സിഡിയ്ക്കായി നല്‍കിയത് 71,309 കോടിയാണ്. ഇക്കുറി അത് 79,530 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. യൂറിയക്ക് താങ്ങുവില നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വളം സബ്സിഡിയ്ക്കുള്ള തുക ഉയര്‍ത്തിയത്.
ധനമന്ത്രിയുടെ ഈ നടപടികളില്‍ നിന്നും മനസ്സിലാവുന്നത് കാര്‍ഷികവിളകള്‍ക്കും വളത്തിനും താങ്ങുവില നിലനിര്‍ത്തുക എന്നത് ഈ സര്‍ക്കാരിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണെന്നാണ്. അടിയുറച്ച നീക്കിയിരിപ്പുകളിലൂടെ കര്‍ഷകരുടെ ഉല്പന്നങ്ങള്ക്ക് കൂടുതല്‍ വില നല്കിക്കൊടുക്കാനും ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തെളിയിച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്കും കാര്ഷികവിപണിയ്ക്കും ഉണര്‍വ്വേകുന്ന ഈ ബജറ്റിന് ശേഷവും എന്തിനാണ് കര്‍ഷകര്‍ സമരം തുടരുന്നതെന്ന ചോദ്യമാണ് വിദഗ്ധര്‍ ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: