ആലപ്പുഴ: സാന്ത്വന സ്പര്‍ശം പദ്ധതിയിലേക്ക് അപേക്ഷയുമായി എട്ടു വര്‍ഷത്തിലേറെയായി അടഞ്ഞു കിടക്കുന്ന എക്സല്‍ ഗ്ലാസ്സസിലെ തൊഴിലാളികളും എത്തി. ജില്ലയിലെ മൂന്നു മന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയില്‍ കമ്പനി നില്ക്കുന്ന പ്രദേശത്തെ എംഎല്‍എയായ മന്ത്രിതോമസ് ഐസക് വേദിയില്‍ ഉണ്ടായിരുന്നിട്ടും എക്സലിലെ നിവേദക സംഘം മന്ത്രി ജി.സുധാകരനോടാണ് തങ്ങളുടെ പ്രയാസ ജീവിതം വിവരിച്ചത്. ആലപ്പുഴ എംഎല്‍എ ആയ തോമസ് ഐസക് കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി അധികാരമേറ്റാല്‍ അടുത്ത മാസം തന്നെ എക്സല്‍ ഗ്ലാസ്സിന്റെ പുനര്‍ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള തീരുമാനം എടുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
കേരളത്തിലെ ഏക ഗ്ലാസ്സ് വ്യവസായശാലയായ എക്സല്‍ ഗ്ലാസ്സസ് ഇപ്പോള്‍ ലിക്വുഡേഷന്‍ നടപടിയിലാണ്. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍, കെഎസ്ഇബി, വിവിധങ്ങളായ നികുതികള്‍, തൊഴിലാളികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ എന്നിയിനങ്ങളില്‍ 70 കോടിയില്‍ അധികം രൂപ സൊമാനിയാ ഗ്രൂപ്പിന് ഇപ്പോള്‍ ബാധ്യതയായിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ സ്ഥാപനത്തിന്റെ വിലയായി 99.25 കോടി രൂപയ്ക്കാണ് എക്സല്‍ ഗ്ലാസ്സ് ലിക്വുഡേറ്റര്‍ ലേലത്തുകയായി വച്ചിട്ടുള്ളത്. അഞ്ചു തവണ മാറ്റി വച്ച ലേലം കൈക്കൊള്ളാല് ആരും എത്തുന്നില്ല എന്നാണ് ലിക്വുഡേറ്റര്‍ അറിയിക്കുന്നത്.
വന്‍ വ്യവസായ സാദ്ധ്യതയുള്ള സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് തൊഴിലാളികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: