തിരുവനന്തപുരം: ശംഖുമുഖം കടല്‍ത്തീരത്ത് പൈതൃകസമ്പത്തുക്കളേയും സര്‍ഗ്ഗ സൃഷ്ടികളേയും ചരിത്ര ശേഷിപ്പുകളേയും വികലമാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്നും ബിജെപി മുതിര്‍ന്ന നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. കടല്‍ത്തീരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
ഒരു നാടിന്റെ ആത്മാഭിമാനവും സാംസ്‌കാരിക മേന്മയും വിളിച്ചോതുന്ന സൃഷ്ടികളും ശേഷിപ്പുകളും സംരക്ഷിക്കുകയും പവിത്രമായി കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതിനുപകരം അവയുടെ മേന്മയും പ്രഭാവവും നശിപ്പിക്കുന്ന നീക്കങ്ങള്‍ ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കുക.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആറാട്ട് മഹോത്സവത്തിനുവേണ്ടി മനോഹരമായി പണിതീര്‍ത്തിട്ടുള്ള കല്‍മണ്ഡപം ചിരപുരാതനവും പൈതൃക സമ്പത്തുമാണ്. ഗതകാല സ്മരണകളുടെ ശേഷിപ്പായി ഇന്ന് നിലകൊള്ളുന്ന മണ്ഡപത്തിന് ചരിത്രപരവും വിശ്വാസപരവുമായ പ്രാധാന്യമുണ്ട്.
സമീപത്തായി നിലകൊള്ളുന്ന തിരുവിതാംകൂര്‍ രാജ കൊട്ടാരം വക കെട്ടിടവും ചരിത്ര പ്രാധാന്യമുള്ള സങ്കേതമാണ് . ‘രാജശിപ്പി ‘ എന്ന പേരില്‍ വിഖ്യാതനായ കലാകാരന്‍ കാനായി കുഞ്ഞിരാമന്റെ സര്‍ഗ്ഗവൈഭവം വിളിച്ചോതുന്ന സാഗര കന്യകയും അടുത്തുണ്ട് . ഇതെല്ലം ശംഖുമുഖത്തിന്റെ ശ്രീ മുഖങ്ങളാണ്. അവയുടെ ഭംഗിയും പകിട്ടും നശിപ്പിക്കുന്ന വിധത്തിലാണ് ടൂറിസം വകുപ്പ് നിര്‍മ്മാണ ജോലികള്‍ നടത്തുന്നത് .കോണ്‍ക്രീറ്റല്ല , പ്രകൃതിസൗഹൃദവും പൈതൃകസ്പര്‍ശിയുമായ സംരക്ഷണ സംവിധാനങ്ങളാണ് അവിടെ ആവശ്യം. ശംഖുമുഖത്ത് ഒട്ടേറെ പഴയ കെട്ടിടങ്ങള്‍ നാശോന്മുഖമായി.
പൈതൃക സമ്പത്തും സര്‍ഗ്ഗ സൃഷ്ടിയും കൊണ്ട് ധന്യമായ ശംഘുമുഖം ഒരു വാണിജ്യ കേന്ദ്രമാക്കാനുള്ള സര്‍ക്കാര്‍ നീക്കം അപലനീയമാണ്. തീരദേശ പരിപാലന നിയമം, പൈതൃക സംരക്ഷണ നിയമം,
പ്രകൃതി സംരക്ഷണ നിയമം തുടങ്ങിയവ ലംഘിചുകൊണ്ടുള്ള അനധികൃത നിര്‍മ്മാണ ജോലികള്‍ ഉടനെ നിര്‍ത്തിവെക്കണം എന്ന് സര്‍ക്കാരിനോട്,അഭ്യര്‍ത്ഥിക്കുന്നെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: