ന്യൂദല്‍ഹി: കര്‍ഷകസമരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ട്വീറ്റ് ചെയ്ത പ്രശസ്ത ഗായിക റിഹാനയെ ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം പ്രഗ്യാന്‍ ഓജ.
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടുന്നതെന്തിന് എന്നതായിരുന്നു പ്രഗ്യാന്‍ ഓജയുടെ ചോദ്യം. ‘ഞങ്ങളുടെ രാജ്യം കര്‍ഷകരെക്കുറിച്ച് അഭിമാനം കൊള്ളുന്ന രാജ്യമാണ്. അവര്‍ എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങള്‍ക്കാറിയാം,’ പ്രഗ്യാന്‍ ഓജ പറയുന്നു.
‘കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉടനെ പരിഹരിക്കും. ഞങ്ങളുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട കാര്യമില്ല,’ പ്രഗ്യാന്‍ ഓജ പറഞ്ഞു. ഗായിക റിഹാന കര്ഷകസമരപ്പന്തലില് ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നില്ലെന്ന വാര്‍ത്ത ഷെയര്‍ ചെയ്ത ‘നമ്മള് ഈ പ്രശ്നത്തില്‍ പ്രതികരിക്കാത്തതെന്ത്?’ എന്ന ചോദ്യമുയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് റിഹാനെയ്ക്കെതിരെ കേന്ദ്ര വിദേശ കാര്യമന്ത്രാലയം സുദീര്‍ഘമായ പത്രക്കുറിപ്പുമായി രംഗത്തെത്തിയിരുന്നു. താരങ്ങള്‍ കര്‍ഷകപ്രശ്നത്തില്‍ ഇടപെടും മുമ്പ് കാര്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കണമെന്നായിരുന്നു വിദേശകാര്യമന്ത്രാലയം പങ്കുവെച്ച പത്രക്കുറിപ്പില്‍ പറയുന്നത്.
വിദേശകാര്യമന്ത്രാലയത്തെ പിന്തുണച്ചുകൊണ്ട് ബോളിവുഡ് താരങ്ങളായ അക്ഷയ്കുമാര്‍, അജയ് ദേവ്ഗണ്, സുനില്‍ ഷെട്ടി, കരണ്‍ ജോഹര്‍ എന്നിവരും രംഗത്ത് വന്നിരുന്നു. നടി കങ്കണ റാവുത്ത് റിഹാനെയെ വിഡ്ഡി എന്ന് വിളിച്ചുകൊണ്ട് ഒരു ട്വീറ്റും ഷെയര്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: