ന്യൂദല്‍ഹി: കര്‍ഷകസമരത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് അക്ഷയ്കുമാറും അജയ് ദേവ്ഗണും കരണ്‍ ജോഹറും. തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്നും കര്‍ഷകസമരത്തെ പിന്തുണയ്ക്കാനെത്തിയ റിഹാനയെ താരങ്ങള്‍ ഉപദേശിച്ചു.
‘ഇന്ത്യയെയും ഇന്ത്യന്‍ നയങ്ങളെയും കുറിച്ച് നടക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ വീഴരുത്. ആഭ്യന്തരകലഹത്തിന്റേതായ ഈ മണിക്കൂറില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് പ്രധാനമാണ്,’ അജയ് ദേവ്ഗണ് ട്വിറ്ററില്‍ കുറിച്ചു.
തെറ്റിദ്ധാരണകള്‍ തീര്‍ക്കാന്‍ കര്‍ഷകസമരത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം നടത്തിയ ട്വീറ്റ് പങ്കുവെച്ചാണ് അക്ഷയ്കുമാര്‍ പ്രതികരിച്ചത്. ‘ കര്‍ഷകര്‍ നമ്മുടെ രാജ്യത്തിന്റെ സുപ്രധാനമായ ഭാഗമാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ സുവ്യക്തമാണ്. വിഭാഗീയതകള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ചെവികൊടുക്കാതെ നമുക്ക് രമ്യമായ തീരുമാനത്തെ പിന്തുണയ്ക്കാം,’ അക്ഷയ്കുമാര്‍ ട്വീറ്റില്‍ പറയുന്നു.
താരങ്ങള്‍ കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കാതെ കര്‍ഷകപ്രശ്നങ്ങളില്‍ പ്രതികരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബോളിവുഡ് താരങ്ങള്‍.
‘ഈ സമരത്തെക്കുറിച്ച് എന്തെങ്കിലും പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് വസ്തുതകള്‍ വിലയിരുത്താനാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അതിവൈകാരികത നിറഞ്ഞ സോഷ്യല്‍ മീഡിയ ഹാഷ് ടാഗുകളുടെയും കമന്റുകളുടെയും പ്രലോഭനം, പ്രത്യേകിച്ചും താരങ്ങളുടെയും മറ്റും, ഒരിക്കലും കൃത്യതയോ ഉത്തരവാദിത്വമോ ഇല്ലാത്തവയാണ്, ‘ വിദേശകാര്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
കര്‍ഷകര്‍ സമരം ചെയ്യുന്ന സ്ഥലത്തേക്ക് ഇന്റര്‍നെറ്റ് നല്‍കുന്നില്ലെന്ന സിഎന്എന്നില് വന്ന വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് പ്രമുഖഗായിക റിഹാന ട്വിറ്ററില്‍ പ്രതികരിച്ചതിങ്ങിനെ: ‘എന്തുകൊണ്ടാണ് നമ്മള് ഇതേക്കുറിച്ച് സംസാരിക്കാത്തത്? ‘
ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. ‘കുഴപ്പങ്ങള്‍ നിറഞ്ഞ സമയത്താണ് നമ്മള് ജീവിക്കുന്നത്. ക്ഷമയും വിവേകവുമാണ് ഇപ്പോള്‍ ആവശ്യം. എല്ലാവര്ക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്താന്‍ നമുക്ക് എല്ലാ പരിശ്രമങ്ങളും നടത്താം. ഇന്ത്യയുടെ നട്ടെല്ലാണ് കര്‍ഷകര്‍. നമ്മളെ വിഭജിക്കാന്‍ ആരെയും അനുവദിക്കാതിരിക്കാം,’ കരണ്‍ ജോഹര്‍ പ്രതികരിക്കുന്നു.
സുനില്‍ ഷെട്ടിയും സര്‍ക്കാരിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ‘അര്‍ധസത്യം അപകടകരമാണെന്നതിനാല്‍ നമ്മള് കാര്യങ്ങളില്‍ സമഗ്രമായ കാഴ്ചപ്പാട് സ്വീകരിക്കണം,’ സുനില്‍ഷെട്ടി പറയുന്നു.
റിഹാനയ്ക്ക് 10കോടി പേരാണ് ട്വിറ്ററില്‍ പിന്തുടരുന്നവരായി ഉള്ളത്. ഇത്തരം ട്വീറ്റുകള്‍ കര്‍ഷകസമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുമെന്ന ബോധ്യമുള്ളതിനാലാണ് സര്‍ക്കാര്‍ മണിക്കൂറുകള്‍ക്കം തന്നെ ഇതിനോട് വിശദമായി പ്രതികരിച്ചത്. റിഹാനയ്ക്ക് പിന്നാലെ പരിസ്ഥിതി വാദിയായ ഗ്രെറ്റ തെന്‍ബര്‍ഗും മറ്റ് ചില പ്രശസ്തരും കര്‍ഷകസമരത്തിന് അനുകൂലമായി പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: