തൊടുപുഴ: ദക്ഷിണേന്ത്യയിലെ ഏക വനവാസി രാജാവായ കോവില്‍മല രാമന് രാജമന്നാന്റെ കൊട്ടാരം നില്ക്കേണ്ടിടത്ത് ഇപ്പോള്‍ വാഴത്തോട്ടം! സര്‍ക്കാര്‍ കൊട്ടാരം നിര്‍മിച്ചു നല്‍കുമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ ഭൂമിയിലാണ് ഏത്തവാഴക്കൃഷി. രാജകൊട്ടാരം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 20 ലക്ഷം രൂപയുടെ കരാറാണ് 2016 ഫെബ്രുവരിയില്‍ റോഷി അഗസ്റ്റിന് എംഎല്‍എ കോവില്‍മലയിലെത്തി രാജാവിന് കൈമാറിയത്. ഒരു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കൊല്ലം അഞ്ചായിട്ടും ഒരു ഇഷ്ടികപോലും കോവില്‍മലയിലെത്തിച്ചില്ല. മാത്രമല്ല രാജാവ് നേരില്‍ക്കണ്ട് അപേക്ഷിച്ചിട്ടും എംഎല്‍എയോ അധികൃതരോ തിരിഞ്ഞു നോക്കിയതുമില്ല.
രാജകൊട്ടാരമെന്ന സ്വപ്നം ആദ്യമായി സര്‍ക്കാരിന് മുന്നില്‍ വച്ചപ്പോള്‍ സ്വന്തമായി സ്ഥലമില്ലെന്നതായിരുന്നു തടസം. സ്ഥലം വാങ്ങിയാല്‍ കൊട്ടാരം സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുമെന്ന ഉറപ്പായിരുന്നു അധികൃതര്‍ രാജാവിന് മുന്നില്‍വച്ചത്. സ്വന്തമായി സ്ഥലം വാങ്ങാനുള്ള പണമില്ലാതിരുന്ന രാജാവിന്റെ അവസ്ഥ കണ്ട് ആര്‍എസ്എസ് പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കോവില്‍മല മുത്തിയമ്മന്‍ ക്ഷേത്രത്തോട് ചേര്‍ന്ന് 20 സെന്റ് സ്ഥലം വാങ്ങി നല്കി. വസ്തുക്കൈമാറ്റ ചടങ്ങില്‍ ആര്‍എസ്എസ് നേതാക്കളും എംഎല്‍എയുമടക്കം പങ്കെടുത്തിരുന്നു. വിദേശികളടക്കം സന്ദര്‍ശിക്കുന്ന കോവില്‍മലയില്‍ കൊട്ടാരത്തോടനുബന്ധിച്ച് ഡോര്‍മിറ്ററി പണികഴിപ്പിക്കുമെന്നും അന്ന് റോഷി അഗസ്റ്റിന് എംഎല്‍എ ഉറപ്പുനല്‍കി.
പിന്നീട് എംഎല്‍എയുടെ ഭാഗത്തു നിന്ന് അനുകൂലമായ സമീപനമായിരുന്നില്ലെന്ന് രാമന് രാജമന്നാന് പറയുന്നു. നിരവധി തവണ എംഎല്‍എയും ഉദ്യോഗസ്ഥരെയും കണ്ടിട്ടും ഫലമുണ്ടായില്ല. ആര്‍എസ്എസ് നല്കിയ സ്ഥലം സ്വീകരിച്ചതോടെയാണ് എംഎല്‍എ കൊട്ടാരത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. പ്രഖ്യാപനങ്ങളില്‍ ഒന്നായി കൊട്ടാരം അവശേഷിക്കുമ്പോള്‍ പട്ടിണി മാറ്റാന്‍ വാഴകൃഷിയല്ലാതെ രാജാവിന് മറ്റ് വഴികളുണ്ടായിരുന്നില്ല. താമസിക്കുന്ന ചെറിയ വീടിന് പരിസരത്തും കൊട്ടാരത്തിനായി വാങ്ങിയ സ്ഥലത്തും ഇപ്പോള്‍ ഏത്തവാഴകള്‍ കുലയ്ക്കാറായി.
കടുത്ത അവഗണനയാണ് അഞ്ച് വര്‍ഷമായി സര്‍ക്കാരില്‍ നിന്ന് നേരിടുന്നതെന്ന് രാമന് രാജമന്നാന് ജന്മഭൂമിയോട് പറഞ്ഞു. സൗജന്യ കിറ്റ് വാങ്ങിയാണ് ലോക്ഡൗണ്‍ തള്ളിനീക്കിയത്. കൊറോണക്കാലത്തിന് മുമ്പേ പ്രതിസന്ധിയിലായ ജീവിതം മുന്നോട്ടു നയിക്കാന്‍ സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കണമെന്ന് അപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും കണ്ടിരുന്നു. ഒന്നുമുണ്ടായില്ല.
ഒരു ജോലിയെങ്കിലും തരൂ: രാമന് രാജമന്നാന്
സര്‍ക്കാരിന്റയും എംഎല്‍എയുടേയും ഭാഗത്തുനിന്നും കടുത്ത അവഗണനയാണ്. കൊട്ടാരത്തില്‍ കഴിയണമെന്ന അത്യാഗ്രഹമില്ല, എന്തുകൊണ്ട് നല്കാന് കഴിയുന്നില്ലെന്ന് അധികാരികള്‍ വ്യക്തമാക്കുന്നില്ല. ഗ്രാന്റ് നല്കാന് കഴിയില്ലെങ്കില്‍ എനിക്ക് ഒരു ജോലി നല്‍കാനുള്ള മനസ്സെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.
ഉടന്‍ നിര്‍മ്മാണം തുടങ്ങും: റോഷി അഗസ്റ്റിന് എംഎല്‍എ
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് അസാധാരണ നീക്കത്തിലൂടെയാണ് ബജറ്റില്‍ കൊട്ടാരത്തിനായി പണം വകയിരുത്തിയത്. ചില സാങ്കേതിക കാരണങ്ങളാണ് പദ്ധതി വൈകാന്‍ കാരണം. മന്ത്രി എ.കെ. ബാലനുമായി സംസാരിച്ച് എത്രയും വേഗം നിര്‍മ്മാണം തുടങ്ങാന്‍ ശ്രമിക്കും. മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: