ന്യൂദല്‍ഹി: കൃഷിനിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണപരമായ മാറ്റങ്ങങ്ങളുണ്ടാക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. നിയമങ്ങള്‍ കര്‍ഷകര്‍ക്ക് നേട്ടമാകുമെന്ന് കേന്ദ്ര കൃഷിസഹമന്ത്രി കൈലാഷ് ചൗധരി പറഞ്ഞു. പാര്‍ലമെന്റില്‍ പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നു. ഈ പരിഷ്കാരങ്ങള്‍ അവരുടെ ഭരണകാലത്ത് നടപ്പാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നും മന്ത്രി വിമര്‍ശിച്ചു.
നിയമങ്ങള്‍ നടപ്പാക്കിയാല്‍ സമീപഭാവിയില്‍ കര്‍ഷകര്‍ക്ക് ഭൂമി നഷ്ടമാകുമെന്ന് തെറ്റായ പ്രചാരണം നടത്തുകയാണ്. ഇത് കള്ളമാണ്. ‘ഭൂമി’ എന്ന വാക്ക് ഉപയോഗിക്കുന്ന വ്യവസ്ഥ നിയമത്തിലില്ല. കാര്‍ഷിക ഉത്പന്നവുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് മാത്രമാണ് നിയമത്തിലുള്ളതെന്നും കൈലാഷ് ചൗധരി ചൂണ്ടിക്കാട്ടി.
ഒരിഞ്ച് ഭൂമി നഷ്ടമായാലോ, അങ്ങനെയൊരു വ്യവസ്ഥ നിയമത്തിലോ ഉണ്ടെങ്കില്‍ മന്ത്രിസ്ഥാനം വിട്ടിറങ്ങുമെന്നും എന്നെന്നേക്കുമായി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ താന്‍ ഒരുക്കമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതിനിടെ, നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒക്ടോബര്‍വരെ സമയം നല്‍കിയിരിക്കുകയാണെന്ന പ്രസ്താവനയുമായി ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത് രംഗത്തെത്തി. ഇതിനുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ റാലി നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: