കൊച്ചി : വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ വെച്ച് പ്രതികള്‍ നല്കിയ മൊഴികള്‍ മാത്രമാണ് തനിക്കെതിരെയുള്ളതെന്നായിരുന്നു ശിവശങ്കറിന്റെ വാദം.
ഡോളര്‍ കടത്തുമായി തനിക്ക് യാതൊരു പങ്കില്ലെന്നും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ആയിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. നിലവില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന ശിവശങ്കര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയേക്കും. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരില്‍ പ്രമുഖനായ ശിവശങ്കര്‍ അറസ്റ്റിലായി 98 ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്. രണ്ട് ലക്ഷം രൂപയും തുല്യ ആള്‍ജാമ്യവും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും കോടതി ഉപാധികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ശിവശങ്കറിന് ജയിലില്‍ നിന്നും പുറത്തിറങ്ങാം.
അതേസമയം കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന എന്‍ഫോഴ്സ്മെന്റ് കേസിലും ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഡോളര്‍ കടത്ത് കേസിലും ജാമ്യം ലഭിച്ചാല്‍ ശിവശങ്കറിന് ഉടന്‍ തന്നെ ജയില്‍ മോചിതനാകാന്‍ സാധിക്കും.
വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കര്‍ റിമാന്‍ഡിലാണ്. ഈ മാസം 9 വരെയാണ് റിമാന്‍ഡ് കാലാവധി. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: